UPDATES

വിദേശം

ഒരു മിനുട്ട് മുമ്പ് ഇതൊരു അഫ്ഗാന്‍ വിവാഹമായിരുന്നു, പക്ഷെ പിന്നെ നടന്നത് 63 പേരുടെ ശവമടക്ക്

ഇത് അഫ്ഗാൻ ജനതയുടെ അവസാനത്തെ കഷ്ടപ്പാടായിരിക്കില്ലെന്നും അതിനിയും ആവർത്തിക്കുമെന്നുമുള്ള ഉറച്ച ബോധ്യമുണ്ടെന്നും ഇൽമി പറയുന്നു.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹ സ്ഥലത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്. മാരകമായ ആക്രമണത്തിന് ശേഷം ആകെ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ് താനെന്ന് വരനായ മിർവൈസ് ഇൽമി പറയുന്നു. വധു രക്ഷപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സഹോദരനടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കൊല ചെയ്യപ്പെട്ടു. 180-ലധികം ആളുകൾക്ക് പരിക്കേറ്റ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്‌.

ഇത് അഫ്ഗാൻ ജനതയുടെ അവസാനത്തെ കഷ്ടപ്പാടായിരിക്കില്ലെന്നും അതിനിയും ആവർത്തിക്കുമെന്നുമുള്ള ഉറച്ച ബോധ്യമുണ്ടെന്നും ഇൽമി പറയുന്നു. ആക്രമണത്തിൽ കുടുംബത്തിലെ 14 പേർ മരിച്ചതായി വധുവിന്റെ പിതാവ് അഫ്ഗാൻ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തെ ക്രൂരമെന്നാണ് പ്രസിഡന്റ് അഷ്‌റഫ് ഘാനി വിശേഷിപ്പിച്ചത്. തീവ്രവാദികൾക്ക് വേദി ഒരുക്കികൊടുത്തതിന് അദ്ദേഹം താലിബാനെ കുറ്റപ്പെടുത്തി. ഐഎസുമായി സമാധാന ചർച്ചയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിലും താലിബാൻ ആക്രമണത്തെ അപലപിച്ചു.

വടക്കന്‍ കാബൂളില്‍ ഈ മാസമാദ്യം ഉണ്ടായ മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ മൂന്ന് ചാവേറുകളാണ് അന്ന് സ്‌ഫോടനം നടത്തിയത്. 18 വർഷത്തെ രക്തരൂക്ഷിതമായ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് തുടര്‍ച്ചയായ സ്‌ഫോടനങ്ങളെന്നത് ശ്രദ്ധേയമാണ്. അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്നത് എത്രത്തോളം ബുദ്ദിമുട്ടാണെന്നാണ് ഇത് തെളിയിക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽമാത്രം സാന്നിദ്ധ്യമുള്ള ഐസിസ് ഒരു സമാധാന ചർച്ചകളുടേയും ഭാഗമല്ല എന്നതാണ് ശ്രദ്ധേയം. ബോംബർ പാകിസ്ഥാനിൽ നിന്നുള്ളയാളാണെന്നാണ് സൂചന.

താലിബാനിൽ അന്താരാഷ്ട്ര – പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കില്ലെന്ന ഉറപ്പ് വാങ്ങിക്കൊണ്ടാണ് അമേരിക്കൻ ചർച്ചകൾ നടക്കുന്നത്. എന്നാൽ അക്കാര്യത്തിൽ അഫ്ഗാൻ ജനതക്ക് കടുത്ത ആശങ്കയുണ്ട്. ആകെ അവശേഷിക്കുന്ന 14,000 സൈനികരെ ഉടനടി പിൻവലിക്കാതെ താലിബാനെ കുറച്ചുകാലം നിരീക്ഷണത്തിനു വിധേയമാക്കണമെന്നാണ് അഫ്ഗാൻ അധികൃതരുടെ ആഗ്രഹം. ‘തുടർന്നു കൊണ്ടിരിക്കുന്ന ഈ അക്രമങ്ങൾ രാജ്യത്ത് ഒരിടം പോലും സുരക്ഷിതമല്ലാത്ത ഒരു അറവുശാലയാക്കി മാറ്റി, അവിടെ ഞങ്ങൾ താമസിക്കുകയല്ല, ജീവനോടെയിരിക്കാൻ ശ്രമിക്കുകയാണ്’ എന്ന്‌ അഫ്ഗാനിസ്ഥാന്റെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ഷഹർസാദ് അക്ബർ ട്വിറ്ററിൽ കുറിച്ചു. കൊലപാതകത്തിന്റെയും അക്രമത്തിന്റെയും ഈ സംസ്കാരം, ഭീകരതയുടെ ഈ മാനസികാവസ്ഥ, കൊലപാതകം നടത്തതാനുള്ള സന്നദ്ധത എന്നിവയെല്ലാം എങ്ങനെ, എപ്പോൾ നമ്മൾ മറികടക്കും എന്നും അവർ ചോദിക്കുന്നു.

നവവരനായ ഇൽമി ഒരു തയ്യൽ തിഴിലാളിയാണ്. വധു റൈഹാന ബിരുദം പഠനം പൂർത്തിയാക്കിയിട്ടേയുള്ളു. സാധാരണ കുടുംബമായ അവർ വിവാഹത്തിനാവശ്യമായ പണം ലോണെടുക്കുകയായിരുന്നു. ‘ഇത്രയും പണം മുടക്കി ഞാൻ വേദനയല്ലാതെ മറ്റൊന്നും നേടിയില്ലെന്ന്’ ഇൽമി പറയുന്നു. അഫ്ഗാനിസ്ഥാനിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവാഹം അല്പം നേരത്തെ ആക്കണമെന്ന് അദ്ദേഹം കുടുംബാംഗങ്ങളോട്‌ പറഞ്ഞതായിരുന്നു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഏഴുമാസം വൈകിപ്പിച്ച് നടറിഞ്ഞു കല്യാണം നടത്താനായിരുന്നു അവരുടെ തീരുമാനം. അതാണ് വലിയ കണ്ണുനീർമാത്രം ബാക്കിയാക്കി തീർന്നത്. അമേരിക്കക്കാർ പിന്മാറിയാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല, താലിബാനും അമേരിക്കയും തമ്മിലുള്ള കരാർ സമാധാനം കൈവരുത്തുമോ – അല്ലെങ്കിൽ കൂടുതൽ സംഘർഷം ഉണ്ടാകുമോ എന്നാണ് അഫ്ഗാൻ ജനത ആകാംക്ഷയോടെ, അതിലേറെ ആശങ്കയോടെ ഉറ്റുനോക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍