UPDATES

വിദേശം

ഇസ്രയേലില്‍ പ്രധാനമന്ത്രി നെതന്യാഹുവിന് തിരിച്ചടി; ആര്‍ക്കും ഭൂരിപക്ഷമില്ല; ഗവണ്‍മെന്റുണ്ടാക്കുമെന്ന് നെതന്യാഹു

നെതന്യാഹുവിനൊപ്പം സഖ്യം സാധ്യമല്ലെന്ന് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവ് ഗാന്‍റ്സ് നേരത്തേ വ്യക്തമാക്കിയിരുന്നു. സഖ്യസാധ്യത നെതന്യാഹുവും തള്ളി.

ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഭരണകക്ഷിയായ ലിക്കു‍‍‍‍ഡ് പാർട്ടിക്കും തിരിച്ചടി. 20 അംഗ പാർലമെന്റിൽ 95% വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ബ്ലൂ ആൻഡ് വൈറ്റ് പാര്‍ട്ടി 33 സീറ്റിലും ലികുഡ് പാര്‍ട്ടി 32 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. അന്തിമഫലം പുറത്തുവന്നിട്ടില്ല. കേവല ഭൂരിപക്ഷത്തിന് 61 സീറ്റാണ് വേണ്ടത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷത്തിന് 6 സീറ്റിന്റെ കുറവുണ്ട്.

അറബ് സഖ്യ പാർട്ടികൾ മൂന്നാമതും ഷാസ് പാർട്ടി നാലാമതും ഇസ്രയേൽ ബൈതനൂവ് പാർട്ടി അഞ്ചാമതുമാണ് എത്തി നില്‍ക്കുന്നത്. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ഒരു പാർട്ടിക്കും ബൈതനൂവിന്‍റെ പിന്തുണയില്ലാതെ ഭൂരിപക്ഷം നേടാനാവില്ല. എന്നാൽ, ലിക്കുഡ്, ബ്ലൂ ആൻഡ് വൈറ്റ് പാർട്ടികൾ ചേരുന്ന സഖ്യത്തിന് മാത്രമേ പിന്തുണ നൽകൂവെന്നാണ് ബൈതനൂവ് പാർട്ടി നേതാവ് അവിഗ്‍ദോർ ലീബർമാന്റെ നിലപാട്. അതേസമയം, നെതന്യാഹുവിനൊപ്പം സഖ്യം സാധ്യമല്ലെന്ന് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവ് ഗാന്‍റ്സ് നേരത്തേ വ്യക്തമാക്കിയിരുന്നു. സഖ്യസാധ്യത നെതന്യാഹുവും തള്ളി. പതിറ്റാണ്ടുകളോളം നെതന്യാഹുവിന്റെ ഉറ്റ മിത്രമായിരുന്നു ലീബർമാൻ. അടുത്തിടെയാണ് അദ്ദേഹം തെറ്റിപ്പിരിഞ്ഞു മറുപക്ഷത്തേക്ക് മാറിയത്.

കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം ലീബർമാൻ ലിക്കുഡ്‌ സഖ്യ സർക്കാരിൽ ചേരാൻ വിസമ്മതിച്ചതോടെയാണ്‌ ഭൂരിപക്ഷമില്ലാതെ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ നെതന്യാഹു നിർബന്ധിതനായത്‌. നെതന്യാഹുവിനെ അംഗീകരിക്കില്ലെന്ന്‌ മറ്റ്‌ പ്രധാന കക്ഷികളുടെ നേതാക്കൾ വ്യക്തമാക്കിയതിനാൽ അദ്ദേഹം ഇന് എന്തുചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം പരാജയം വ്യക്തമായിട്ടും അത്‌ അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഇസ്രയേല്‍ പ്രസിഡന്‍റ് റ്യൂവെൻ റിവ്‌ലിൻ സര്‍ക്കാരുണ്ടാക്കാന്‍ തന്നെ വിളിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഐക്യ സർക്കാരിന് വേണ്ടി ലിക്കുഡിൽ നിന്ന് തന്നെ മറ്റാരെങ്കിലും നെതന്യാഹുവിനെതിരെ രംഗത്ത്‌ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍