UPDATES

വിദേശം

അഫ്ഗാനില്‍ നടന്നത് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടക്കൊല; കൊല്ലപ്പെട്ടത് 10 മാധ്യമ പ്രവര്‍ത്തകര്‍; ഞെട്ടിത്തെറിച്ച് മാധ്യമ ലോകം

2001-ലെ താലിബാന്‍റെ പതനത്തിനുശേഷം ഇതാദ്യമായാണ് ഇത്രയധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്

അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഇന്നലെ ഐസിസ് നടത്തിയ ഇരട്ട ചാവേർ സ്ഫോടനത്തില്‍ 10 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 6 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഫ്രഞ്ച് വാർത്ത ഏജൻസിയായ എ.എഫ്.പിയിലെ മുതിർന്ന ഫോട്ടോഗ്രാഫർ ഷാ മറായിയും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ഷാദരക് പ്രദേശത്തെ യു.എസ് ഇന്‍റലിജന്‍സ് ഓഫിസിനടുത്താണ് ആദ്യ സ്ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ്‌ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. 15 മിനിറ്റിനുശേഷം അടുത്ത സ്ഫോടനവും നടന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും മാധ്യമ പ്രവര്‍ത്തകരുമാണ് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്.

ആദ്യ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെ വീണ്ടും സ്ഫോടനമുണ്ടായപ്പോഴാണ്‌ ഷാ മറായിക്ക് ജീവന്‍ നഷ്ടമായത്. 2001-ലെ യുഎസ് അധിനിവേശത്തിന്‍റെത് ഉൾപ്പെടെയുള്ള മറായി നല്‍കിയ വാർത്തകളും ചിത്രങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

ഖോസ്റ്റ് പ്രൊവിന്‍സില്‍ ഉണ്ടായ മറ്റൊരു ആക്രണത്തില്‍ ബി.ബി.സി റിപ്പോര്‍ട്ടര്‍ അഹമ്മദ് ഷാ കൊല്ലപ്പെട്ടു. അജ്ഞാതനായയ ആയുധധാരി അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മഹ്റം ദുറാനി, ഇബാദുള്ള ഹാനാൻസായ്, സാബാവൂൺ കക്കർ എന്നിവരുൾപ്പെടെ അഫ്ഗാനിലെ പ്രാദേശിക മാധ്യമമായ ആസാദില്‍നിന്നുള്ള മൂന്ന് പേരും കൊല്ലപ്പെട്ടു. വണ്‍ ടി.വിയിൽ നിന്നുള്ള ഘാസി റസൂലി, നൊറോസ് അലി റാജി എന്നിവരും, മാഷൽ ടി.വിയിൽ നിന്നുള്ള സലിം തലാശ്, അലി സലീമി എന്നിവരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.

2001-ലെ താലിബാന്‍റെ പതനത്തിനുശേഷം ഇതാദ്യമായാണ് ഇത്രയധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. 2016 ജനുവരിയിൽ നടന്ന ബോംബാക്രമണത്തില്‍ ടോളോ ടിവിയിലെ ഏഴ് ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ‘അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍, ആ രാജ്യത്ത് മാധ്യമങ്ങള്‍ എത്രത്തോളം അപകടത്തിലാണെന്നും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്‍റെ ശത്രുക്കള്‍ ഏത്ര പൈശാചികമായാണ് പ്രവര്‍ത്തിക്കുന്നത് എന്നുമുള്ള ഓർമ്മപ്പെടുത്തലാണ്’, പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് ഏഷ്യ പ്രോഗ്രാം കോർഡിനേറ്റർ സ്റ്റീവൻ ബട്ട്ലർ പറഞ്ഞു.

അതേസമയം, തെക്കൻ അഫ്ഗാനിസ്ഥാനിൽ വിദേശ സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു. വിദേശ, അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേർക്ക് ആക്രമണത്തില്‍‌ പരിക്കേറ്റു. കാണ്ടഹാറിന്‍റെ തെക്കൻ പ്രവിശ്യയില്‍ സ്ഫോടക വസ്തുക്കൾ നിറച്ച കാറുപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍