UPDATES

വിദേശം

ട്രംപ് മാഫിയ തലവനെന്ന് എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജയിംസ് കോമി

”റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും സ്വതന്ത്രരും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അവമതിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് യുഎസ് പ്രസിഡണ്ടായി കൊണ്ടുനടക്കുക സാധ്യമല്ല,” കോമി പറഞ്ഞു.

യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും മുന്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമിയും തമ്മില്‍ പൊരിഞ്ഞ പോര് ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നുവെങ്കില്‍ അത് ഞായറാഴ്ച രാത്രിയോടെ അവസാനിച്ചു. ഞായറാഴ്ച രാത്രിയാണ് ട്രംപ് പുറത്താക്കിയ എഫ് ബി ഐ ഡയറക്ടര്‍ കോമിയുമായുള്ള അഭിമുഖം ABC News സപ്രേഷണം ചെയ്തത്. തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘A Higher Loyalty,’ എന്ന പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥമാണ് കോമിയുടെ അഭിമുഖം. രാജ്യത്തിന് ട്രംപുയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് അപായസൂചന നല്‍കുകയാണിതില്‍.

കോമിയുമായുള്ള ഒരു മണിക്കൂര്‍ അഭിമുഖമാണ് ABC സംപ്രേശനം ചെയ്തതെങ്കിലും അഞ്ച് മണിക്കൂറോളം അദ്ദേഹം സംഭാഷണം നടത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ് ന്യൂയോര്‍ക് ടൈംസിന്റെ കയ്യിലുണ്ട്. കോമി, ട്രംപിനെ തുടര്‍ച്ചയായി നുണ പറയുന്നവനെന്നും സ്ത്രീകളെ വെറും ‘മാംസം’ മാത്രമായി കണക്കാക്കുന്നവനെന്നും വിളിക്കുന്നു. അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അയാള്‍ ഒരു കളങ്കമാണെന്നും ട്രംപിനെക്കുറിച്ച് കോമി പറയുന്നു.

മോസ്‌കോയില്‍ ലൈംഗിക തൊഴിലാളികളുമൊത്ത് ട്രംപ് ചുറ്റിക്കളിച്ചു എന്നതിനാലാണ് അയാളെ റഷ്യന്‍ ഗവണ്‍മെന്റ് ഭീഷണിപ്പെടുത്തി നിര്‍ത്തുന്നത് എന്ന ആരോപണവും കോമി ഉന്നയിക്കുന്നുണ്ട്. “ഇക്കാര്യം പറയണമെന്ന് ഞാന്‍ വിചാരിച്ചതല്ല. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഇപ്പോളത്തെ പ്രസിഡന്റ് 2013ല്‍ മോസ്‌കോയില്‍ വേശ്യകള്‍ക്കൊപ്പം കഴിയുകയും ദേഹത്തേക്ക് മൂത്രമൊഴിച്ച് കഴിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. സംഭവിച്ചിട്ടുണ്ടാകാം, എനിക്കറിയില്ല” – കോമി പറഞ്ഞു.

രാജ്യത്തിന്‍റെ രീതികളും ചിട്ടകളും പ്രസിഡണ്ട് ഒരു കാട്ടുതീ പോലെ ദഹിപ്പിച്ചു കളയുകയാണെന്ന് കോമി ചൂണ്ടിക്കാട്ടി. ട്രംപിനെ ഒരു മാഫിയ തലവനോടാണ് കോമി താരതമ്യപ്പെടുത്തിയത്. ”നമ്മുടെ പ്രസിഡണ്ട് ആദരവിന്റെ പ്രതിരൂപവും ഈ രാജ്യത്തിന്റെ കാതലായ മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും വേണം,” 20/20 എന്ന ABC അഭിമുഖത്തില്‍ ജോര്‍ജ് സ്റ്റെഫാനോ പൗലൊസിനോട് ജയിംസ് കോമി പറഞ്ഞു. ”സത്യസന്ധനാവുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ പ്രസിഡന്റിന് അതിന് കഴിയില്ല. പ്രസിഡണ്ടായിരിക്കാന്‍ അയാള്‍ ധാര്‍മ്മികമായി പാകമല്ലാത്ത ആളാണ്.”

ചൊവ്വാഴ്ച്ച പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി വന്ന കോമിയുടെ അഭിമുഖവും പരസ്യപ്രചാരണ യാത്രകളും സര്‍ക്കാരിന്‍റെ ഏറ്റവും ഉയര്‍ന്ന പദവികളിലൊന്നില്‍ ഇരുന്ന ഒരാള്‍ നിലവിലുള്ള ഒരു പ്രസിഡണ്ടിനെതിരെ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ്.

രണ്ട് പേര്‍ക്കും ഇത് നിസാര കളിയല്ല. പ്രസിഡണ്ടിനെതിരെ റോബര്‍ട്ട് എസ് മുവെല്ലര്‍ നടത്തുന്ന റഷ്യന്‍ ബന്ധ അന്വേഷണത്തില്‍ നീതിനടത്തിപ്പില്‍ എന്തെങ്കിലും തടസമുണ്ടാക്കിയോ എന്നതില്‍ പ്രധാന സാക്ഷിയാണ് കോമി. തനിക്കെതിരെ നിലകൊള്ളുന്നു എന്ന് ആരോപിക്കുന്ന കോമിയുടെയും നിയമപാലന ഏജന്‍സികളുടെയും വിശ്വാസ്യത ഇല്ലാതാക്കുന്നതില്‍ വിജയിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു ട്രംപിന്റെ നിയമവ്യവഹാര സാധ്യതകളും വാഷിംഗ്ടണിലെ രാഷ്ട്രീയ ഭാവിയും.

ട്രംപിന്‍റെ വിമര്‍ശകരില്‍ പലരും കരുതുന്നത് അയാള്‍ക്കെതിരെ impeachment കുറ്റവിചാരണ നടത്തണം എന്നാണ്. എങ്കിലും അത്, ”അമേരിക്കന്‍ ജനതയെ ചുമതലകളില്‍ നിന്നും ഒഴിവാക്കും” എന്നാണ് കോമി പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കാന്‍ പൊതുജനത്തിന് ”കടമയുണ്ട്” എന്നാണ് കോമിയുടെ വാദം.

”റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും സ്വതന്ത്രരും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അവമതിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് യുഎസ് പ്രസിഡണ്ടായി കൊണ്ടുനടക്കുക സാധ്യമല്ല,” കോമി പറഞ്ഞു. ”അതാണീ രാജ്യത്തിന്‍റെ ഉള്‍ക്കാമ്പ്. അതാണ് നമ്മുടെ അടിത്തറ. അതുകൊണ്ട് impeachment അതിനെ കുറുക്കുവഴിയിലൂടെ മറികടക്കലാകും.”

കോമിയുടെ രൂക്ഷമായ വ്യക്തിതലത്തിലുള്ള ആക്രമണം- അയാളുടെ ഞാനാണ് ശരിയെന്ന ഭാവമെന്ന് വിമര്‍ശകര്‍- അത് ”ആരെങ്കിലും എന്നെ ആക്രമിച്ചാല്‍ ഞാനയാളെ തിരിച്ചാക്രമിക്കും… ‘ എന്ന് പറഞ്ഞ ഒരു പ്രസിഡണ്ടിനെതിരെയാണ് എന്നതിനാല്‍ കൂടുതല്‍ സ്‌ഫോടനാത്മകമാണ്. അതിന്റെ സൂചനയെന്നോണം, അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും ട്രംപ് കോമിയെ ”വൃത്തികെട്ടവന്‍” എന്ന് വിളിച്ചു. കോണ്‍ഗ്രസിനോട് പറഞ്ഞ നുണകള്‍ക്കും രഹസ്യ രേഖകള്‍ ചോര്‍ത്തിയതിനും അയാള്‍ ജയിലില്‍ പോകണ്ടതാണെന്നും രാവിലെയിട്ട ട്വീറ്റുകളില്‍ പ്രസിഡണ്ട് പറയുന്നു. മറ്റൊരു ട്വീറ്റില്‍ ”ഇന്നുവരെയുണ്ടായ ഏറ്റവും മോശം FBI ഡയറക്ടറാണ് കോമി” എന്നും ”അയാള്‍ മിടുക്കനല്ല” എന്നും ട്രംപ് ആരോപിച്ചു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍