UPDATES

വിദേശം

‘ഒന്നോ രണ്ടോ നൂറോ പൂക്കളെ പിച്ചിക്കളയാന്‍ സാധിക്കും. എന്നാല്‍ വസന്തത്തിന്റെ വരവ് തടയാന്‍ അവര്‍ക്ക് കഴിയില്ല’; ലുല ജയിലില്‍

അഴിമതികേസിൽ 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയൻ മുൻ പ്രസിഡന്‍റ് ലൂയിസ് ഇസാസിയോ ലുല ദ സിൽവ കീഴടങ്ങി

അഴിമതികേസിൽ 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയൻ മുൻ പ്രസിഡന്‍റ് ലൂയിസ് ഇസാസിയോ ലുല ദ സിൽവ കീഴടങ്ങി. കുറച്ചു ദിവസങ്ങളായി സ്റ്റിൽവർക്കേഴ്സ് യൂണിയൻ ഓഫീസിൽ താമസിച്ചിരുന്ന ലുലാ ശനിയാഴ്ച രാത്രിയിൽ സ്വന്തം ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി ഒ.എ.എസ് എന്ന സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയതിന് കൈക്കൂലി വാങ്ങിയെന്നാണ് ലൂലക്കെതിരായ ആരോപണം.

“ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കും.” താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെട്ടിടത്തിന് മുന്‍പില്‍ തടിച്ചുകൂടിയ അനുയായികളോട് ലുല പറഞ്ഞു. “അധികാരികള്‍ക്ക് ഒന്നോ രണ്ടോ നൂറോ പൂക്കളെ പിച്ചിക്കളയാന്‍ സാധിക്കും. എന്നാല്‍ വസന്തത്തിന്റെ വരവ് തടയാന്‍ കഴിയില്ല.”

ലുലയെ തോളിലേറ്റി പ്രകടനം നടത്തിയ അനുയായികള്‍ ‘ലുലയെ വിട്ടയക്കൂ’ എന്നാര്‍ത്തു വിളിച്ചു. പിന്നീട് സൈനിക പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതിന് ശേഷമാണ് തെക്കന്‍ നഗരമായ കുരിറ്റിബയിലേക്ക് ലുലയെ കൊണ്ടുപോയത്.

ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കാനാഗ്രഹിക്കുന്ന ലുലക്ക് ഈ വിധി കനത്ത തിരിച്ചടിയാണ്. നേരത്തെ ലൂലക്ക് വിജയസാധ്യതയുള്ളതായി പ്രവചനമുണ്ടായിരുന്നു.

മുൻ പ്രസിഡന്‍റായതുകൊണ്ട്തന്നെ സാധാരണ തടവുകാരിൽ നിന്നും വ്യത്യസ്തമായി പ്രത്യേക ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ പാര്‍പ്പിക്കുന്നത്. സാധാരണയായി രാത്രി ജോലി ചെയ്യേണ്ടിവരുന്ന അഭിഭാഷകർക്കായി സജ്ജീകരിച്ചിട്ടുള്ള കുരിറ്റിബയിലെ ഫെഡറൽ പൊലീസ് കെട്ടിടമാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ സാധാരണ തടവുകാര്‍ക്ക് നല്‍കാറുള്ള ഭക്ഷണം തന്നെയായിരിക്കും ലുലക്കും നല്‍കുക. ജയിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലുല നൽകിയ ഹർജി ബ്രസീൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഉരുക്കുകമ്പനി തൊഴിലാളിയായിരുന്ന ലുല ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണു രാഷ്‌ട്രീയത്തിലെത്തിയത്. 72 വയസ്സുള്ള ലുലയെ സംബന്ധിച്ചിടത്തോളം ജയിൽവാസം പുത്തനനുഭവമൊന്നുമല്ല. നേരത്തെ രാജ്യം സൈനിക ഭരണത്തിനു കീഴിലായിരുന്നപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന അദ്ദേഹം നിരവധിതവണ ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍