UPDATES

വിദേശം

വിദ്വേഷ പ്രസംഗങ്ങളിലൂടെ ആമസോണിലെ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുക, ഭീമന്‍ പദ്ധതികള്‍ നടപ്പിലാക്കുക; ബോൾസോനാരോയുടെ രഹസ്യ പദ്ധതികള്‍ ചോര്‍ന്നു

പവര്‍ പോയിന്‍റ് പ്രസന്റേഷനായി പ്രസിദ്ധീകരിച്ച രേഖയില്‍ ബോൾസോനാരോയുടെ പ്രകൃതി വിരുദ്ധ പദ്ധതികള്‍ ഓരോന്നും അക്കമിട്ടു നിരത്തുന്നു.

ആമസോൺ വനമേഖലയിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താൻ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ സർക്കാർ വിദ്വേഷ പ്രസംഗങ്ങള്‍ ഉപയോഗിക്കുന്നതായി ആരോപണം. കൂടാതെ മേഖലയില്‍ കൂടുതല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പദ്ധതികൾ നടപ്പാക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ‘ഡെമോക്രേഷ്യഅബേർട്ട’യെന്ന സ്വതന്ത്ര ആഗോള മാധ്യമ സ്ഥാപനം ഇതു സംബന്ധിച്ച ചില രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവര്‍ പോയിന്‍റ് പ്രസന്റേഷനായി പ്രസിദ്ധീകരിച്ച രേഖയില്‍ ബോൾസോനാരോയുടെ പ്രകൃതി വിരുദ്ധ പദ്ധതികള്‍ ഓരോന്നും അക്കമിട്ടു നിരത്തുന്നു.

ആമസോണ്‍ മഴക്കാടുകളില്‍ ബഹുമുഖ സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് പ്രദേശം തന്ത്രപരമായി കൈവശപ്പെടുത്തുന്നതിന് ‘ട്രിപ്പിൾ എ’ പ്രോജക്റ്റ് പോലെയുള്ള പദ്ധതികള്‍ക്ക് മുൻഗണന നല്‍കാനാണ് ബോൾസോനാരോ സർക്കാര്‍ ശ്രമിക്കുന്നത്. ‘ട്രിപ്പിൾ എ പ്രോജക്റ്റ് നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അന്താരാഷ്ട്ര സമ്മർദ്ദത്തെ ചെറുക്കുന്നതിന് ആമസോൺ തടത്തിലുള്ള ബാക്കി ദേശീയ പ്രദേശങ്ങളുമായി സംയോജിപ്പിച്ചു കൊണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കണം. അതിനായി ട്രോംബെറ്റാസ് നദി ജലവൈദ്യുത നിലയം, ആമസോൺ നദിക്ക് മുകളിലൂടെയുള്ള എബിഡോസ് പാലം, സുരിനാമിന്റെ അതിർത്തിയിലൂടെയുള്ള ബിആർ-163 ഹൈവേ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്’- പവര്‍ പോയിന്‍റ് സ്ലൈഡുകളിലോന്നില്‍ എഴുതിയിരിക്കുന്നു.

ഫെബ്രുവരിയിൽ, മന്ത്രിമാരായ ഗുസ്താവോ ബെബിയാനോ (പ്രസിഡൻസി സെക്രട്ടറി ജനറൽ), റിക്കാർഡോ സല്ലെസ് (പരിസ്ഥിതി), ഡാമറെസ് ആൽ‌വസ് (സ്ത്രീ, കുടുംബം, മനുഷ്യാവകാശം) എന്നിവർ മേല്‍ സൂചിപ്പിച്ച പദ്ധതികളെ സംബന്ധിച്ച് പ്രാദേശിക നേതാക്കളുമായി സംസാരിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നീട് അത് റദ്ദാക്കി. ഫെബ്രുവരിയിൽ നടന്ന സർക്കാർ ഉദ്യോഗസ്ഥർ തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിലെ പവർപോയിന്റ് അവതരണത്തില്‍ ബോൾസോനാരോ സർക്കാർ ഈ മേഖലയ്ക്കായി പ്രഖ്യാപിച്ച ‘വികസന’ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഡെമോക്രേഷ്യഅബേർട്ട അതും പുറത്തുവിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംരക്ഷണ പദ്ധതികൾ വേരുറപ്പിക്കുന്നത് തടയാൻ ആമസോൺ മേഖലയിൽ ശക്തമായ സർക്കാർ സാന്നിധ്യം പ്രധാനമാണെന്ന് അതില്‍ പറയുന്നു.

സ്ലൈഡുകൾ പറയുന്നതെല്ലാം വ്യക്തമാണ്. അതുതന്നെയാണ് ബ്രസീലില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന് അടിവരയിടുകയാണ് ബോൾസോനാരോയുടെ വിദ്വേഷ പ്രസംഗങ്ങള്‍. ആമസോൺ ആഴ്ചകളായി കത്തിക്കൊണ്ടിരിക്കുകയാണ്. ബ്രസീലിയന്‍ ജനതയ്ക്കു പോലും അത് പൂർണ്ണമായി അറിയില്ലായിരുന്നു. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ പ്രാദേശിക ജനതയാണ് ഈ ദുരന്തം പുറംലോകത്തെ അറിയിച്ചത്.

കൂടുതല്‍ വായിക്കാന്‍: opendemocracy.net

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍