UPDATES

വിദേശം

ഫിലിപ്പൈന്‍സില്‍ മാധ്യമ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഡ്യുറ്റെര്‍ട്ടിനെ വിറപ്പിക്കുകയാണ് ഈ സ്ത്രീ

ഓരോ സ്വേച്ഛാധിപതിയും പെന്‍ഡുലം പോലെ ആടുന്നതും, തെക്കുകിഴക്കേ ഏഷ്യയിലെ ഏകാധിപത്യം ജനാധിപത്യത്തിന് വഴിമാറുന്നതും കണ്ടിട്ടുണ്ട്. പെന്‍ഡുലം തിരിച്ച് ആടുന്ന കാണുന്നത് എനിക്ക് സഹിക്കില്ല, ഞാന്‍ എന്റെ ഔദ്യോഗികജീവിതം അവസാനിപ്പിക്കും

ജാഗ്രതാ സൂചനകള്‍ എല്ലാം അവിടെ ഉണ്ടായിരുന്നു. പക്ഷേ മരിയ റെസ്സ പറയുന്നു “ഇങ്ങനെയാവുമെന്ന് ഞാന്‍ അറിഞ്ഞില്ല.” തന്റെ മാധ്യമപ്രവര്‍ത്തകരോട് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെര്‍ട്ട് യുദ്ധം പ്രഖ്യാപിക്കുകയും ഈ പതിറ്റാണ്ടില്‍ സ്വാതന്ത്ര്യത്തിന്മേല്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭീഷണിയുടെ വരവ് അറിയിക്കുകയും ചെയ്തപ്പോള്‍, ഫിലിപ്പൈന്‍സിലെ ന്യൂസ് ഓര്‍ഗനൈസേഷനായ റാപ്ലെറിന്റെ സ്ഥാപകയും അത് മുന്നോട്ടുകൊണ്ടുപോകുന്നയാളുമായ മരിയ ശരിക്കും അത്ഭുതപ്പെട്ടു. ഭീഷണമായ രീതിയില്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്ന ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെര്‍ട്ടിനെതിരെ ജീവന്‍മരണ പോരാട്ടത്തിലാണ് മാധ്യമ പ്രവര്‍ത്തകയായ മരിയ റെസ്സയെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

12 റിപ്പോര്‍ട്ടര്‍മാരുമായി ഒരു ഓണ്‍ലൈന്‍ ന്യൂസ് സ്റ്റാര്‍ട്ടപ്പ് ആയി തുടങ്ങിയ, CNN ബ്യൂറോ ചീഫ് ആയിരുന്ന റെസ്സ സ്ഥാപിച്ച, റാപ്ലെര്‍ 2012ല്‍ മാത്രമാണ് നിലവില്‍ വന്നത്. പക്ഷേ കഴിഞ്ഞ രണ്ടു മാസമായി, ചെറുതെങ്കിലും ശക്തമായ ഈ സംഘം, ഫിലിപ്പൈന്‍സില്‍ മാധ്യമ സ്വാതന്ത്ര്യത്തെ പതുക്കെപ്പതുക്കെ ഇല്ലാതാക്കുന്നതിനെതിരെയുള്ള സമരമുഖത്ത് മുന്‍നിരയില്‍ത്തന്നെയുണ്ട്. ഡ്യുറ്റെര്‍ട്ടിന്റെ വക്താവ് -ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ്‍ഹൌസിനെ ഓര്‍മ്മിപ്പിക്കുന്ന വിചിത്രവും ഭീഷണവുമായ സ്വരത്തില്‍ – “റാപ്ലെറിന്റെ ന്യൂസ് മാത്രമല്ല വ്യാജമായത്, അത് ഫിലിപ്പിനോ ആണെന്നതുതന്നെ കപടമാണ്” എന്ന് പ്രസ്താവിച്ചു.

ജനുവരിയില്‍ അവരുടെ ലൈസന്‍സ് അസാധുവാക്കിയപ്പോള്‍ തുടങ്ങിയ ആക്രമണമാണ് ഇത്. വര്‍ഷാവസാനം തിടുക്കത്തില്‍ അത് തീവ്രമാക്കുകയും റാപ്ലെറുടെ രാഷ്ട്രീയലേഖകന്‍ പ്രസിഡന്‍ഷ്യല്‍ പാലസിലെ ബ്രീഫിങ്ങില്‍നിന്ന് തടയപ്പെടുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ആഴ്ച, 2.5മില്യണ്‍ ഡോളര്‍ ടാക്സ് വെട്ടിപ്പ് നടത്തിയതിന് റാപ്ലെറിനെതിരെ അന്വേഷണം നടത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു – പരാതി’അസംബന്ധം’ ആണെന്ന് റെസ്സ പ്രതികരിച്ചു.

റെസ്സ ഇപ്പോള്‍ റാപ്ലെറിന്റെ അതിജീവനത്തിനായി വലിയ തോതില്‍ രാഷ്ട്രീയപരമായ ഒരു ദാവീദ്-ഗോലിയാത്ത് യുദ്ധത്തിലാണ്. അതിപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്.

“ഞങ്ങള്‍ അതിനെതിരെ പോരാടാന്‍ തയ്യാറാണ്” നിശ്ചയദാര്‍ഢ്യത്തോടെ റെസ്സ പറഞ്ഞു. “നമ്മള്‍ ഒരു ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുക എന്നതാണ് അന്തിമ ലക്ഷ്യം. എന്റെ അറിവില്‍ ഇതിപ്പോഴും ജനാധിപത്യ രാജ്യമാണ്. ആക്ഷേപകരമായ ആ പരാതിപ്രകാരം പ്രസിഡന്റ് ഒരു ചെറിയ സ്റ്റാര്‍ട്ടപ്പിനെ ഭീഷണിയായി കാണുന്നു എന്നത് തമാശയായി തോന്നുന്നു.”

ജൂലൈയില്‍ ഡ്യുറ്റെര്‍ട്ടിന്റെ രണ്ടാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രഭാഷണത്തിനിടെ റാപ്ലെര്‍ പൂര്‍ണ്ണമായും അമേരിക്കക്കാരുടെ ഉടമസ്ഥതയിലാണെന്നും അതിനാല്‍ത്തന്നെ ഭരണഘടനയുടെ ലംഘനമാണെന്നും പ്രസിഡന്റ് പറഞ്ഞപ്പോഴാണ് റെസ്സ ആദ്യമായി അത്ഭുതപ്പെടുന്നത്. “വിഡ്ഢിത്തം നിറഞ്ഞ അവകാശവാദമാണത്” റെസ്സ വിസമ്മതഭാവത്തില്‍ തലയാട്ടി. “ഞങ്ങള്‍ 100%. ഫിലിപ്പിനോ ഉടമസ്ഥതയിലാണ്, രേഖകള്‍ അത് തെളിയിക്കും”
മയക്കുമരുന്നിനെതിരെയുള്ള ഡ്യുറ്റെര്‍ട്ടിന്റെ ക്രൂരവും മൃഗീയവുമായ യുദ്ധത്തെയും, 8000 ജീവനെടുത്തു എന്ന് കണക്കാക്കപ്പെടുന്ന നിയമാനുസൃതമല്ലാത്ത കൊലകള്‍ക്ക് അനുവാദം കൊടുത്തതിനെയും പറ്റി റാപ്ലറുടെ മാസങ്ങള്‍ നീണ്ട നിര്‍ണ്ണായകമായ റിപ്പോര്‍ട്ടിങ്ങിനെത്തുടര്‍ന്നാണിത്. മനുഷ്യത്വത്തിനെതിരായ കുറ്റങ്ങള്‍ ഡ്യുറ്റെര്‍ട്ട് നടത്തിയതിന് തെളിവ് ശേഖരിക്കുകയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.

വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ ഉത്തരവിട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ

ഈ റിപ്പോര്‍ട്ടിങ്ങ് പരമ്പരയില്‍ കോപിഷ്ഠനായ ഡ്യുറ്റെര്‍ട്ട് അത് നിരസിക്കാന്‍ തീരുമാനിച്ചു. പിന്നീട് പരമ്പരാഗത മാധ്യമങ്ങളുടെ പിന്നാലെ പോയി ആ ആഖ്യാനത്തെ നിയന്ത്രിക്കാന്‍ ഉറച്ചു. ആദ്യംതന്നെ അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ വര്‍ത്തമാനപ്പത്രമായ ഫിലിപ്പൈന്‍ ഇന്‍ക്വൈററിനെ സമീപിച്ചു. മയക്കുമരുന്നുവേട്ടയില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്ന ഒരു പട്ടിക അവര്‍ തയ്യാറാക്കി. അതിനുശേഷം അദ്ദേഹം വില്പനാധികാരം പുതുക്കില്ലെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ സ്റ്റേഷനായ ABS_CBN നെ സമീപിച്ചു. അവസാനം റാപ്ലെറിലേക്ക് ശ്രദ്ധ തിരിച്ചു.

2016 ആഗസ്റ്റില്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചെയ്ഞ്ച് കമ്മീഷന്‍ റാപ്ലെറിനോട് ഒന്നിനു പുറകെ ഒന്നായി രേഖകള്‍ ആവശ്യപ്പെട്ടു തുടങ്ങി – ആദ്യം അവരുടെ ഫിലിപ്പിനോ ഉടമസ്ഥത തെളിയിക്കാന്‍, പിന്നീട് അറിയപ്പെടാത്ത പല പല കാരണങ്ങളാല്‍. “അതൊരു വല വീശലായിരുന്നു” റെസ്സ പറഞ്ഞു “നിരപരാധിത്വം തെളിയിക്കും വരെ കുറ്റവാളിയാകുന്ന അവസ്ഥയായിരുന്നു അത്. ഒരിക്കലും ഔദ്യോഗികമായ ഒരു കുറ്റാരോപണവും ഉണ്ടായിട്ടില്ല.”

ജനുവരിയില്‍ റാപ്ലെറിന്റെ ലൈസന്‍സ് അസാധുവാക്കിയതായി ഗവണ്‍മെന്റ് അറിയിച്ചു. മറ്റു വാര്‍ത്താ സംഘങ്ങള്‍ ഗവണ്‍മെന്റുമായുള്ള പോരാട്ടത്തില്‍ നിശ്ശബ്ദത പാലിച്ചപ്പോള്‍, റാപ്ലെര്‍ അതു ചെയ്തില്ല. റെസ്സ ഉടന്‍ തന്നെ അവരുടെ മനിലയിലെ ഓഫീസിനു മുന്നില്‍,മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ട് ഒരു പ്രസ് കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടി.

“ഇതു തടയാനാവുന്ന നല്ല വ്യക്തികള്‍ ഗവണ്‍മെന്റില്‍ ഇപ്പോഴും ഉണ്ടെന്നു വിശ്വസിക്കുകയാണ് ഞാന്‍. 33 വര്‍ഷത്തിലധികമായ ഞാനൊരു മാധ്യമ പ്രവര്‍ത്തകയാണ്. റാപ്ലെറില്‍ മാറ്റങ്ങള്‍ വേണമെന്നത് ഞങ്ങള്‍ നിരാകരിക്കുന്നു, ഭീഷണിക്കു വഴങ്ങാന്‍ ഞാനും വിസമ്മതിക്കുന്നു.” അവര്‍ പറയുന്നു.

ടൂറിസ്റ്റുകള്‍ക്ക് കന്യകമാരെ വാഗ്ദാനം ചെയ്തു ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ

കേസിപ്പോള്‍ അപ്പീല്‍ കോടതിയിലാണ്. തീരുമാനമെടുക്കാന്‍ ഒരു പതിറ്റാണ്ടില്‍ കൂടുതല്‍ എടുക്കുന്നതില്‍ പേരു കേട്ടതാണ് അപ്പീല്‍ കോടതി.നിയമനിര്‍മ്മാണ സമിതിയില്‍ സ്വന്തം ഇഷ്ട പ്രകാരം സുപ്രീം കോടതി ജഡ്ജിയെ നിയമിക്കാവുന്ന രീതിയില്‍ അധികാരകേന്ദ്രീകൃതമായ ഒരു പിടി ഡ്യുറ്റെര്‍ട്ടിനുണ്ട്.

ഡിജിറ്റല്‍ ലോകത്തും റാപ്ലെറിന്റെ പോരാട്ടം നിലനില്‍ക്കുന്നുണ്ട്. സൈറ്റിനെതിരെയുള്ള ഡ്യുറ്റെര്‍ട്ടിന്റെ അധിക്ഷേപത്തെ തുടര്‍ന്ന് 2016 ആഗസ്റ്റിലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ ഡ്യുറ്റെര്‍ട്ടിനെ സഹായിച്ച, “രൂപമാറ്റം വരികയും ആയുധധാരികളാവുകയും” ചെയ്ത ഒരു സാമൂഹ്യമാധ്യമ പ്രചാരണം റെസ്സ ശ്രദ്ധിക്കുന്നത്.

“ആദ്യത്തെ ലക്ഷ്യം മാധ്യമപ്രവര്‍ത്തകരായിരുന്നു” റെസ്സ പറയുന്നു. “നിര്‍ണ്ണായകമായ ചോദ്യങ്ങള്‍ ചോദിക്കുന്ന ഏതു മാധ്യമപ്രവര്‍ത്തകരും നിയമവിരുദ്ധമായ കൊലകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചോദ്യംചെയ്യുന്ന ഏതൊരാളും അധിക്ഷേപങ്ങളാല്‍ മൂടപ്പെട്ടു. വ്യാജമായ ഫെയ്സ്ബുക് അക്കൌണ്ടുകളില്‍നിന്നും ട്രോളുകളില്‍നിന്നും ബോട്സില്‍നിന്നും ക്രൂരമായ വധഭീഷണികള്‍ നേരിട്ടു. സ്ത്രീകള്‍ക്കു നേരെ എണ്ണിയാലൊടുങ്ങാത്ത ബലാല്‍സംഗ ഭീഷണികളും വധഭീഷണികളും മറ്റു സ്ത്രീവിരുദ്ധ ആക്രമണങ്ങളും ഉണ്ടായി. വെറുപ്പു സൃഷ്ടിക്കുക എന്നതായിരുന്നു അന്തിമലക്ഷ്യം. ഭിന്നാഭിപ്രായങ്ങളെയും നിര്‍ണ്ണായക ചോദ്യങ്ങളെയും വെറുപ്പിനാല്‍ നിശ്ശബ്ദമാക്കുക”.

അതിനുശേഷം അത് തീര്‍ത്തും ദയാരഹിതമായി. അതിന്റെ ഫലമായി റെസ്സ, റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷയുള്ള ഇടത്തേക്ക് അവരെ മാറ്റുകയും അവര്‍ക്ക് കൌണ്‍സിലിങ്ങ് ഏര്‍പ്പാടാക്കുകയും ചെയ്തു. ഒരു സമയത്ത് റെസ്സക്കു തന്നെ സമൂഹമാധ്യമങ്ങളില്‍നിന്ന് മണിക്കൂറില്‍ 90 വധഭീഷണി വന്നിരുന്നു.

ഡ്യുറ്റെര്‍ട്ടിന്റെ പങ്ക് ഇതില്‍ അത്ര അറിയപ്പെട്ടിരുന്നില്ല, അതിനാല്‍ത്തന്നെ തെളിയിക്കാന്‍ പ്രയാസവുമായിരുന്നു.2016 ഡിസംബറില്‍ റെസ്സ,ട്രോളുകളുടെ ക്രൂരമായ സമൂഹം പ്രസിഡന്റിന്റെ അജണ്ട ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ “ഞാന്‍ ഓണ്‍ലൈനില്‍ ഇല്ലെന്ന് അറിയാമല്ലോ” എന്ന ലളിതമായ മറുപടിയാണ് കിട്ടിയത്. “അദ്ദേഹത്തിന് അറിയാനിടയില്ല എങ്കിലും അത് സത്യമെന്ന് തോന്നിപ്പിക്കുന്ന നിരാസമാര്‍ഗ്ഗമാണ്. അങ്ങനെയാണ് തീവ്രവാദ തന്ത്രങ്ങളെ നമ്മള്‍ ഉപയോഗിക്കാറ്.” റെസ്സ പറയുന്നു.

‘മരണസംഘത്തിന്റെ മേയര്‍’ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആയപ്പോള്‍

ആ ആക്രമണങ്ങള്‍ക്ക് അതിന്റെ കൂലി കിട്ടിത്തുടങ്ങി. “യുദ്ധമുഖത്ത് മാധ്യമ ലേഖികയായി ഞാന്‍ പ്രവ്ര‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അനുഭവിക്കുന്നതിനെ അപേക്ഷിച്ച് അത് വളരെ എളുപ്പമായിരുന്നു എന്ന് എനിക്ക് പറയാനാവും – യുദ്ധം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, കുറഞ്ഞപക്ഷം ശത്രു ആരാണെന്നും അവരെവിടെ നിന്നാണ് വരുന്നതെന്നും നിങ്ങള്‍ക്കറിയാനാവും. ഇപ്പോള്‍ ക്രമാതീതമായ ഈ ആക്രമണങ്ങള്‍ എവിടെനിന്നു വരുന്നു എന്നതിനെപ്പറ്റി ഒരു രൂപവുമില്ല” റെസ്സ പറയുന്നു.

നിരവധി പ്രചാരകര്‍ക്ക്, റാപ്ലെറിന്റെ അതിജീവനം എന്നത് ഫിലിപ്പൈന്‍സിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിജീവനത്തില്‍നിന്ന് -ജനാധിപത്യത്തില്‍ നിന്നുതന്നെയും- വേറിട്ടു കാണാനാവുന്നില്ല. “സൂക്ഷ്മമായി നിരീക്ഷിക്കേണ്ടുന്ന മാറ്റത്തിലൂടെ” രാജ്യം കടന്നുപോവുകയാണെന്ന് വിശ്വസിക്കുമ്പോഴും, ഫിലിപ്പൈന്‍സിലെ ജനാധിപത്യത്തിന്റെ മരണമണി ഡ്യുറ്റെര്‍ട്ടിന് ഇനിയും മുഴക്കാനായിട്ടില്ലെന്ന് റെസ്സ പറയുന്നു.

“1986ലാണ് ഞാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. അന്നു മുതല്‍ ജനങ്ങളുടെ അധികാരം മാറിമറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ സ്വേച്ഛാധിപതിയും പെന്‍ഡുലം പോലെ ആടുന്നതും, തെക്കുകിഴക്കേ ഏഷ്യയിലെ ഏകാധിപത്യം ജനാധിപത്യത്തിന് വഴിമാറുന്നതും കണ്ടിട്ടുണ്ട്. പെന്‍ഡുലം തിരിച്ച് ആടുന്ന കാണുന്നത് എനിക്ക് സഹിക്കില്ല, ഞാന്‍ എന്റെ ഔദ്യോഗികജീവിതം അവസാനിപ്പിക്കും” റെസ്സ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍