UPDATES

വിദേശം

ഇസ്രയേലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ബ്രിട്ടീഷ് – പാകിസ്താനി എഴുത്തുകാരിക്ക് നല്‍കാനിരുന്ന അവാര്‍ഡ് പിന്‍വലിച്ചു

ഇസ്രായേലിനെതിരായ ബിഡിഎസ് മൂവ്മെന്‍റിനെ (Boycott, Divestment, Sanctions) പിന്തുണച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 15,000 ഡോളർ സമ്മാനത്തുകയുള്ള നെല്ലി സാച്ച്സ് പ്രൈസ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ജർമ്മൻ ജൂറി പിന്നോട്ടുപോയത്.

പലസ്തീന്‍ അനുകൂല നിലപാടുകളുടെ പേരില്‍ പ്രമുഖ ബ്രിട്ടീഷ്-പാകിസ്ഥാനി എഴുത്തുകാരി കമില ഷംസിക്ക് നല്‍കാനിരുന്ന അവാര്‍ഡ് പിന്‍വലിച്ചു. ഇസ്രായേലിനെതിരായ ബിഡിഎസ് മൂവ്മെന്‍റിനെ (Boycott, Divestment, Sanctions) പിന്തുണച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 15,000 ഡോളർ സമ്മാനത്തുകയുള്ള നെല്ലി സാച്ച്സ് പ്രൈസ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ജർമ്മൻ ജൂറി പിന്നോട്ടുപോയത്.

സെപ്റ്റംബർ 6-നാണ് കമില ഷംസിക്ക് ഇത്തവണത്തെ നെല്ലി സാച്ച്സ് പ്രൈസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അവരുടെ എഴുത്തുകള്‍ ‘സമൂഹങ്ങള്‍ക്ക് കുറുകെയുള്ള പാലമാണെ’ന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള ജൂറിയുടെ പരാമര്‍ശം. എന്നാൽ ബി‌ഡി‌എസ് പ്രസ്ഥാനത്തിന് പിന്തുണ നല്‍കുന്ന ആളാണ്‌ ഷംസിയെന്ന് അറിഞ്ഞതോടെ അവാർഡ് പിൻവലിക്കുകയായിരുന്നു. ‘ഷംസിയുടെ സാഹിത്യകൃതികള്‍ ആദരിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ 2014 മുതൽ ഇസ്രായേൽ സർക്കാരിന്‍റെ പലസ്തീൻ നയങ്ങൾക്കെതിരേ നിലപാടെടുക്കുന്ന ആളാണ്‌ അവരെന്ന് ജൂറിക്ക് അറിയില്ലായിരുന്നു’ എന്നാണ് അവാർഡ് പിൻവലിച്ചുകൊണ്ട് ജൂറി വ്യക്തമാക്കിയത്.

നൊബേൽ സമ്മാന ജേതാവായ നെല്ലി സാച്ചിന്‍റെ പേരില്‍ നല്‍കപ്പെടുന്ന പുരസ്കാരമാണ് ‘നെല്ലി സാച്ച്സ് പ്രൈസ്’. ജർമ്മൻ നഗരമായ ഡോർട്മണ്ട് നല്‍കുന്ന ഈ അവാര്‍ഡ് സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുകയും ‘സഹിഷ്ണുതയും അനുരഞ്ജനവും’ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ക്കാണ് നല്‍കുക. മിലൻ കുന്ദേര, മാർഗരറ്റ് അറ്റ്വുഡ് എന്നിവരുൾപ്പെടെയുള്ള പ്രമുഖര്‍ക്ക് നേരത്തെ നെല്ലി സാച്ച്സ് പ്രൈസ് നല്‍കിയിട്ടുണ്ട്.

എഴുത്തുകാരന്‍റെ ജീവിതവും എഴുത്തും ഒരുപോലെ ജൂറിയുടെ വിലയിരുത്തലുകള്‍ക്ക് വിധേയമാകും. ഷംസിയുടെ ജീവിതത്തെ കുറിച്ച് ധാരാളം പഠിച്ചിരുന്നുവെങ്കിലും അവരുടെ പാലസ്തീന്‍ അനുകൂല നിലപാടുകള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് ജൂറിയുടെ അവകാശവാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍