UPDATES

വിദേശം

‘അഡ്രിയാൻ ദാരിയ’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഇറാന്‍ കപ്പല്‍ ജിബ്രാള്‍ട്ടര്‍ വിട്ടു, അമേരിക്കന്‍ ആവശ്യം കോടതി തള്ളി

കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു

സിറിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ബ്രിട്ടിഷ് സൈന്യം ജിബ്രാൾട്ടറിൽ വെച്ച് പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ തുറമുഖം വിട്ടു. കപ്പല്‍ മെഡിറ്ററേനിയനിലേക്ക് നീങ്ങുന്നതായാണ് വിവരം. എന്നാൽ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമല്ല. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ‘ഗ്രേസ് 1 എന്നത് ‘അഡ്രിയാൻ ദാരിയ’ എന്നാക്കി മാറ്റി. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ജിബ്രാൾട്ടർ കപ്പൽ മോചിപ്പിക്കാനുള്ള തീരുമാനമെടുത്തതിനു ശേഷം അവസാന നിമിഷവും അപേക്ഷയുമായി യുഎസ് എത്തിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല.

യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു വ്യക്തമാക്കിയാണ് കപ്പൽ വിട്ടു നൽകാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടത്. തുടർന്ന് കപ്പൽ പിടിച്ചെടുക്കാൻ വാഷിങ്ടനിലെ യുഎസ് ഫെഡറല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനായിരുന്നു നിർദ്ദേശം.

2.1 മില്യൻ ബാരല്‍ എണ്ണയുമായി പോയിരുന്ന ഗ്രേസ് 1 കപ്പൽ ജൂലൈ നാലിനാണ് ജിബ്രാൾട്ടർ തീരത്തുവെച്ച്‌ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയി എന്നായിരുന്നു ആരോപണം. കപ്പലിന്റെ രജിസ്ട്രേഷൻ പനാമായിൽ നിന്നും ഇറാനിലേക്കു മാറ്റാമെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനം യൂറോപ്യൻ യൂണിയൻ വിലക്കു ബാധകമാകാത്ത രാജ്യത്തേക്ക് ആക്കാമെന്നും ഇറാൻ ഉറപ്പു നൽകിയതിനെത്തുടർന്നാണ് ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടയച്ചത്. എന്നാൽ ഒരു തരത്തിലുള്ള ഉറപ്പും നൽകിയിട്ടില്ലെന്നാണ് ഇറാൻ പിന്നീട് പറഞ്ഞത്.

മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പൽ കസ്റ്റഡിയിൽ വേണമെന്ന് യുഎസ് ആവശ്യപ്പെടുന്നത്. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണ് കണക്കാക്കുന്നത്. ആ വാദം യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്നുമില്ല.

ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്ന യുഎസ് ഉപരോധം യൂറോപ്യൻ യൂണിയന് നടപ്പിലാക്കാൻ കഴിയില്ലെന്നും കോടതി വിധി വ്യക്തമാക്കിയിരുന്നു. ‘യുഎസിലെയും യൂറോപ്യൻ യൂണിയനിലെയും നിലപാടുകളും നിയമവ്യവസ്ഥകളും വ്യത്യസ്തമാണ്’ എന്നാണ് കോടതി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍