UPDATES

വിദേശം

ചൈനീസ് ജയിലില്‍ പീഡിപ്പിക്കപ്പെട്ട നൊബേല്‍ ജേതാവ് ലിയു സിയാബോയുടെ ഭാര്യക്ക് രാജ്യം വിടാന്‍ അനുമതി

ലിയു സിയായ്‌ക്കെതിരെ കേസൊന്നുമില്ല. കഴിഞ്ഞ മേയില്‍ താന്‍ മരിക്കാന്‍ തയ്യാറാണെന്ന് ലിയു പറഞ്ഞിരുന്നു. ലിയുവിനെ ചൈന വിടാന്‍ അനുവദിക്കണമെന്ന് ജര്‍മ്മനി ചൈനയോട് കുറച്ച് കാലമായി ആവശ്യപ്പെട്ട് വരുകയായിരുന്നു.

ചൈനയില്‍ ജയിലിലായിരുന്ന സമാധാന നൊബേല്‍ ജേതാവ് ലിയു സിയാബോയുടെ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഭാര്യ ലിയു സിയാക്ക് രാജ്യം വിടാന്‍ അനുമതി. ജര്‍മ്മനിയിലേയ്ക്കാണ് ലിയു സിയ പോയതെന്ന് കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2009 മുതല്‍ ജയിലിലായിരുന്ന ലിയു സിയാബോ, സര്‍വകലാശാല അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു. 2010ല്‍ സമാധാന നൊബേല്‍ ലിയു സിയാബോയെ തേടിയെത്തി. ഇതിന് പിന്നാലെ ഭാര്യ ലിയു സിയ വീട്ടുതടങ്കലിലായിരുന്നു.

ഗവണ്‍മെന്റിനെതിരെ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ചാണ് ലിയു സിയാബോയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ലിവര്‍ കാന്‍സറിനെ തുടര്‍ന്ന് മരണമടഞ്ഞ ലിയു സിയാബോയുടെ മൃതദേഹം കടലില്‍ തള്ളുകയായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകക്ഷി ഭരണം അവസാനിപ്പണമെന്ന് ആവശ്യപ്പെട്ട നിരന്തര പ്രചാരണം നടത്തിയിരുന്ന ലീ സിയാബോവിനെ ‘ചൈനീസ് മണ്ടേല’ എന്നാണ് പാശ്ചാത്യലോകം വിശേഷിപ്പിച്ചിരുന്നത്. 2017 ജൂണ്‍ 26ന് മെഡിക്കല്‍ പരോളില്‍ അദ്ദേഹം ജയിലില്‍ നിന്നിറങ്ങിയെങ്കിലും ജൂലായ് 13ന് അന്തരിച്ചു. അതേസമയം ഭാര്യ ലിയു സിയായ്‌ക്കെതിരെ കേസൊന്നുമില്ല. കഴിഞ്ഞ മേയില്‍ താന്‍ മരിക്കാന്‍ തയ്യാറാണെന്ന് ലിയു പറഞ്ഞിരുന്നു.

ബീജിംഗില്‍ നിന്ന് ബെര്‍ലിനിലേയ്ക്ക് ഫിന്‍ എയര്‍ വിമാനത്തില്‍ ചൊവ്വാഴ്ച പകല്‍ ലിയു പോയതായാണ് സുഹൃത്ത് യെ ഡു മാധ്യമങ്ങളോട് പറഞ്ഞത്. ലിയുവിനെ ചൈന വിടാന്‍ അനുവദിക്കണമെന്ന് ജര്‍മ്മനി ചൈനയോട് കുറച്ച് കാലമായി ആവശ്യപ്പെട്ട് വരുകയായിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി കെഖ്യാങ് ഈയാഴ്ച ചൈനയിലുണ്ട്. മേയില്‍ പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ ലിയുവിനെ ബീജിംഗിലെ ഫ്‌ളാറ്റിലെത്തി കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. ലിയു സിയാബോവിന്റെ ചരമദിനത്തിന് മൂന്ന് ദിവസം മുമ്പാണ് ഭാര്യ ലിയു സിയ രാജ്യം വിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍