UPDATES

വിദേശം

‘ഇത് ജനാധിപത്യത്തിന്‍റെ ആഘോഷം’; മുഖ്യധാരാ മാധ്യമങ്ങള്‍ കവര്‍ ചെയ്യാതെ ഇസ്താംബുള്‍ മേയറുടെ സ്ഥാനാരോഹണം

8 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഭരണകക്ഷിയായ എകെ പാര്‍ട്ടിയെ അദ്ദേഹം പരാജയപ്പെടുത്തിയത്

ഇസ്താംബൂളിന്‍റെ പുതിയ മേയറായി എക്രെം ഇമാമോഗ്ലു വ്യാഴാഴ്ച ഔദ്യോഗികമായി അധികാരമേറ്റു. തുർക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിലെ മുനിസിപ്പാലിറ്റി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ വമ്പിച്ച ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് സ്ഥാനാരോഹണം നടത്തിയത്. ‘ഇത് ജനാധിപത്യത്തിന്‍റെ ആഘോഷമാണ്, ജനങ്ങളുടെ ഇച്ഛയെ അവഗണിക്കാൻ ആർക്കും അവകാശമില്ല’- അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

അതേസമയം ഇമാമോഗ്ലുവിന്‍റെ പ്രസംഗം തുർക്കിയുടെ പ്രധാന ടെലിവിഷൻ ചാനലുകളൊന്നും വാര്‍ത്തയാക്കിയില്ല. പ്രസിഡന്‍റ് എര്‍ദോഗന്‍റെ സര്‍ക്കാറിനെ ഭയന്നാണ് വാര്‍ത്ത നല്‍കാത്തതെന്ന വിമര്‍ശം ശക്തമാണ്.

ഇസ്താംബൂളിലെ 16 ദശലക്ഷം നിവാസികളോടും ഇമാമോഗ്ലു നന്ദി പറഞ്ഞു. തുർക്കിയുടെ ദേശീയ പതാകയേന്തിയെത്തിയ ജനക്കൂട്ടം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി. 8 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഭരണകക്ഷിയായ എകെ പാര്‍ട്ടിയെ അദ്ദേഹം പരാജയപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്‍റെ ഭരണം കാൽനൂറ്റാണ്ടിനു ശേഷമാണ‌് എര്‍ദോഗന്‍റെ എകെ പാർടിക്ക‌് നഷ്ടമാകുന്നത‌്.

‘ജനാധിപത്യത്തിന് ആഘാതം സംഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കാണ് ഇസ്താംബൂള്‍ ജനത മറുപടി കൊടുത്തിരിക്കുന്നത്. എന്നാല്‍, ജനങ്ങളുടെ പശ്ചാത്തലമോ രാഷ്ട്രീയ വീക്ഷണങ്ങളോ നോക്കാതെ എല്ലാവരേയും ഞാന്‍ തുല്യരായി കാണും’- ഇമാമോഗ്ലു പറഞ്ഞു.

മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 13,000 വോട്ടിന‌് അദ്ദേഹം ജയിച്ചിരുന്നെങ്കിലും എകെ പാർടിയുടെ പരാതിയെ തുടർന്ന‌് തിരഞ്ഞെടുപ്പ് വിജയം സുപ്രീം ഇലക്ടറൽ കൗൺസിൽ റദ്ദാക്കുകയായിരുന്നു. 18 ദിവസം മേയറായി സേവനമനുഷ്ഠിച്ച ശേഷം ഇമാമോഗ്ലുവിന് സ്ഥാനമൊഴിയേണ്ടി വന്നു. എന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എട്ടു ലക്ഷത്തിലേറെ ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ അദ്ദേഹത്തെതന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

‘ഇസ്താംബുൾ നേടുന്നവർ, തുർക്കിയും നേടും’ എന്ന‌് പ്രഖ്യാപിച്ചാണ‌് എർദോഗൻ തെരഞ്ഞെടുപ്പിനെ നേരിട്ടത‌്. മുന്‍ പ്രധാനമന്ത്രികൂടിയായ ബിനാലി യിദ്രിമായിരുന്നു അവരുടെ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷ കക്ഷികളുടെയാകെ പിന്തുണയോടെ മത്സരിച്ച ഇമാമോഗ‌്‌ലുവിന്‍റെ വൻ വിജയം എർദോഗന്‍റെ പടിയിറക്കത്തിന്‍റെ നാന്ദിയായി രാഷ‌്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം, പ്രാദേശിക തിരഞ്ഞെടുപ്പ് അതോറിറ്റി ഇമാമോഗ്ലുവിന് ഔദ്യോഗിക മാൻഡേറ്റ് സർട്ടിഫിക്കറ്റ് നൽകി. ഇടക്കാല മേയറായി സേവനമനുഷ്ഠിച്ചിരുന്ന ഗവർണർ അലി യെർലികായയാണ് അധികാരം കൈമാറിയത്.

EXPLAINER: മോദിയുടെ രണ്ടാം വരവിലെ ആദ്യ കടമ്പ – ട്രംപുമായുള്ള ചര്‍ച്ച അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍