UPDATES

വിദേശം

വെനിസ്വേലയില്‍ അട്ടിമറിക്ക് ശ്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; മഡൂറോയ്ക്ക് സൈന്യത്തിന്റെ പിന്തുണ

കാര്യങ്ങള്‍ മനസിലായെങ്കില്‍, എന്തെങ്കിലും യുക്തിബോധമുണ്ടെങ്കില്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം വെനിസ്വേല വിടണമെന്ന് മഡൂറോ ആവശ്യപ്പെട്ടു.

ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം ശക്തമായ വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് പിന്തുണയുമായി സൈന്യം. മഡൂറോ ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് യുഎസ് പിന്തുണ നല്‍കുകയും പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗയ്‌ഡോയെ പ്രസിഡന്റായി കാണുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വെനിസ്വേലയ്ക്ക് ശക്തമായ പിന്തുണയുമായി റഷ്യ രംഗത്തെത്തി. ഗവണ്‍മെന്റിനെ അട്ടിറിക്കുന്ന നീക്കങ്ങളെ സഹായിക്കും വിധം യുഎസ് ഇടപെടരുതെന്ന് റഷ്യ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ ശീതയുദ്ധത്തിന് സമാനമായ അവസ്ഥയിലെത്തിയിരിക്കുകയാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് അഭിപ്രായപ്പെടുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, മഡൂറോയുമായി ഫോണില്‍ ബന്ധപ്പെട്ടതായും പിന്തുണ അറിയിച്ചതായും ക്രെംലിന്റെ (റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ്) ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.

മഡൂറോയെ പിന്തുണക്കരുതെന്ന് മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോട് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. അഴിമതി നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമാണ് മഡൂറോയുടെ ഭരണമെന്ന് പോംപിയോ കുറ്റപ്പെടുത്തി. വെനിസ്വേയലെ സാമ്പത്തികമായി തകര്‍ക്കുകയാണ് മഡൂറോ ഗവണ്‍മെന്റ് – യുഎസ് വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി. ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് 20 മില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 142.03 കോടി ഇന്ത്യന്‍ രൂപ) ധനസഹായവും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രൂക്ഷമായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി പ്രത്യേക യോഗം ചേരണമെന്നും യുഎസ് ആവശ്യപ്പെട്ടു. മഡൂറോ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് രണ്ടാം തവണ പ്രസിഡന്റ് ആയത് എന്ന് പ്രതിപക്ഷവും യുഎസും ആരോപിക്കുന്നു. താനാണ് ശരിക്കും പ്രസിഡന്റ് എന്ന് ഹുവാന്‍ ഗയ്ഡോ അവകാശപ്പെട്ടിരുന്നു.

പ്രതിപക്ഷ നേതാവിനെയാണ് പ്രസിഡന്റായി കാണുന്നത് എന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ യുഎസുമായുള്ള നയതന്ത്ര ബന്ധം മഡൂറോ വിച്ഛേദിക്കുകയും നയതന്ത്ര പ്രതിനിധികളോട് 72 മണിക്കൂറിനുള്ളില്‍ രാജ്യത്തേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുഎസും കാരക്കാസിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലരേയും കുടുംബാംഗങ്ങളേയും തിരിച്ചുവിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ യുഎസ് എംബസി അടക്കാന്‍ ഉദ്ദേശമില്ലെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നത്. അതേസമയം കാര്യങ്ങള്‍ മനസിലായെങ്കില്‍, എന്തെങ്കിലും യുക്തിബോധമുണ്ടെങ്കില്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം വെനിസ്വേല വിടണമെന്ന് മഡൂറോ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍