UPDATES

വിദേശം

വെനിസ്വേലയില്‍ യുഎസ് സൈന്യമിറങ്ങുമോ? മഡൂറോയെ പുറത്താക്കാന്‍ എന്തും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ഗയ്ഡോ

യുഎസ് സൈനിക നടപടിക്കുള്ള സാധ്യത പോലും ഗയ്‌ഡോ തള്ളിക്കളയുന്നില്ല.

വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കി സ്വയം പ്രസിഡന്റ് ആയി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗയ്‌ഡോ. രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ റാലികളും പ്രകടനങ്ങളും സംഘിടിപ്പിക്കാന്‍ ഗയ്‌ഡോ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രസിഡന്റ് മഡൂറോയ്ക്ക് തെരുവിലിറങ്ങി കരുത്ത് കാണിച്ചുകൊടുക്കണം എന്നാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഗയ്‌ഡോ ആവശ്യപ്പെട്ടത്. തലസ്ഥാനമായി കാരക്കാസിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗയ്‌ഡോ അനുകൂലികള്‍ വലിയ റാലികള്‍ സംഘടിപ്പിച്ചു.

മഡൂറോ രാജി വച്ച് പുതിയ തിഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്നാണ് ഗയ്‌ഡോയുടെ നിലപാട്. മഡൂറോ തിരഞ്ഞെടുപ്പ് അട്ടമറി നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ മാസം ഗയ്‌ഡോ സ്വയം പ്രസിഡന്റ് ആയി പ്രഖ്യാപിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗയ്‌ഡോയെ പ്രസിഡന്റ് ആയി അംഗീകരിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഗയ്‌ഡോയെ പ്രസിഡന്റ് ആയി അംഗീകരിച്ചിരുന്നു. വെനിസ്വേല ഭരണഘടന, പ്രസിഡന്റിന് സ്്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാതാകുന്ന പക്ഷം രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റ് ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടെന്നാണ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റായ ഗയ്‌ഡോയുടെ നിലപാട്. അതേസമയം റഷ്യയും ചൈനയും മഡൂറോയെ പിന്തുണയ്ക്കുന്നുണ്ട്. തുര്‍ക്കിയും
പിന്തുണക്കുന്നു. വെനിസ്വേലയില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കരുത് എന്ന് റഷ്യ യുഎസിന് മുന്നറിയപ്പ് നല്‍കിയതോടെ സംഘര്‍ഷം ആഗോളതലത്തില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളും മഡൂറോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഗയ്‌ഡോയെ പിന്തുണക്കുന്നു. മഡൂറോ വരുന്ന ഞാറാഴ്ചയ്ക്കുള്ളില്‍ രാജി വച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യം. പാശ്ചാത്യ മാധ്യമങ്ങളും മഡൂറോ ഗവണ്‍മെന്റിനെതിരായ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. അതേസമയം സൈന്യത്തിന്റെ പിന്തുണ മഡൂറോവിനാണ്. എന്നാല്‍ സൈന്യവുമായി താന്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് ഗയ്‌ഡോ അവകാശപ്പെടുന്നത്. മഡൂറോയെ പിന്തുണക്കുന്ന ചൈനയുമായും ഗയ്‌ഡോ ചര്‍ച്ച നടത്തിയിരുന്നു.

മഡൂറോയെ താഴെയിറക്കാന്‍ എന്തും ചെയ്യും എന്നാണ് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹുവാന്‍ ഗയ്‌ഡോ പറഞ്ഞത്. യുഎസ് സൈനിക നടപടിക്കുള്ള സാധ്യത പോലും ഗയ്‌ഡോ തള്ളിക്കളഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. മെക്‌സിക്കോയും ഉറുഗ്വായും മഡൂറോയുമായുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെനന്ന് പറഞ്ഞിരുന്നെങ്കിലും താന്‍ അത് തള്ളിക്കളയുകയായിരുന്നുവെന്ന് ഗയ്‌ഡോ പറയുന്നു. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം പോലുമല്ല ഇത് മഡൂറോയും കൂട്ടരും നേതാക്കളുടെ ചെറിയൊരു കൂട്ടം മാത്രമാണെന്നും ഗയ്‌ഡോ പരിഹസിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷവും മാറ്റത്തിന് വേണ്ടി നിലകൊള്ളുന്നു. ആയുധങ്ങള്‍ കൊണ്ട് റിപ്പബ്ലിക്കിനെ പേടിപ്പിച്ച് നിര്‍ത്താം എന്നാണ് ചിലരുടെ ധാരണ – ഗയ്‌ഡോ പറഞ്ഞു.

അതേസമയം വെള്ളിയാഴ്ചത്തെ പ്രസംഗത്തില്‍ മഡൂറോയ്ക്ക് നേരെ ഭീഷണിയുമായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് രംഗത്തെത്തി. മഡൂറയ്ക്ക് രാജി വച്ച് പുറത്തുപോകാനുള്ള സമയമായിരിക്കുന്നു എന്ന് മൈക്ക് പെന്‍സ് പറഞ്ഞു. ഇത് സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിലുള്ള യുദ്ധമാണ്. നിക്കോളാസ് മഡൂറോ സ്വേച്ഛാധിപതിയാണ്. മഡൂറോ അധികാരത്തില്‍ തുടരാന്‍ പാടില്ല – പെന്‍സ് പറഞ്ഞു.

വെനിസ്വേലയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ മഡൂറോ പറയുന്നത്. തങ്ങള്‍ ലോകത്ത് ഏറ്റവുമധികം എണ്ണ നിക്ഷേപവും സ്വര്‍ണ നിക്ഷേപവുമുള്ള രാജ്യമാണെന്നും ഭീഷണികള്‍ വിലപ്പോകില്ലെന്നുമാണ് മഡൂറോ പറഞ്ഞത്. സാമ്പത്തിക തകര്‍ച്ച വെനിസ്വേലയില്‍ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി അബു ദാബി നിക്ഷേപ സ്ഥാപനമായ നൂര്‍ കാപ്പിറ്റലിന് 15 ടണ്‍ ഗോള്‍ഡ് റിസര്‍വ് വില്‍ക്കാനാണ് മഡൂറോ ഗവണ്‍മെന്റ് നീക്കം നടത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍