UPDATES

വിദേശം

ഗാസയില്‍ ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ പ്രക്ഷോഭം; ഇസ്രായേല്‍ 16 പലസ്തീന്‍കാരെ വെടിവെച്ചു കൊന്നു

അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റെന്നു പലസ്തീന്‍

അഭയാര്‍ത്ഥികളെ തിരികെ വരാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പലസ്തീന്‍ പൌരന്‍മാര്‍ ഗാസ അതിര്‍ത്തിയില്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 16 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 17 പേര്‍ കൊല്ലപ്പെട്ടെന്നും 1400ല്‍ അധികം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആറാഴ്ച നീണ്ടു നില്‍ക്കുന്ന ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ പ്രക്ഷോഭത്തിനാണ് ഇന്നലെ തുടക്കമിട്ടത്. 1976 മാര്‍ച്ച് 30നു നിരായുധരായ ആറ് പലസ്തീന്‍ പ്രക്ഷോഭകാരികളെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നതിനെ അനുസ്മരിക്കുന്ന ലാന്‍ഡ് ഡേയുടെ ദിവസമാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

അതേസമയം 17,000 ത്തില്‍ അധികം വരുന്ന പലസ്തീന്‍ പ്രക്ഷോഭകാരികള്‍ ഗാസ മുനമ്പിലെ ആറ് കേന്ദ്രങ്ങളില്‍ കലാപം ഉണ്ടാക്കുകയാണ് എന്നു പലസ്തീന്‍ സൈന്യം പറഞ്ഞു. സമാധാനപരമായാണ് സമരം നടത്തുന്നത് എന്ന പ്രചരണം ഹമാസിന്റെ തട്ടിപ്പണെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

സമാധാനപരമായി പ്രതിഷേധം നടത്തുന്ന സമരക്കാരെ കൂട്ടക്കൊല ചെയ്ത ഇസ്രായേല്‍ നടപടി എന്തുകൊണ്ട് സുരക്ഷാ സമിതി അപലപിക്കുന്നില്ല എന്നു ഐക്യ രാഷ്ട്ര സഭയിലെ പലസ്തീനിയന്‍ അംബാസിഡര്‍ റിയാദ് മന്‍സൂര്‍ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്വിറ്ററാസ് പ്രഖ്യാപിച്ചു.

ഇസ്രായേലാണ് സംഘര്‍ഷത്തിന് ഉത്തരവാദി എന്നു പലസ്തീനിയന്‍ പ്രസിഡണ്ട് മഹാമ്മൂദ് ബ്ബാസ് കുറ്റപ്പെടുത്തി. ശനിയാഴ്ച ദേശീയ ദുഃഖാചരണ ദിനമായി ആചരിക്കാനും തീരുമാനിച്ചു.

അതേസമയം സമാധാനപരമായ പ്രകടനം എന്ന പേരില്‍ നടക്കുന്ന സംഘടിത ഭീകര പ്രവര്‍ത്തനത്തെ തിരിച്ചറിയുന്നതില്‍ ആഗോള സമൂഹം വഞ്ചിതരാകരുത് എന്നു ഐക്യ രാഷ്ട്ര സഭയിലെ ഇസ്രായേലി അംബാസിഡര്‍ ഡാനി ഡാനന്‍ പറഞ്ഞു.

എന്നാല്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ സമാധാനപരമായി നടക്കുന്ന പ്രക്ഷോഭമാണെന്ന് സംഘാടകര്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. പരമ്പരാഗത ഡെബ്കി നൃത്തം ഉള്‍പ്പെടെ നിരവധി സാംസ്കാരിക പരിപാടികള്‍ അവിടെ നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍