UPDATES

വിദേശം

ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി

ഉപരോധം പൂര്‍ണമായി നീക്കുന്നതും യുഎസ് സാമ്പത്തിക സഹായവും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉത്തര കൊറിയ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നിര്‍ണായകമായ ചര്‍ച്ചയ്ക്കായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. പ്രാദേശിക സമയം ഇന്ന് ഉച്ചയോടെ എയര്‍ ചൈന വിമാനത്തിലാണ് കിം സിംഗപ്പൂരിലെത്തിയത്. ചൊവ്വാഴ്ചയാണ് ചര്‍ച്ച. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണമാണ് പ്രധാന വിഷയം. സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി, കിമ്മിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവുമായി ചര്‍ച്ച നടക്കുന്നത്. ട്രംപും ഇന്ന് വൈകീട്ട് സിംഗപ്പൂരിലെത്തും. 2017ല്‍ തുടര്‍ച്ചയായ മിസൈല്‍, അണുബോംബ് പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കിയിരുന്നു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണ ഭീഷണി നടത്തിയിരുന്നു. ട്രംപ് കിമ്മിനേയും കിം തിരിച്ചും വ്യക്തിപരമായി അധിക്ഷേപിച്ചു. എന്നാല്‍ പിന്നീട് ട്രംപുമായി ചര്‍ച്ചയ്ക്ക് കിം ജോങ് ഉന്‍ സന്നദ്ധത അറിയിക്കുകയും സിംഗപ്പൂരില്‍ വച്ച് ചര്‍ച്ച നടത്താന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഉത്തരകൊറിയ അണുബോംബ് പരീക്ഷണ കേന്ദ്രം നശിപ്പിച്ചതിനെ പിന്നാലെ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുന്നതായി ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചര്‍ച്ച നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

2011ല്‍ അധികാരമേറ്റ ശേഷം കിം ജോംഗ് ഉന്‍ ഇത് നാലാം തവണയാണ് ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. എല്ലാ സന്ദര്‍ശനങ്ങളും ഈ വര്‍ഷം തന്നെ. രണ്ട് തവണ ചൈനയില്‍ പോയി പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി ചര്‍ച്ച നടത്തിയ കിം ഒരു തവണ കാല്‍നടയായി അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലെത്തി പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപരോധം പൂര്‍ണമായി നീക്കുന്നതും യുഎസ് സാമ്പത്തിക സഹായവും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉത്തര കൊറിയ മുന്നോട്ടുവയ്ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍