UPDATES

വിദേശം

സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ സഹോദരിമാര്‍ക്ക് വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങിയത് എന്തുകൊണ്ട്? റഷ്യയെ നടുക്കിയ കൊലപാതകത്തിന് പിന്നില്‍

റഷ്യയിലായാലും കേരളത്തിലായാലും കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല

സ്വന്തം പെണ്മക്കളെ അച്ഛന്‍ ബലാല്‍സംഗം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? നിരന്തരം പീഡിപ്പിക്കപ്പെട്ടിട്ടും അവര്‍ അയാളുടെ കൂടെത്തന്നെ ജീവിക്കേണ്ടി വരുന്നതിനെ കുറിച്ച്? ഒരുപാട് പരാതിപ്പെട്ടിട്ടും പോലീസുപോലും തിരിഞ്ഞു നോക്കാത്തതിനെ കുറിച്ച്? ഒടുവില്‍ സ്വയം രക്ഷാര്‍ത്ഥം അച്ഛനെ കൊന്നുകളയുന്നതിനെ കുറിച്ച്? പിന്നീട് നിയമത്തിനു മുന്നില്‍ കൊലയാളികളാവുന്നതിനെ കുറിച്ച്? റഷ്യയിലെ ഖച്ചാടൂര്യൻ സഹോദരിമാര്‍ ഇത്തരം അവസ്ഥകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒരു വേനൽക്കാല രാത്രിയിലായിരുന്നു അത് സംഭവിച്ചത്. സഹോദരിമാരായ ക്രെസ്റ്റീന (18), ആഞ്ചലീന (19), മരിയ (20) എന്നിവര്‍ 57 കാരനായ അവരുടെ അച്ഛൻ മിഖായേലിന്റെ മുറിയിൽ കയറി. ഒരാളുടെ കൈവശം കുരുമുളക് സ്‌പ്രേ, മറ്റൊരാളുടെ കയ്യില്‍ കത്തി, ഒരാളൊരു ചുറ്റികയുമെടുത്തു. ഒന്നുറക്കെ നിലവിളിക്കാന്‍ പോലും അവസരം കൊടുക്കാതെ അവരയാളെ ആക്രമിച്ചു കൊലപ്പെടുത്തി. റഷ്യയെ നടുക്കിയ കൊലപാതകത്തിൽ ഈ സഹോദരിമാർ ഇപ്പോൾ വിചാരണ നേരിടുകയാണ്.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികനായിരുന്നു മിഖായേല്‍ ഖച്ചാടൂര്യൻ. അദ്ദേഹം തന്‍റെ അപ്പാർട്ട്മെന്റിൽ കത്തിയും തോക്കുകളുമടക്കമുള്ള പല തരത്തിലുള്ള ആയുധങ്ങളും ശേഖരിച്ചുവെച്ചിരുന്നു. 27 ജൂലൈ 2018 വൈകുന്നേരം മിഖായേല്‍ മക്കളെ ഓരോരുത്തരേ തന്‍റെ റൂമിലേക്ക് വിളിച്ചു. മുഖത്ത് കുരുമുളക് വാതകം അടിച്ചു. ഫ്ലാറ്റ് അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ വൃത്തിയാക്കിയില്ല എന്നതായിരുന്നു അവര്‍ ചെയ്ത തെറ്റ്. അതവരെ സംബന്ധിച്ച് പുതുമയുള്ള കാര്യമൊന്നും അല്ലായിരുന്നു.

മിഖായേല്‍ അവരെ മക്കാളായല്ല മറ്റെന്തോ വസ്തുക്കളായിട്ടാണ് കണ്ടിരുന്നത്. അത് അയാളുടേതായി പോലീസിനു ലഭിച്ച ഓഡിയോ ക്ലിപ്പുകളില്‍നിന്നും വ്യക്തവുമായിരുന്നു. അവരെ ക്രൂരമായി മര്‍ദ്ദിക്കും. വൃത്തികെട്ട അഭിസാരികകളെന്നു ആക്ഷേപിക്കും. കാമം മൂക്കുമ്പോള്‍ നിഷ്ഠൂരമായി ബലാല്‍സംഗം ചെയ്യും. അവരുടെ നിലവിളികള്‍ അകലെയുള്ള വീടുകളിലേക്കുപോലും കേള്‍ക്കുമായിരുന്നു. പക്ഷെ ആരും ഒന്നു അന്വേഷിക്കാന്‍ പോലും തയ്യാറായിരുന്നില്ല. അവരുടെ അമ്മ യുറേലിയ ദുണ്ടുക്കിനെ വീട്ടില്‍നിന്നും 2015-ൽ ആട്ടിപ്പുറത്താക്കിയതാണ്. പോയില്ലെങ്കിൽ പെൺമക്കളെ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഞങ്ങളുണ്ട് കൂടെ

കുടുംബവും സമൂഹവും നിയമവ്യവസ്ഥകളുമെല്ലാം ഒരേപോലെ കണ്ണടച്ചപ്പോള്‍ അവര്‍ക്കു മുന്‍പില്‍ തെളിഞ്ഞ ഏക മാര്‍ഗ്ഗമായിരുന്നു അത്. എന്നാലിപ്പോള്‍ മനസിനും ശരീരത്തിനും മുറിവേറ്റ് വേദനയുടെ കടുത്ത നിശ്ശബ്ദതകളില്‍ കഴിയുന്ന പെണ്‍കുട്ടികളെ നിഷ്കരുണം അവഗണിക്കാന്‍ കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് റഷ്യന്‍ ജനത. ‘ഈ കുട്ടികള്‍ പിന്നെ എന്തു ചെയ്യണമായിരുന്നു’ എന്ന് അവര്‍ നിയമ വ്യവസ്ഥയോടുതന്നെ ചോദിക്കുകയാണ്. അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നു ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു. നിലവിലെ വ്യവസ്ഥയാണ് ആദ്യം മാറേണ്ടതെന്ന് അവര്‍ ഉറക്കെ വിളിച്ചു പറയുന്നു. ഈ സംവിധാനങ്ങള്‍ മാറ്റിയില്ലെങ്കിൽ ആർക്കും അവരുടെ അതേ അവസ്ഥ ഉണ്ടാകാമെന്ന് അവര്‍ ആശങ്കപ്പെടുന്നു.

മോസ്കോയിലെ തെരുവുകളില്‍ ഖച്ചാടൂര്യൻ സഹോദരിമാര്‍ക്കു വേണ്ടിയിലുള്ള സമരങ്ങള്‍ നടക്കുന്നുണ്ട്. ‘ഒരു പരിഷ്‌കൃത രാജ്യത്ത്, ഈ പെൺകുട്ടികളെ ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിലേക്കാണ്, ജയിലുകളിലേക്കല്ല അയക്കേണ്ടത്’ എന്ന് അവരുയര്‍ത്തി പിടിച്ച പ്ലക്കാടുകളില്‍ കാണാം. ‘ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് സ്ത്രീകൾക്ക് മാത്രമല്ല, റഷ്യൻ ഫെഡറേഷനിലെ പുരുഷന്മാർക്കും നന്നായി അറിയാം’ എന്ന് അവര്‍ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷക അലിയോന പോപോവ പറയുന്നു.

മാറ്റുവിന്‍ ചട്ടങ്ങളെ

റഷ്യയിലെ സ്ത്രീകൾ സ്വയം പ്രതിരോധിക്കുമ്പോള്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ചിലര്‍ ഇപ്പോഴും അഴിക്കുള്ളിലാണ്, മറ്റുചിലരാകട്ടെ അതിനേക്കാള്‍ മോശം അവസ്ഥയിലും. റഷ്യയിൽ ഗാർഹിക പീഡനം മൂലം പ്രതിവർഷം 12,000 സ്ത്രീകൾ മരണപ്പെടുന്നുവെന്നാണ് റഷ്യൻ വാർത്താ ഏജൻസി സൈറ്റായ ‘ആർ‌ഐ‌എ നോവോസ്റ്റി’ പറയുന്നത്.

2017-ൽ റഷ്യ ഗാർഹിക പീഡന നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. പുതിയ നിയമങ്ങൾ അനുസരിച്ച്, സ്വന്തം കുടുംബത്തിലെ ഒരാളെ അടിക്കുകയും, മുറിവേൽപ്പിക്കുകയും ചെയ്‌താല്‍ പരമാവധി ലഭിക്കുന്ന ശിക്ഷ പിഴയാണ്. അതേ കുറ്റകൃത്യം വർഷത്തിൽ ഒന്നിലധികം തവണ ആവർത്തിക്കരുത് എന്ന ശാസനയും നല്‍കും. അത്രമാത്രം. ഇരകള്‍ കാലാകാലം അനുഭവിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് ഈ നിയങ്ങളാണ് ആദ്യം പരിഷ്കരിക്കേണ്ടതെന്ന് റഷ്യയിലെ ജനങ്ങള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഈ ലോകം ഇങ്ങനെയൊക്കെയാണ്

തൊടുപുഴയിൽ ഒരു കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്‍റെ വാർത്തകളും ചിത്രങ്ങളുംകണ്ട് ആശങ്കപ്പെട്ടവരാണ് നമ്മള്‍ മലയാളികള്‍. റഷ്യയിലായാലും കേരളത്തിലായാലും കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും നേരിടേണ്ടി വരുന്നു എന്നാണ് പറയുന്നത്. പുറമേയുളള മുറിവുകൾ ഒരു പരിധിവരെ ചികിത്സിച്ചു ഭേദമാക്കാം. പക്ഷേ മാനസിക ആഘാതങ്ങൾ അവരെക്കൊണ്ട് എന്തൊക്കെ ചെയ്യിപ്പിക്കുമെന്ന് ഊഹിക്കാന്‍ കഴിയില്ല. അതൊരുപക്ഷെ അവരെ കൊലപാതകികള്‍ പോലും ആക്കിയേക്കാം, ഖച്ചാടൂര്യൻ സഹോദരിമാരെപ്പോലെ.

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍