UPDATES

വിദേശം

ജെറുസലേം വീണ്ടും ആക്രമിക്കപ്പെടുന്നു; ഇത്തവണ അധികാരമത്തനായ ഒരാളാല്‍ എന്ന വ്യത്യാസം മാത്രം

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ കേന്ദ്രമാണ് ജെറുസലേം. മതങ്ങളുടെ പേരില്‍ ആളിക്കത്തുന്ന ലക്ഷക്കണക്കിന് യുദ്ധങ്ങള്‍ അടങ്ങിയ ആധുനിക മനുഷ്യ സംഘര്‍ഷങ്ങളുടെ കേന്ദ്ര ബിന്ദുവും ഇവിടെയാണ്

ജെറുസലേമിലെ പഴയ നഗരം പോലെ മറ്റൊരു നഗരഭൂഭാഗമില്ല.

ഒരു അനുകൂല സ്ഥാനത്ത് നിന്നുകൊണ്ട് ചുറ്റും അവലോകനം ചെയ്യുക: ചരിത്രത്തിന്റെയും ഐതീഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു മാന്ത്രിക ഭൂമികയായും മനുഷ്യവര്‍ഗ്ഗ പീഢനത്തെ കുറിച്ച് പഠിപ്പിക്കുന്ന ഒരു ഭൂപടമായും പഴയ ജെറുസലേം നിങ്ങള്‍ക്ക് ചുറ്റും സ്വയം പടരുന്നു.

മഹാനായ സുലൈമാന്‍ 1538-ല്‍ നിര്‍മ്മിച്ച മതിലുകള്‍ക്കുള്ളില്‍ തങ്ങി നില്‍ക്കുന്ന പഴയ നഗരത്തെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അവ അര്‍മീനിയന്‍, ക്രൈസ്തവ, ജൂത, മുസ്ലീം ഭാഗങ്ങള്‍ എന്നറിയപ്പെടുന്നു. മനുഷ്യ ചരിത്രത്തില്‍ മതങ്ങള്‍ സൃഷ്ടിച്ച അലങ്കോലങ്ങളുടെ ഒരു ചെറുമൂല മാത്രമേ ആകുന്നുള്ള ഈ ഭാഗങ്ങള്‍.

വെറും 0.9 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇടുങ്ങിയ പഴയ നഗരത്തില്‍ ജൂതന്മാര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരുടെ പൗരാണിക പ്രാധാന്യമുള്ള പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറന്‍ ചുവരോട് കൂടിയ ടെമ്പിള്‍ മൗണ്ട്, ഡോം ഓഫ് റോക്ക്, അല്‍-അക്‌സ മോസ്‌ക്, ചര്‍ച്ച് ഓഫ് ഹോളി സെപുള്‍ക്രെ എന്നിവയെല്ലാം ഇവിടെയാണ്.

ജെബുസൈറ്റികളില്‍ നിന്നും ഡേവിഡ് രാജാവ് നഗരം പിടിച്ചടക്കി ഇസ്രായേല്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയെന്നും അദ്ദേഹത്തിന്റെ പുത്രന്‍ സോളമന്‍ രാജാവ് ആദ്യ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുവെന്നുമാണ് ജൂതന്മാര്‍ വിശ്വസിക്കുന്നത്. ജൂതമതത്തിന് അടിത്തറ പാകിയ സംഭവങ്ങളാണിത്.

തങ്ങളുടെ വിശ്വാസത്തിലെ നിരവധി പ്രധാന സംഭവങ്ങള്‍ നടന്നത് വിശുദ്ധ സെപുള്‍ക്രെ പള്ളിയില്‍ വച്ചാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. യേശുവിനെ കുരിശിലേറ്റിയത് ഇവിടെ വച്ചാണ്. ഓരോ പടികളിലും ക്രിസ്തീയ ചരിത്രം നിങ്ങളെ പുണരും. എന്നാല്‍ ക്രിസ്തീയ മതത്തിലുണ്ടായ കലഹങ്ങള്‍ മൂലം സെപുള്‍ക്രെ പള്ളി വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിച്ചിരിക്കുകയാണ്. അതിന്റെ പ്രധാന പൂട്ടും താക്കോലും ഒരു മുസ്ലീം കുടുംബത്തിന്റെ കൈവശമാണ്.

സുന്നി മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം മക്കയും മദീനയും കഴിഞ്ഞാല്‍ മൂന്നാമത് പ്രധാന പുണ്യനഗരമാണ് ജെറുസലേം. ഇസ്ലാമിക ചരിത്രപ്രകാരം ക്രിസ്തുവര്‍ഷം 610-ല്‍ അത് ഇസ്ലാമിന്റെ മൂന്നാമത്തെ പ്രാര്‍ത്ഥന ദിശയായ ഖിബ്ല ആയിത്തീര്‍ന്നു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് തന്റെ രാത്രി സഞ്ചാരം (ഇസ്രയും മിറാജും) നടത്തിയത് ഇവിടെ വച്ചാണ്. രാത്രി സഞ്ചാരത്തില്‍ അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം നടത്തുകയും ദൈവവുമായി സംസാരിക്കുകയും ചെയ്തതായി ഖുറാന്‍ പറയുന്നു.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ കേന്ദ്രമാണ് ജെറുസലേം. മതങ്ങളുടെ പേരില്‍ ആളിക്കത്തുന്ന ലക്ഷക്കണക്കിന് യുദ്ധങ്ങള്‍ അടങ്ങിയ ആധുനിക മനുഷ്യ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവും ഇവിടെയാണ്.

ഈ അഗ്നിസ്ഫുലിംഗങ്ങള്‍ക്ക് കാറ്റൂതുവാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നതും ഇവിടെയാണ്. ഇസ്രായേല്‍ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കാം എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ട്രംപ് പദ്ധതിയിടുകയാണെന്ന് യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഇസ്രായേലിന് ശക്തമായ പിന്തുണ നല്‍കുകയും താന്‍ അധികാരത്തിലേറുന്നതിന്റെ ആദ്യ ദിവസം തന്നെ ടെല്‍ അവീവിലെ യുഎസ് എംബസി ജെറുസലേമിലേക്ക് മാറ്റാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എംബസി ടെല്‍ അവീവില്‍ നിന്നും മാറ്റിയില്ലെങ്കില്‍ പോലും ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് പുതിയ ഊഹാപോഹങ്ങള്‍.

നിലവില്‍ പ്രക്ഷുബ്ദവും മുറിവേല്‍ക്കുകയും ചെയ്ത ജെറുസലേമിന്റെയും തങ്ങളുടെ വിശുദ്ധ ഭൂമികളില്‍ വിശ്വസിക്കുന്നവരുടെയുമൊക്കെ ദുരന്തത്തിന് അത് ആക്കം കൂട്ടും.

ജെറുസലേമാണ് തങ്ങളുടെ തലസ്ഥാനമെന്ന് ഇസ്രായേലികളും പലസ്തീനികളും പറയുന്നു. ഇസ്രായേല്‍ രാജ്യം തങ്ങളുടെ പ്രധാന ഭരണനിര്‍വഹണ സ്ഥാപനങ്ങള്‍ അവിടെ നിലനിറുത്തുന്നു. എന്നാല്‍ പലസ്തീന്‍ രാജ്യം അന്തിമമായി തങ്ങളുടെ അധികാരകേന്ദ്രമായി അതിനെ കാണുന്നു. പക്ഷേ രണ്ട് അവകാശവാദങ്ങള്‍ക്കും അന്താരാഷ്ട്രതലത്തില്‍ വ്യാപക അംഗീകാരം ലഭിച്ചിട്ടില്ല.

ഇന്ന്, ജെറുസലേമിന്റെ പദവിയാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ കേന്ദ്ര പ്രശ്‌നം. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍, ഇസ്രായേല്‍ പിടിച്ചെടുക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത പ്രദേശങ്ങളില്‍ പടിഞ്ഞാറന്‍ ജെറുസലേം ഉള്‍പ്പെടുന്നു. പഴയ നഗരം ഉള്‍പ്പെടെയുള്ള കിഴക്കന്‍ ജെറുസലേം ജോര്‍ദ്ദാന്‍ പിടിച്ചെടുക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

1967ല്‍ നടന്ന ആറു ദിവസത്തെ യുദ്ധത്തില്‍, കിഴക്കന്‍ ജെറുസലേമും ചുറ്റുമുള്ള പ്രദേശങ്ങളും ജോര്‍ദ്ദാനില്‍ നിന്നും ഇസ്രായേല്‍ പിടിച്ചടക്കുകയും ജെറുസലേമിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇസ്രായേലിന്റെ ഭരണഘടനയുടെ അടിസ്ഥാന നിയമങ്ങളില്‍ ഒന്നായ 1980ലെ ജെറുസലേം നിയമപ്രകാരം, ജെറുസലേം രാജ്യത്തിന്റെ അവിഭാജ്യ തലസ്ഥാനമാണ്. നെസ്റ്റ് (ഇസ്രായേലി പാര്‍ലമെന്റ്), പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികള്‍, സുപ്രീം കോടതി എന്നിവ ഉള്‍പ്പെടെ ഇസ്രായേലി സര്‍ക്കാരിന്റെ എല്ലാ ശാഖകളും ജെറുസലേമിലാണുള്ളത്. ഈ കൂട്ടിച്ചേര്‍ക്കല്‍ നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച അന്താരാഷ്ട്ര സമൂഹം, ഇസ്രായേല്‍ അധിനിവേശ പലസ്തീന്‍ പ്രദേശമായാണ് കിഴക്കന്‍ ജെറുസലേമിനെ കാണക്കാക്കുന്നത്.

ഈ നഗരത്തില്‍ വിദേശ സ്ഥാനപതി കാര്യലയങ്ങള്‍ ഒന്നും തന്നെയില്ല.

ചരിത്രത്തെയും മനുഷ്യജീവിതത്തെയും ബഹുമാനിക്കാതെ തന്റെ വീണ്ടുവിചാരമില്ലാത്ത തീരുമാനവുമായി മുന്നോട്ട് പോകാനാണ് ട്രംപ് ശ്രമിക്കുന്നതെങ്കില്‍, മഹത്തായ ജെറുസലേം പഴയ നഗരം അത്ഭുതപ്പെടില്ല. കാരണം, മറ്റൊരു ഭൂപ്രദേശവും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള മനുഷ്യരുടെ വിഡ്ഢിത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് ഈ ആകര്‍ഷക നഗരം.

ജെറുസലേം രണ്ട് തവണയെങ്കിലും നശിപ്പിക്കപ്പെടുകയും 23 തവണ ഉപരോധിക്കപ്പെടുകയും 52 തവണ ആക്രമിക്കപ്പെടുകയും 44 തവണ പിടിച്ചടക്കപ്പെടുകയും തിരിച്ചുപിടിക്കപ്പെടുകയും ചെയ്തു. അധികാരത്തില്‍ മത്തനായ മറ്റൊരു മനുഷ്യന്‍ കൂടി ആക്രമണം നടത്തുന്നു എന്നൊരു പുതുമ മാത്രമേ ഇതിനുള്ളു.

അറബ് രാജ്യങ്ങള്‍ ട്രംപിനെതിരെ; ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള നീക്കം അംഗീകരിക്കില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍