UPDATES

വിദേശം

ഖഷോഗി വധം: സല്‍മാന്‍ രാജകുമാരന്റെ ബന്ധം വ്യക്തമാക്കുന്ന വിശ്വസനീയ തെളിവുണ്ടെന്ന് റിപ്പോര്‍ട്ട്

ഖഷോഗിക്ക് സല്‍മാന്‍ രാജകുമാരന്‍ തന്നെ വധിച്ചേക്കും എന്ന ഭയമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ചതില്‍ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുള്ള ബന്ധം വ്യക്തമാക്കുന്ന വിശ്വസനീയ തെളിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര യുഎന്‍ മനുഷ്യാവകാശ വിദഗ്ധ ആഗ്നസ് കാല്ലമാര്‍ഡിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖഷോഗി വധത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണം എന്ന് യുഎന്‍ വിദഗ്ധ ആവശ്യപ്പെടുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസിനോട് കല്ലാമാര്‍ഡ് ഇക്കാര്യം ആവശ്യപ്പെട്ടു. സൗദി പൗരനായ ഖഷോഗി യുഎസിലെ സ്ഥിരതാമസക്കാരനായിരുന്നതിനാല്‍ എഫ്ബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഖഷോഗിക്ക് സല്‍മാന്‍ രാജകുമാരന്‍ തന്നെ വധിച്ചേക്കും എന്ന ഭയമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യന്‍ കോണ്‍സുലേറ്റിലാണ്, സല്‍മാന്റെ കടുത്ത വിമര്‍ശകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗിയുടെ മൃതദേഹം എന്ത് ചെയ്തു എന്ന കാര്യം അവ്യക്തമായി തുടരുകയാണ്.

ഖഷോഗിയെ സൗദി ദൗത്യ സംഘം കൊല്ലപ്പെട്ടതായി തുര്‍ക്കിയാണ് ആദ്യം പുറത്തുവിട്ടത്. എന്നാല്‍ സൗദി ആദ്യം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് ഖഷോഗിയെ സൗദി സംഘം വധിച്ചു എന്ന് സമ്മതിച്ചപ്പോളും സല്‍മാന്‍ രാജകുമാരന് വധവുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു സൗദി അറേബ്യയുടെ നിലപാട്.

ഖഷോഗിയുടെ ഭൗതികാവശിഷ്ടങ്ങള്‍ എന്ത് ചെയ്തിരിക്കാം എന്നത് സംബന്ധിച്ച് സമ്മിശ്ര അനുമാനങ്ങളാണ് പുറത്തുവരുന്നത്. ഖഷോഗിയെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി ശരീര ഭാഗങ്ങളില്‍ ആസിഡില്‍ അലിയിപ്പിച്ച് ഓടയില്‍ ഒഴുക്കിവിട്ടു എന്ന് തുര്‍ക്കി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖഷോഗിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞു എന്ന് തുര്‍ക്കി മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം സൗദിയും തുര്‍ക്കിയും നടത്തിയ അന്വേഷണങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമില്ല എന്ന നിലപാടാണ് കല്ലാമാര്‍ഡിനുള്ളത്.

കല്ലാമാര്‍ഡിന്റെ റിപ്പോര്‍ട്ട് ഖഷോഗിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സൗദി ദൗത്യ സംഘത്തിലെ 15 അംഗങ്ങളേയും പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ പേരെടുത്ത് പറയാത്ത 11 പേര്‍ രഹസ്യവിചാരണ നേരിടുന്നതായും പറയുന്നു. കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നീക്കം ചെയ്യുന്നത് വരെ തുര്‍ക്കിയുടെ അന്വേഷണം സൗദി തടസപ്പെടുത്തി എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍