UPDATES

വിദേശം

കെട്ടിപ്പിടിക്കാന്‍ മോദി എത്തിയില്ല; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തണുപ്പന്‍ സ്വീകരണമെന്ന് ആരോപണം

ഫെബ്രുവരി 17നു ശനിയാഴ്ച കൃഷി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ട്രൂഡോയെ സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം എന്നു കനേഡിയന്‍ മാധ്യമങ്ങള്‍. ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതിന് പ്രോട്ടോകോള്‍ ലംഘനം പോലും നടത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ആറാം ദിവസമാണ് ട്രൂഡോ കാണുന്നത്. ഫെബ്രുവരി 17നു ശനിയാഴ്ച കൃഷി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ട്രൂഡോയെ സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.

കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെഥന്യാഹുവിന് മികച്ച സ്വീകരണമാണ് ഇന്ത്യ നല്‍കിയത്. ട്രൂഡോയെ സ്വാഗതം ചെയ്തുകൊണ്ട് ഒരു ട്വീറ്റ് പോലും നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും ഉണ്ടായില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

സിഖ് ദേശീയവാദികളെ കാനഡ പിന്തുണയ്ക്കുന്നതിലെ എതിര്‍പ്പാണ് “വിനയപൂര്‍വ്വമുള്ള ഈ അനിഷ്ടപ്രകടന”ത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കുന്നതില്‍ ഉപേക്ഷ കാണിച്ചു എന്ന ആരോപണം ഇന്ത്യന്‍ ഗവണ്‍മെന്‍റ് നിഷേധിച്ചു. ലോക നേതാക്കള്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ പാലിക്കാറുള്ള സ്വാഭാവിക പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ട് എന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ട്രൂഡോയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങള്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസങ്ങളില്‍ ആക്കിയതില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ അത്ഭുതം രേഖപ്പെടുത്തി. ഉഭയകക്ഷി യോഗങ്ങള്‍ ഇത്തരം സന്ദര്‍ശനങ്ങളുടെ ആദ്യ ഘട്ടത്തില്‍ നടത്തുന്നതാണ് പൊതുവേയുള്ള രീതി. വെള്ളിയാഴ്ചയാണ് ട്രൂഡോയും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും താജ് മഹല്‍, ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍