UPDATES

വിദേശം

“അവരെ പുറത്താക്കുക, ഞങ്ങള്‍ക്ക് ജീവിക്കണം”: യുഎസ് നഗരങ്ങളില്‍ തോക്ക് ഭീകരതക്കെതിരെ യുവാക്കള്‍ തെരുവില്‍

MARCH FOR OUR LIVES എന്ന പേരിലുള്ള ബാനറുമായാണ് യുവാക്കള്‍ പ്രകടനം നടത്തിയത്. വിവിധ ഇടങ്ങളിലെ വെടിവയ്പുകളില്‍ കൊല്ലപ്പെട്ട പ്രിയപ്പെട്ടവരെ യുവാക്കള്‍ ഏറെ വൈകാരികമായ പ്രസംഗങ്ങളില്‍ അനുസ്മരിച്ചു.

“Vote them out.” – വിവിധ യുഎസ് നഗരങ്ങളില്‍ തോക്ക് ഭീകരതയ്‌ക്കെതിരെ വലിയ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ച യുവാക്കളുടെ ആഹ്വാനമാണ്. തോക്ക് അനിയന്ത്രിതമായി കൈവശം വയ്ക്കാനുള്ള അവകാശത്തിന് വേണ്ടി വാദിക്കുന്ന ജനപ്രതിനിധികളെ പുറത്താക്കാനാണ് യുവാക്കളുടെ ആഹ്വാനം. തലസ്ഥാന നഗരമായ വാഷിംഗ്ടണിലും ന്യൂയോര്‍ക്ക്, ഫെനിക്‌സ്, അറ്റ്‌ലാന്റ, ഓക് ലാന്‍ഡ്, പാര്‍ക് ലാന്‍ഡ് തുടങ്ങിയ ഇടങ്ങളിലുമെല്ലാം ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലികള്‍ നടന്നു. MARCH FOR OUR LIVES എന്ന പേരിലുള്ള ബാനറുമായാണ് യുവാക്കള്‍ പ്രകടനം നടത്തിയത്.

വിവിധ ഇടങ്ങളിലെ വെടിവയ്പുകളില്‍ കൊല്ലപ്പെട്ട പ്രിയപ്പെട്ടവരെ യുവാക്കള്‍ ഏറെ വൈകാരികമായ പ്രസംഗങ്ങളില്‍ അനുസ്മരിച്ചു. 18കാരിയായ എമ്മ ഗോണ്‍സാല്‍വസിന്റെ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാര്‍ക് ലാന്‍ഡ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട തന്റെ കൂട്ടുകാരായ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പേരെടുത്ത് പറഞ്ഞായിരുന്നു എമ്മയുടെ പ്രസംഗം. നാല് മിനുട്ടും 25 സെക്കന്റും വാഷിംഗ്ടണില്‍ ഒത്തുകൂടിയ വലിയ ജനക്കൂട്ടത്തെ എമ്മ നിശബ്ദതയില്‍ നിര്‍ത്തിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മാര്‍ച്ചുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അത് ‘ധീരത’യോടെ പ്രകടിപ്പിക്കുന്ന യുഎസ് യുവാക്കളെ അഭിനന്ദിച്ച് വൈറ്റ് ഹൗസ് ഒരു ചെറു പ്രസ്താവനയിറക്കി. തോക്ക് ലൈസന്‍സ് നിയന്ത്രിക്കുന്ന വിധമുള്ള നിയമപരിഷ്‌കരണത്തെ ഒരു ഘട്ടത്തില്‍ ട്രംപ് അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. അധ്യാപകര്‍ ആയുധം കൈവശം വയ്ക്കണമെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. ഇതിനെതിരെ പ്രതിഷേധക്കാരായ യുവാക്കള്‍ രംഗത്ത് വന്നു. ടീച്ചര്‍മാര്‍ക്ക് ആയുധം കൊടുക്കുന്നതുകൊണ്ടോ സ്‌കൂളുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് കൊണ്ടോ ഒരു കാര്യവുമില്ലെന്നാണ് യുവാക്കള്‍ പറയുന്നത്. പൊലീസുകാര്‍ സ്‌കൂളിന്റെ നിയന്ത്രണം ഏറ്റെടുത്താല്‍ അവര്‍ വിദ്യാര്‍ത്ഥികളെ കുറ്റവാളികളെ പോലെയായിരിക്കും കാണുക. ഞങ്ങള്‍ക്ക് പിന്തുണയും ധൈര്യവുമാണ് ആവശ്യം – വിദ്യാര്‍ഥികള്‍ പറയുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്‍റെ കൊച്ചുമകള്‍ സംസാരിക്കുന്നു:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍