UPDATES

വിദേശം

മാധ്യമപ്രവര്‍ത്തകനെ ക്ലാസ് റൂമില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെടിവച്ച് കൊന്നു; 2017ല്‍ മെക്സിക്കോയില്‍ കൊല്ലപ്പെടുന്ന 12-ാമത് മാധ്യമപ്രവര്‍ത്തകന്‍

ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന രാജ്യം എന്നതില്‍ സിറിയയ്ക്ക് ഒപ്പമെത്തുകയാണ് മെക്‌സിക്കോ. ഈ വര്‍ഷം മെക്‌സിക്കോയില്‍ കൊല്ലപ്പെടുന്ന 12-ാമത് മാധ്യമ പ്രവര്‍ത്തകനാണ് അഗിലാന്റോ എന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേര്‍സ് പറയുന്നു.

മകന്റെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനെത്തിയ മെക്‌സിക്കന്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. മെക്‌സിക്കന്‍ നഗരമായ അകായുകാനിലാണ് ഗുമാരോ പെരെസ് അഗിലാന്റോ എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കൊലയാളിസംഘം ക്ലാസ്‌റൂമിലേയ്ക്ക് ഇരച്ചുകയറി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ചാണ് അഗിലാന്റോയെ വെടിവച്ച് കൊന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മെക്‌സിക്കോയില്‍ കൊല്ലപ്പെടുന്ന 12-ാമത് മാധ്യമ പ്രവര്‍ത്തകനാണ് അഗിലാന്റോ എന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേര്‍സ് പറയുന്നു. ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന രാജ്യം എന്നതില്‍ സിറിയയ്ക്ക് ഒപ്പമെത്തുകയാണ് മെക്‌സിക്കോ.

മെക്‌സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്തെ അകായുകാന്‍ നഗരം മയക്കുമരുന്ന് വ്യാപാരത്തിനും കുറ്റകൃത്യങ്ങള്‍ക്കും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധി നേടിയ പ്രദേശമാണ്. ഇവിടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി പൊലീസ് കേസുകളുമായി ബന്ധപ്പെട്ടും മറ്റും അഗിലാന്റോ നിരവധി റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. ലാ വോസ് ഡെലല്‍ സുര്‍ എന്ന പേരില്‍ ഒരു ന്യൂസ് വെബ് സൈറ്റും തുടങ്ങിയിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം തനിക്കെതിരെ ഭീഷണിയുള്ളതായി പെരസ് അഗിലാന്റോ ഇതുവരെ പരാതിയൊന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ദ കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് പ്രസിഡന്റ് അന ലോറ പെരസ് മെന്‍ഡോസ പറയുന്നത്. അകായുകാനില്‍ അടുത്തിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകനാണ് അഗിലാന്റോ. എല്‍ ഡയറിയോ ഡി അകായുകാന്‍ റിപ്പോര്‍ട്ടറായ കാന്‍ഡിഡോ റയസ് വാസ്‌കസ് ഓഗസ്റ്റില്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തിന്റെ മേയറില്‍ നിന്ന് തന്നെ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ മാസം ഹോണ്ടുറാസ് സ്വദേശിയായ ഫോട്ടോ ജേണലിസ്റ്റ് എഡ്വിന്‍ റിവേറ പാസ് ഇവിടെ കൊല്ലപ്പെട്ടു. ഹോണ്ടുറാസില്‍ തന്റെ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് ശേഷം മെക്‌സിക്കോയിലേയ്ക്ക് പലായനം ചെയ്തതായിരുന്നു എഡ്വിന്‍ റിവേറ.

ലോകത്ത് തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നായാണ് വെരാക്രൂസ് അറിയപ്പെടുന്നത്. 2010-16 കാലത്ത് ഇവിടെ 19 റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ചിഹോഹ്വ സംസ്ഥാനത്ത് ക്രൈം റിപ്പോര്‍ട്ടറായിരുന്ന മിറോസ്ലാവ ബ്രീ്ച്ച് കൊല്ലപ്പെട്ടത് കുട്ടിയെ സ്‌കൂളില്‍ വിടാന്‍ കാര്‍ ഓടിച്ച് പോകുമ്പോളാണ്. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്ന നോര്‍തെ എന്ന പത്രം ഉടമകള്‍ അടച്ചുപൂട്ടി. മേയില്‍ സിനലോവ സംസ്ഥാനത്തെ റിയോഡോസ് എന്ന വാരികയുടെ സ്ഥാപക എഡിറ്ററായ ഹാവിയര്‍ വാള്‍ഡസിനെ ഓഫീസില്‍ നിന്ന് മടങ്ങുമ്പോളാണ് കാറില്‍ നിന്ന് പിടിച്ചിറക്കി വെടിവച്ച് കൊന്നത്. നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ മെക്‌സിക്കന്‍ ഗവണ്‍മെന്റോ പ്രവിശ്യാ, പ്രാദേശിക ഭരണകൂടങ്ങളെ ഈ മാഫിയകള്‍ക്കെതിരെ യാതൊരു നീക്കവും നടത്തുന്നില്ലെന്ന പരാതി മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍