UPDATES

വിദേശം

മാലദ്വീപില്‍ അടിയന്തരാവസ്ഥ; ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം

പ്രസിഡന്റ് അബ്ദുല്ല യമീന്‍ ആണ് രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

 

മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ 15 ദിവസത്തെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗുരുതരമായ രാഷട്രീയ പ്രതിസന്ധിക്കാണ് ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ കളമൊരുങ്ങിയിരിക്കുന്നത്. പ്രസിഡന്റിന്റെ വിശ്വസ്തന്‍ അസിമ ഷുക്കൂര്‍ ആണ് ദേശീയ ടെലിവിഷനിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപനം രാജ്യത്തെ അറിയിച്ചത്.

സുപ്രിം കോടതിയും യമീന്‍ ഭരണകൂടവും തമ്മിലുള്ള പോരിന്റെ ഫലമാണ് ഈ അടിയന്തരാവസ്ഥ. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് പ്രസിഡന്റ് യമീന്‍ അനുസരിക്കാതെ വന്നതോടെയാണ് കോടതിയും പ്രസിഡന്റും തമ്മിലുള്ള അധികാര തര്‍ക്കം ഉയര്‍ന്നത്. ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് മാലദ്വീപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ കോടതി ഉത്തരവനുസരിച്ചുള്ള ഒരു തടവുകാരെയും വിമതനേതാക്കളെയും വിട്ടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അത്തരമൊരു പ്രവര്‍ത്തി തന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്ന ഭീതിയാണ് യമീനെ കോടതിയേയും മറ്റുരാജ്യങ്ങളെയും ധിക്കരിക്കാന്‍ പ്രേരിപ്പിച്ചത്. 85 അംഗ പാര്‍ലമെന്റില്‍ യമീന്റെ പാര്‍ട്ടിക്കാരായിരുന്ന 12 പേര്‍ വിമതരായിരുന്നു. ഇവരെയും തടവിലാക്കിയിരിക്കുകയാണ്. ഇവരെ മോചിപ്പിച്ചാല്‍ യമീന്‍ ഭരണകൂടത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ കളമൊരുങ്ങുകയും ചെയ്യും. തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാന്‍ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് മൂന്നു കത്തുകള്‍ അയച്ചശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം യമീന്‍ നടത്തുന്നത്.

ഇത് രണ്ടാം തവണയാണ് യമീന്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2015 ല്‍ തന്റെ നേരേ വധശ്രമം ഉണ്ടായതായി ആരോപണമുയര്‍ത്തിയും അബ്ദുല്ല യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ അവിടെയുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അടിയന്തരസാഹചര്യമല്ലാത്തതെങ്കില്‍ അങ്ങോട്ടേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍