UPDATES

വിദേശം

നെതന്യാഹു വീഴുമോ? ഇസ്രയേലില്‍ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

അങ്ങനെ വന്നാല്‍ ചെറു പാര്‍ട്ടികളുടെ തീരുമാനം നിര്‍ണായകമാകും.

ഇസ്രയേലിൽ അഞ്ചര മാസത്തിനിടെ നടന്ന രണ്ടാമത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നതനുസരിച്ച് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രധാനമന്ത്രി പദം മാത്രമല്ല, രാഷ്ട്രീയ ഭാവി തന്നെ തുലാസിൽ തൂങ്ങുകയാണ്. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് പ്രവചനം. അങ്ങനെ വന്നാല്‍ ചെറു പാര്‍ട്ടികളുടെ തീരുമാനം നിര്‍ണായകമാകും.

നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ടെന്ന ബോധ്യം ഉണ്ടായതോടെയാണ് അതിതീവ്ര വലതുപക്ഷ നിലപാടുകളും പ്രഖ്യാപനങ്ങളുമായി നെതന്യാഹു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കളം നിറഞ്ഞു കളിച്ചത്. താൻ വീണ്ടും പ്രധാനമന്ത്രിയായാൽ പലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗവും, ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്ന പ്രഖ്യാപനമെല്ലാം തീവ്ര വലതു ഭൂരിപക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അറബ് ലീഗുംവരെ അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളുടെ പ്രാരംഭ വിചാരണ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. അന്തിമ വിചാരണയിൽ കുറ്റക്കാരനാണെന്നു വിധിയുണ്ടാവുകയാണെങ്കിൽ പത്തു വർഷംവരെ അദ്ദേഹം ജയിലിൽ കിടക്കേണ്ടിവരും. അഴിമതിയെയും തീവ്രവാദത്തെയും തള്ളിക്കളയാൻ രാജ്യത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യ എതിരാളിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെ നേതാവ് ബെന്നി ഗാന്‍റസ് പ്രചാരണം കൊഴുപ്പിചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം രൂപീകൃതമായ പാർട്ടിയാണ് ബ്ളൂ ആൻഡ് വൈറ്റ്. പ്രതാപവും പഴക്കവും ഏറെയുള്ള കക്ഷികളിൽ ഒന്നായ ഇടതുപക്ഷ ലേബർ പാർട്ടി ഇപ്പോള്‍ അതിന്‍റെ നിഴൽ മാത്രമായി അവശേഷിക്കുന്നു.

പാർലമെന്റിൽ കേവലഭൂരിപക്ഷം കിട്ടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിൽ അത്രയും സീറ്റുകൾ ഒരു കക്ഷിക്കും ലഭിച്ചിട്ടില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. എങ്കിലും 20 അംഗ പാർലമെന്റിൽ കഴിഞ്ഞ തവണ ഏറ്റവുമധികം സീറ്റുകൾ (35 വീതം) നേടിയത് നെതന്യാഹുവിന്‍റെ ലിക്കുഡും ബ്ളൂ ആൻഡ് വൈറ്റുമായിരുന്നു. ബ്ളൂ ആൻഡ് വൈറ്റ് മുന്നിലെത്തുമെന്ന് കരുതുന്നവര്‍ ഉണ്ടെങ്കിലും ഫലം കഴിഞ്ഞ തവണത്തേതിനു സമാനമാകാനാണ് സാധ്യത. എന്തായാലും മറ്റു കക്ഷികളുടെ പിന്തുണ തേടി കൂട്ടുമന്ത്രിസഭ രൂപീകരിക്കേണ്ടിവരും. അതിനുവേണ്ടിയുളള വിലപേശലുകൾ ആഴ്ചകളോളം നീണ്ടുപോയേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍