UPDATES

വിദേശം

മാലദ്വീപ്; പ്രസിഡന്റിനു മുന്നില്‍ സുപ്രിം കോടതി വഴങ്ങുന്നു

മാലദ്വീപിലെ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്ക അറിയിച്ചു

മാലദ്വീപില്‍ ഭരണകൂടതാത്പര്യത്തിന് മുന്നില്‍ നിയമസംവിധാനം വഴങ്ങുന്നു. രാജ്യത്തെ രാഷ്ട്രീയപ്രതിസന്ധിയില്‍ അയവ് വരുത്താനെന്ന പോലെ സുപ്രിം കോടതി, ഒമ്പത് ഉയര്‍ന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു. ചീഫ് ജസ്റ്റീസ് അബ്ദുല്ല സയീദ്, ജഡ്ജി അലി ഹമീദ് എന്നിവരെ പ്രസിഡന്റ് അബ്ദുല്ല യമീന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്, സുപ്രിം കോടതി തങ്ങളുടെ തന്നെ ഉത്തരവ് പിന്‍വിച്ചത്.

രാഷ്ട്രീയത്തടവുകാരെയും വിമത എംപിമാരെയും വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് മാലദ്വീപില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ സാധിക്കില്ലെന്നറിയിച്ച പ്രസിഡന്റ് രാജ്യത്ത് 15 ദിവസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യപിച്ചു. ഇതിനു പിന്നാലെയാണ് സുപ്രിം കോടതി ചീഫ് ജസ്റ്റീസിനെയടക്കം അറസ്റ്റ് ചെയ്തതും. മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂം അടക്കമുള്ളവരെയും വീട്ടുതടങ്കലാക്കിയിരിക്കുകയാണെന്നും വാര്‍ത്തയുണ്ട്.

ചീഫ് ജസ്റ്റീസും മറ്റൊരു മുതിര്‍ന്ന ജഡ്ജിയും അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ബാക്കി മൂന്നു പ്രധാന ജഡ്ജിമാര്‍ ചേര്‍ന്നാണ് ഒമ്പത് രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന ഉത്തരവ് പിന്‍വലിക്കുന്നതായി അറിയിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റിന്റെ താത്പര്യാര്‍ത്ഥമാണ് ഇത്തരമൊരു തീരുമാനമെന്നും അവര്‍ അറിയിച്ചു. നിയമവിരുദ്ധമായ പ്രവര്‍ത്തിക്കുകയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നാണ് പ്രസിഡന്റ് യമീന്‍ പറയുന്നത്.

മുന്‍ പ്രസിഡന്റ് മൊഹമ്മദ് നഷീദ് അടക്കമുള്ളവരെ വിട്ടയക്കണമെന്ന തീരുമാനമാണ് മരവപ്പിച്ചിരിക്കുന്നത്. നേരത്തെ രാജ്യത്തെ രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ നഷീദ് അഭ്യര്‍ത്ഥിച്ചിരുന്നു.

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രിലായം പറയുന്നത്. എന്നാല്‍ നേരിട്ട് ഒരിടപെടലിന്റെ സൂചനകളൊന്നും ഇന്ത്യ നല്‍കുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍