UPDATES

വിദേശം

ഇറാനില്‍ യുവത്വം തെരുവിലാണ്; ഇസ്ലാമിസ്റ്റ് പൌരോഹിത്യത്തിന് അവരെ ഹൈജാക്ക് ചെയ്യാനാവില്ല

സമരത്തിന്റെ പേരിൽ അറസ്റ്റിലായവരിൽ 90 ശതമാനവും 25 വയസ്സിൽ താഴെയുള്ളവരാണെന്നാണ് ആഭ്യന്തര സഹമന്ത്രി ഹുസൈൻ സുൾഫഹാരി പറഞ്ഞത്

പ്രമുഖ ചിന്തകനായ ഹമീദ് ദബാശി ശിയാഇസത്തെ പറ്റി എഴുതിയ പുസ്തകമാണ് Shiism: A religion of protest. അടിച്ചമർത്തലിനും ആധിപത്യത്തിനുമെതിരായി പോരാടാനുള്ള മനസ്സ് അതിന്റെ ഉൽഭവം തൊട്ട് ശിയാ സമുദായത്തിൽ രൂഡമൂലമാണെന്ന് ദബാശി പുസ്തകത്തിലൂടെ സമർത്ഥിക്കുന്നു. അതേ സമയം ഒരിക്കൽ അധികാരത്തിലേറിയാൽ പിന്നെ വളരെ പെട്ടെന്നാണ് പഴയ പോരാട്ട വീര്യം തള്ളിക്കളഞ്ഞ് പൌരോഹിത്യം വാരിപ്പുണരുന്നത്. ശിയാഇസത്തിന്റെ ഈറ്റില്ലമായ ഇറാന്റെ ചരിത്രത്തിലുടനീളം ഈ രണ്ട് ധാരകളും അതിന്റെ ഗതി നിർണയിച്ചതായി കാണാം. ഏറ്റവും അവസാനമായി 1979 ലെ ഇസ്ലാമിക വിപ്ലവം അതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു. വൈദേശിക ഇടപെടലിനും ഷാമാരുടെ ക്രൂരമായ അടിച്ചമർത്തലിനുമെതിരെ വ്യത്യസ്ത രാഷ്ട്രീയ മുദ്രാവാക്യങ്ങളേറ്റു പിടിച്ചവർ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളും പ്രതിഷേധങ്ങളുമാണ് ഇസ്ലാമിക വിപ്ലവത്തിലേക്കെത്തിച്ചത്. പക്ഷേ നിർണായകമായ അവസാന ഘട്ടങ്ങളിൽ ഇതിനെ ഹൈജാക്ക് ചെയ്യാനും അധിപത്യം നേടാനും ഇസ്ലാമിസ്റ്റുകൾക്കായി.

അധികാരത്തിലേറിയതോടെ കറ കളഞ്ഞ പൌരോഹിത്യത്തിന് അവർ വഴി മാറി. പിന്നീട് ഇറാൻ-ഇറാഖ് യുദ്ധം, റുഷ്ദി പ്രശ്നം, അമേരിക്കൻ ഉപരോധം തുടങ്ങിയ ചില സംഭവ വികാസങ്ങളിലെ തന്ത്രപരമായ ഇടപെടലുകൾ പൌരോഹിത്യത്തിന്റെ അധികാര ശേഷി ഭീകരമായി വർദ്ധിപ്പിച്ചു. പാർലിമെന്റിനും ജനാധിപത്യ സംവിധാനങ്ങൾക്കും മേലുള്ള സൂപ്പർ പവറായി “പരമോന്നത നേതാവ്” മാറി. ഖുമൈനിക്ക് ശേഷം ഖാംനഇ വന്നപ്പോൾ കരിസ്മക്ക് ഇളക്കം തട്ടിയെങ്കിലും അധികാര ശേഷി അതേ പടി തുടർന്നു. ഈ പൌരോഹിത്യ താൽപര്യങ്ങളുടെ സംരക്ഷണത്തിനായി ‘ഗാർഡിയൻ കൗൺസിലും’ ‘ഇസ്ലാമിക് റവലൂഷ്യനറി ഗാർഡ് സേന’യും (IRGC) സ്ഥാപിതമായി. ഗാർഡിയൻ കൗൺസിൽ പാർലിമെന്റിനും ജുഡീഷ്യറിക്കുമുള്ള മൂക്കു കയറായി മാറിയെങ്കിൽ റവലൂഷനറി ഗാർഡ് വിപ്ലവം “സംരക്ഷിക്കാനും” ആവശ്യമാവുമ്പോൾ കയറ്റുമതി ചെയ്യാനുമുള്ള പട്ടാളമായിരുന്നു. എല്ലാം ആത്മീയ നേതാവിന്റെ സമ്പൂർണ നിയന്ത്രണത്തിൽ. റവലൂഷ്യനറി ഗാർഡ് സേന എന്ന പേര് തന്നെ തെറ്റിദ്ധാരണാജനകമാണ്. വെറും സൈന്യം മാത്രമല്ല, നൂറിലധികം കമ്പനികളുമായി ബിസിനസ് ബന്ധമുള്ള വലിയൊരു കോർപറേറ്റ് ഭീമൻ കൂടിയാണ് IRGC. വാർഷിക വരുമാനം 12 ബില്യൺ ഡോളറിലധികം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ എഞ്ചിനീയറിംഗ് വിഭാഗമായ “ഖാതം അൽ-അൻബിയ” ആയിരിക്കും യുദ്ധാനന്തരമുള്ള സിറിയയിലെ പുനർ നിർമാണ പ്രവർത്തനത്തിലെ മുഖ്യ പങ്കാളിയെന്ന് വാർത്തകളുണ്ട്. ഇതിൽ ഒന്നിന്റെയും ബജറ്റുകളോ മറ്റ് തീരുമാനങ്ങളോ പാർലിമെന്റിന്റെ പരിധിയിൽ പെടുന്നേയില്ല. ഫലത്തിൽ നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ പൂർണമായും മറികടക്കുന്ന ബദൽ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സംവിധാനമാണ് ആത്മീയ നേതാവും പരമോന്നത നേതാവും ആയി വിശേഷിപ്പിക്കപ്പെടുന്ന അലി ഖാംനഇയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഇവരുടെ അങ്ങേയറ്റം പിന്തിരിപ്പനും സങ്കുചിതവുമായ മത, വംശീയ താൽപര്യങ്ങൾ രാജ്യത്തിനകത്തും പുറത്തും അടിച്ചേൽപ്പിക്കാനാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്.

പുളിച്ചു നാറിയ ഈ പൌരോഹിത്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇറാനിൽ ഇടക്കിടെ അരങ്ങേറുന്ന പ്രതിഷേധ സമരങ്ങളുടെ അടിസ്ഥാന കാരണം. ഇതിനെ വ്യത്യസ്ത രീതിയിൽ ചോദ്യം ചെയ്യുന്നവരിൽ ബുദ്ധിജീവികളും എഴുത്തുകാരും തൊഴിലാളികളും ആണും പെണ്ണുമെല്ലാമുണ്ട്. അതിൽ ശിയാ മത പണ്ഡിതരിലെ വലിയൊരു വിഭാഗവുമുണ്ട്. ഇതിന്റെ രാഷ്ട്രീയ ഫലമായിരുന്നു 1997 ലെ തിരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന പരിഷ്കരണ വാദിയായ മുഹമ്മദ് ഖാതിമിയുടെ വിജയത്തിൽ കലാശിച്ചത്. ഖാതമി 2001 ൽ വീണ്ടും വിജയിച്ചു. പക്ഷേ അപകടം മണത്ത പൌരോഹിത്യ നേതൃത്വം അട്ടിമറി ശ്രമങ്ങൾ കൂടുതൽ സജീവമാക്കി. നിരന്തരം പ്രശ്നങ്ങളുണ്ടാക്കി ഭരിക്കാനനുവദിക്കാതിരിക്കുക എന്നതായിരുന്നു ലൈൻ. പരിഷ്ക്കണ ശ്രമങ്ങൾ കടുത്ത പ്രതിസന്ധിയിലായപ്പോൾ സ്വാഭാവികമായും അതിന് ശ്രമിച്ചിരുന്നവർ നിരാശയിലായി. അവർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഖാതമി ജയിച്ച 1997 ൽ 80 % പോളിംഗ് ഉണ്ടായപ്പോൾ 2005 ൽ 64 % ജനങ്ങൾ മാത്രം വോട്ട് ചെയ്തു. പൌരോഹിത്യ നേത്യത്വത്തിന് സ്വീകാര്യനായ അഹ്മദി നജാദ് പ്രസിഡന്റാവുകയും ചെയ്തു. 2009 ൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ട തിരഞ്ഞെടുപ്പിൽ നജാദ് വീണ്ടും പ്രസിഡന്റായി. പക്ഷേ പ്രതിഷേധവും പ്രക്ഷോഭങ്ങളും ശക്തമായിരുന്നു. കരുത്തുറ്റ ബൗദ്ധിക നേതൃത്വത്തിന്റെ പിൻബലമുണ്ടായിരുന്ന സമരങ്ങൾ രാജ്യത്തിനകത്തും പുറത്തും കനത്ത സ്വാധീനം ചെലുത്തി. 2011 ലെ അറബ് വസന്തത്തിന്റെ ആദ്യ രൂപം ഇതായിരുന്നുവെന്ന് വിലയിരുത്തിയവരും കുറവല്ല. പിന്നീട് 2013 ൽ മിതവാദിയായി അറിയപ്പെടുന്ന ഹസൻ റൂഹാനി പ്രസിഡന്റായി. റൂഹാനി പാശ്ചാത്യരുമായുള്ള ആണവ കരാർ വഴി തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നോക്കിയെങ്കിലും പാര ട്രംപിന്റെ രൂപത്തിൽ വന്നത് കൊണ്ട് പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ല, ചില്ലറ ചലനങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും.

ഖാംനഇയും കൂട്ടരും വിട്ടില്ല. സൗദി ചേരിക്ക് ബദലായ വിശാല ശിയാ ബെൽറ്റ് എന്നതാണ് ലക്ഷ്യം. സിറിയയിലും ലെബനാനിലും യമനിലുമൊക്കെയായി ആളും അർത്ഥവും തുലക്കുന്നുണ്ട്. സിറിയയിൽ മാത്രമായി 8 ബില്യൺ ഡോളറെങ്കിലും തുലച്ചിട്ടുണ്ടെന്നാണ് കണക്ക്! ഇതിൽ കൂടുതലും കടമായിട്ടാണെന്ന് പറയുന്നുണ്ടെങ്കിലും എന്തെങ്കിലും തിരിച്ചു കിട്ടുമോയെന്ന് കണ്ടറിയണം. സിറിയൻ സമ്പദ് വ്യവസ്ഥ പൂർണമായും തകർന്നടിഞ്ഞ് കിടക്കുകയാണ്. രാജ്യം തന്നെ അക്ഷരാർത്ഥത്തിൽ തവിട് പൊടിയായിട്ടുണ്ട്. 2017 ലെ ബജറ്റ് വെറും 5 ബില്യൺ ഡോളറാണ്. വിദേശ നാണ്യ കരുതൽ ശേഖരം യുദ്ധം തുടങ്ങി 5 വർഷം കൊണ്ട് 21 ബില്യണിൽ നിന്ന് വെറും 1 ബില്യൺ ആയി കൂപ്പു കുത്തി. പുനർ നിർമാണ ചെലവിന് 100 ബില്യൺ ഡോളറെങ്കിലും ആവശ്യമാണെന്നാണ് ഏറ്റവും ചുരുങ്ങിയ കണക്ക്. അസദും ഇറാനും ഉള്ളിടത്തോളം കാലം സൗദിയോ പാശ്ചാത്യരോ ചില്ലി കാശ് കൊടുക്കുകയുമില്ല. ഫലത്തിൽ സിറിയൻ ഇടപെടലിൽ സൗദിയെയും കൂട്ടരേയും തോൽപിച്ചെന്ന് ബഡായി അടിക്കാമെന്നല്ലാതെ മെച്ചമൊന്നുമില്ല. പോയ പണം പോയത് തന്നെ. ബാക്കിയുള്ളിടങ്ങളിലും കത്തിയിട്ടുണ്ടാവും നല്ല കാശ്. ഇതിന്റെ ഞെരുക്കം നാട്ടിൽ നല്ല പോലെ അറിയാനുണ്ട്. വിലയും തൊഴിലില്ലായ്മയുമൊക്കെ മേലോട്ട് കുതിക്കുകയാണ്. റൂഹാനിയുടെ ചിലവ് ചുരുക്കലും സബ്സിഡി വെട്ടിക്കുറക്കലും കൂടിയായപ്പോൾ ജനങ്ങൾ ശരിക്കും വലയുന്നുണ്ട്. ഈ രോഷമാണ് ഇപ്പോൾ ജനങ്ങളെ തെരുവിലിറക്കിയത്.

ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് 2009 ലെ പ്രക്ഷോഭങ്ങളുമായി പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. തെഹ്റാനിലെ മധ്യവർഗ, ഉപരിവർഗ ആക്റ്റിവിസ്റ്റുകളും ബുദ്ധിജീവികളുമായിരുന്നു അന്നത്തെ സമരത്തിന് നേതൃത്വം നൽകിയതെങ്കിൽ ഇന്നങ്ങനെയൊരു നേതൃത്വം തന്നെയില്ല (അന്നത്തെ സമരത്തിലെ പ്രമുഖർ കൂടുതലും ജയിലിലോ വീട്ടു തടങ്കലിലോ ആണ് ). പകരം വിവിധ തരക്കാരായ ജനങ്ങൾ, അവരിൽ കൂടുതലും യുവ തലമുറ, നേരിട്ടിറങ്ങിയ സമരമാണ്. കൃത്യമായ നേതൃത്വമോ സൈദ്ധാന്തികാടിത്തറയോ ഒന്നും പ്രക്ഷോഭങ്ങൾക്കില്ല. തെഹ്റാനിൽ കേന്ദ്രീകൃതമല്ലെന്ന് മാത്രമല്ല വളരെയധികം വികേന്ദ്രീകൃതമാണ്. തുടക്കം തന്നെ മശ്ഹദിലായിരുന്നു. പെട്ടെന്ന് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. മുട്ടയുടേയും ഇറച്ചിയുടേയും വില വർദ്ധനയിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ ശക്തമായ ഭരണവിരുദ്ധ മുദ്രാവാക്യങ്ങളുയരുന്നുണ്ട്. റൂഹാനിയെയും ഖാംനഇയെയുമൊന്നും ഒഴിവാക്കുന്നില്ല.

സമരത്തിന്റെ പേരിൽ അറസ്റ്റിലായവരിൽ 90 ശതമാനവും 25 വയസ്സിൽ താഴെയുള്ളവരാണെന്നാണ് ആഭ്യന്തര സഹമന്ത്രി ഹുസൈൻ സുൾഫഹാരി പറഞ്ഞത്. അത് ശരിയായിരിക്കാം. പക്ഷേ ഇത് പോലുള്ള പ്രസ്താവനകൾ ബോധപൂർവ്വമാണ്. 25 വയസ്സിന് താഴെയുള്ളവരെന്ന് പറയുമ്പോൾ 79 ലെ ഇസ്ലാമിക വിപ്ലവം കണ്ടു വളരാത്ത തലമുറയെന്നാണ് പറയാതെ പറയുന്നത്. രാജ്യത്തെ എല്ലാ സമരങ്ങളും ഈ “വിപ്ലവ വീര്യം” നേരിട്ടനുഭവിക്കാത്ത തലമുറ വിദേശ ശക്തികളുടെ കെണിയിൽ വീണ് പോവുന്നത് കൊണ്ടാണെന്നതാണ് ഖാംനഇയുടെയും കൂട്ടരുടേയും പ്രചാരണം, എപ്പോഴും. പ്രതീക്ഷിച്ച പോലെ സൗദി- ഇസ്രായേൽ-അമേരിക്കയെ എല്ലാം കുറ്റപ്പെടുത്തുന്നുണ്ട് (അവിടെയൊക്കെ നടക്കുന്ന എല്ലാറ്റിനും ഇറാനെ കുറ്റപ്പെടുത്തുന്ന പോലെ തന്നെ!). രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ 60 ശതമാനവും പെൺകുട്ടികളാണെന്നാണ് കണക്ക്. ഇത്ര മുൻപന്തിയിൽ നിൽക്കുന്ന ഒരു വിഭാഗത്തെ രണ്ടാംകിടയായി കാണുന്ന ആശയധാരകളൊക്കെ തകരേണ്ട സമയം എന്നോ കഴിഞ്ഞു. ഇറാനികളാണെങ്കിൽ ചരിത്രത്തിലുടനീളം ലോകത്തിന് മാതൃകയായവരും ഉന്നത ബൌദ്ധിക ശേഷി ആർജിച്ചവരുമാണ്. 79 ലെ വിപ്ലവത്തിന്റെ തഴമ്പ് കാണിച്ച് ഇനിയുമെത്ര മുന്നോട്ട് പോകാൻ പറ്റുമെന്നതാണ് പ്രസക്തമായ ചോദ്യം. അൽ സഊദും വഹാബിസവും പോലെ തകർന്നടിയേണ്ടതാണ് ശിയാ വംശീയതയിലധിഷ്ഠതമായ ഇറാനിലെ പൌരോഹിത്യവും. ഇതിനൊന്നും ആയുസ് അധികകാലത്തേക്ക് നീളില്ലെന്നാണ് പശ്ചിമേഷ്യയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്, നിരന്തരം ആവർത്തിക്കപ്പെടുന്ന ഇറാൻ സമരങ്ങൾ അതിലൊന്ന് മാത്രം.

*നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ ഫേസ്ബുക്കില്‍ എഴുതിയത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍