UPDATES

വിദേശം

“വരൂ, ഈ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കൂ”: കുട്ടികളെ കൂട്ടിലടയ്ക്കുന്ന ട്രംപിന്റെ ക്രൂരതയ്ക്കെതിരെ അമേരിക്കയുടെ പ്രതിഷേധം

2342 കുട്ടികളെ 2206 പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ നിന്ന് പിരിച്ചതായാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. കൂട്ടിലടയ്ക്കപ്പെട്ട കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും ലോകവ്യാപകമായി അമേരിക്കയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയാണ്.

യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാനെന്ന പേരില്‍ ട്രംപ് ഗവണ്‍മെന്റ് നടപ്പാക്കി വരുന്ന ഫാമിലി സെപ്പറേഷന്‍ പോളിസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്ന മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ അടക്കമുള്ള നയങ്ങളുമായി ചേര്‍ന്നുപോകുന്നതാണ് യുഎസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അതിര്‍ത്തിയില്‍ നടപ്പാക്കി വരുന്നത്. എന്നാല്‍ പൊതുജനാഭിപ്രായം ദിനം പ്രതി ട്രംപിനെതിരായി ശക്തമാവുകയാണ് എന്ന് ഗാര്‍ഡിയനും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി നാഷണല്‍ പോളില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും സെപ്പറേഷന്‍ പോളിസിയെ എതിര്‍ക്കുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുന്ന സെപ്പറേഷന്‍ പോളിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപിന്റെ ഭാര്യ മെലാനിയ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുന്‍ പ്രസിഡന്റുമാരുടെ ഭാര്യമാരായ ഫസ്റ്റ് ലേഡിമാര്‍, വിവിധ ക്രൈസ്തവ സഭകള്‍, രാഷ്ട്രീയ നിരീക്ഷകര്‍, ബിസിനസുകാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പെട്ടവര്‍ ട്രംപിന്റെ സെപ്പറേഷന്‍ പോളിസിക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളെ ജയിലിലടക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇവരെ മാതാപിതാക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വേര്‍തിരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ സെപ്പറേഷന്‍ പോളിസി തുടരാന്‍ തന്നെയാണ് തീരുമാനമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കുടിയേറ്റക്കാരെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുന്നതിനായി കുടിയേറ്റക്കാരായ ക്രിമിനലുകള്‍ക്ക് യുഎസ് പൗരത്വം കിട്ടാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണവും കുടിയേറ്റ വിരുദ്ധതയും ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനിന്നിരുന്നു.  “Build the wall” മുദ്രാവാക്യങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു അവ.

ZERO TOLERANCE എന്നാണ് കുടുംബ വിഭജന നയത്തിനിട്ടിരിക്കുന്ന പേര്. ക്വിന്നിപിയാക് അഭിപ്രായ സര്‍വേയില്‍ 55 ശതമാനം പേരും ഈ പോളിസിയെ എതിര്‍ക്കുകയാണ്. 58 ശതമാനം പേര്‍ മെക്‌സിക്കന്‍ മതില്‍ പദ്ധതിയെ എതിര്‍ക്കുന്നു. അഞ്ചില്‍ നാല് വോട്ടര്‍മാരും കുട്ടികളെ യുഎസിലേയ്ക്ക് കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നു. 2342 കുട്ടികളെ 2206 പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ നിന്ന് പിരിച്ചതായാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. നവംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവേ റിപ്പബ്ലിക്കന്മാരെ ഇത് അസ്വസ്ഥരാക്കുന്നുണ്ട്. ഇത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിനെ സംബന്ധിച്ച് കത്രീന ചുഴലിക്കൊടുങ്കാറ്റ് പോലെ നാശം വിതയ്ക്കുന്ന ഒന്നായിരിക്കും നവംബറിലെ തിരഞ്ഞെടുപ്പെന്ന് ആക്‌സിയോസ് വെബ്‌സൈറ്റ് അഭിപ്രായപ്പെടുന്നു.

കൂട്ടിലടയ്ക്കപ്പെട്ട കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും ലോകവ്യാപകമായി അമേരിക്കയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയാണ്. ജൂണ്‍ 12ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുകള്‍ ടെക്‌സാസിന് സമീപത്ത് നിന്ന്, ഹോണ്ടുറാസുകാരായ ഒരു അച്ഛനേയും ആണ്‍കുട്ടിയേയും കസ്റ്റഡിയിലെടുക്കുന്നു. തുടര്‍ന്ന് സെപ്പറേഷന്‍ നടപടിക്കായി പ്രൊസസിംഗ് സെന്ററിലേയ്ക്ക് അയയ്ക്കുന്നു. രക്ഷിതാക്കളില്‍ നിന്ന് യുഎസ് അധികൃതര്‍ വേര്‍പെടുത്തിയ കുട്ടികളുടെ ഹൃദയഭേദകമായ കരച്ചിലിന്റെ ഓഡിയോ പ്രൊ പബ്ലിക്ക പുറത്തുവിട്ടിട്ടുണ്ട്. എന്‍ജിഒ ആയ പ്രോ പബ്ലിക്കയാണ് ഓഡിയോ പുറത്തുവിട്ടത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡിറ്റക്ഷന്‍ ഫെസിലിറ്റിയിയില്‍ നിന്ന് പ്രോ പബ്ലിക്കയ്ക്ക് ഈ ഓഡിയോ ലഭിച്ചിരിക്കുന്നത്. നാലിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെയുള്ളത്. ആറ് വയസുകാരി അലിസണ്‍ ജിമെന വലെന്‍സിയയെ കഴിഞ്ഞയാഴ്ചയാണ് അമ്മയില്‍ നിന്ന്് യുഎസ് അധികൃതര്‍ വേര്‍പെടുത്തിയ്. അലിസണ്‍ ജിമെന അടക്കമുള്ള കുട്ടികളുടെ ശബ്ദങ്ങളാണ് ഓഡിയോയില്‍.

അതേസമയം രാഷ്ട്രീയ നടപടികളില്‍ കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അരിസോണ സെനറ്ററും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ മക്കെയ്ന്‍ പറഞ്ഞു. ട്രംപ് ഗവണ്‍മെന്റിന്റെ നിലവിലെ സെപ്പറേഷന്‍ പോളിസി അമേരിക്കക്കാര്‍ക്ക് അപമാനകരമാണെന്നും അമേരിക്കന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് അത് എതിരാണെന്നും മക്കെയ്ന്‍ പറഞ്ഞു. ഗവണ്‍മെന്റിന് ഈ നടപടി റദ്ദാക്കാന്‍ കഴിയും. അവര്‍ അത് ചെയ്യണം – ട്വീറ്റില്‍ മക്കെയ്ന്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പക്ഷത്ത് ട്രംപിന്റെ പ്രധാന എതിരാളികളിലൊരാളായിരുന്ന ടെഡ് ക്രൂസ് ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ടെഡ് ക്രൂസ് മുന്നോട്ടുവച്ച അടിയന്തര ലെജിസ്ലേഷന്‍ പരിശോധിച്ചുവരുകയാണ് എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ടെക്്‌സാസിലെ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് കസ്റ്റഡിയിലുള്ള കുടിയേറ്റക്കാരെ കാണുന്നുണ്ട്. സെപ്പറേഷന്‍ പോളിസിയെ ശക്തമായി അപലപിച്ച് മെക്‌സിക്കോ വിദേശകാര്യ മന്ത്രി ലൂയിസ് വിദെഗാരെ രംഗത്തെത്തി. ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കൂടുതലായും ട്രംപിന്റെ സെപ്പറേഷന്‍ പോളിസിക്ക് ഇരകളായിരിക്കുന്നത്. ഒരു ശതമാനം മാത്രമാണ് മെക്‌സിക്കോയില്‍ നിന്നുള്ളവരെന്നും വിദെഗാരെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മെക്‌സിക്കോയ്ക്ക് ഇക്കാര്യത്തില്‍ മനുഷ്യത്വപരമായി ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍