UPDATES

വിദേശം

രേഖകളില്ലാതെ താമസിക്കുന്ന യുവാക്കളെ നാടുകടത്താനുള്ള തീരുമാനത്തില്‍ ട്രംപിന് തിരിച്ചടി; പിന്‍മാറണമെന്ന് കോടതി

നിലവിലെ കണക്കുകള്‍ പ്രകാരം യുഎസില്‍ ഡ്രീമേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന 70000ത്തോളം യുവ കുടിയേറ്റക്കാരുണ്ടെന്നാണ് നിഗമനം

രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന യുവാക്കളെ നാടുകടത്താനുള്ള തീരുമാനത്തില്‍ നിന്നും യുഎസ് പിന്‍മാറണമെന്ന് കൊളംബിയ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതി ഉത്തരവ്. ഇത്തരം താമസക്കാര്‍ക്ക് നല്‍കുന്ന സംരക്ഷണം തുടരണമെന്നും പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നും ജഡ്ജി ജോണ്‍ഡി ബാറ്റ്‌സിന്‍റെ ഉത്തരവില്‍ പറയുന്നു.

കുട്ടിക്കാലത്തെ കുടിയേറ്റമെന്ന പേരില്‍ അറിയപ്പെടുന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍ അഥവാ ഡിഎസിഎ റദ്ദാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ട്രംപ് ഗവണ്‍മെന്റിന്‍റെ തീരുമാനം 90 ദിവസത്തേക്ക് സ്‌റ്റേ ചെയ്യുകയായിരുന്നു. ഡിഎസിഎ നിയമവിരുദ്ധമാണ് എന്നു തെളിയിക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് സാധിച്ചില്ല എന്നു കോടതി പറഞ്ഞു. നാടുകടത്തല്‍ സംബന്ധിച്ച അഭ്യന്തര സുരക്ഷാ വിഭാഗം കൂടുതല്‍ വിശദീകരണം നല്‍കണമെന്നും പുതിയതും നിലവിലുള്ള അപേക്ഷകള്‍ പുതുക്കി നല്‍കേണ്ടതുമായ നടപടികള്‍ സ്വീകരിക്കണമെന്നും ജഡ്ജി വ്യക്തമാക്കി. തീരുമാനം ഏകപക്ഷീയവും മനുഷ്യത്വരഹിതവുമാണെന്നും കോടതി നിരീക്ഷിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ യുവാക്കളുടെ കുടിയേറ്റം തടയുന്നതിനുള്ള നപടിക്കെതിരെ നേരത്തെ സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതി രംഗത്തെത്തിയിരുന്നെങ്കിലും പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നും പുതുക്കി നല്‍കണമെന്നുമുള്ള ഉത്തരവ് ഇതാദ്യമാണ്.

ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരിക്കെയാണ് കുട്ടികളടക്കമുള്ള അനധികൃത യുവജനങ്ങളെ നാടുകടത്തുന്നതിനുള്ള ഇളവുകള്‍ നല്‍കികൊണ്ട് ഡിഎസിഎ പദ്ധതി ആരംഭിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം യുഎസില്‍ ഡ്രീമേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന 70000ത്തോളം യുവ കുടിയേറ്റക്കാരുണ്ടെന്നാണ് നിഗമനം. രാജ്യത്തെ നിയമമനുസരിച്ച് 15 വയസിന് മുകളിലുള്ള ഇത്തരക്കാര്‍ ഓരോ വര്‍ഷവും തങ്ങളുടെ ഡിഎസിഎ പദവി പുതുക്കണമെന്നാണ് നിബന്ധന. രാജ്യത്ത് നിയമപരമായി ജോലിയെടുക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. ഈ ഉത്തരവാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ മാര്‍ച്ചില്‍ റദ്ദാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍