UPDATES

വിദേശം

മോദി-ട്രംപ് കൂടിക്കാഴ്ച; രണ്ട് ദേശീയവാദി നേതാക്കള്‍ കണ്ടുമുട്ടുമ്പോള്‍ പ്രതീക്ഷകള്‍ പരിമിതമോ?

ഇന്ത്യ-യുഎസ് ബന്ധത്തിന്റെ അടിത്തറ ശക്തമായിരിക്കാം. എന്നാല്‍ ട്രംപ് ഭരണകൂടത്തിന് കീഴില്‍ അത് ഏത് രീതിയില്‍ അഭിവൃദ്ധിപ്പെടും എന്നത് ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ഒരു ചോദ്യമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ഇതിനുമുള്ള നാല് യുഎസ് സന്ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രതീക്ഷകള്‍ പരിമിതമാണ്.

പുതിയ സംവാദദിശ നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇരു നേതാക്കള്‍ക്കും വിട്ടുകൊടുക്കുന്നുവെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അതിനെ കുറിച്ച് വിശദീകരിക്കട്ടെ എന്നതാണ് അവരുടെ നിലപാട്. മോദിക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നല്‍കുകയും പ്രസിഡന്റ് ട്രംപ് അധികാരത്തിലേറ്റ ശേഷം വൈറ്റ് ഹൗസിലേക്ക് അത്താഴത്തിന് ക്ഷണിക്കപ്പെടുന്ന ആദ്യ നേതാവ് മോദിയാവുകയും ചെയ്യുന്ന കാര്യവും സൂചിപ്പിച്ചുകൊണ്ട് അവര്‍ യഥാര്‍ത്ഥത്തില്‍ അത് നിര്‍വഹിച്ചുകഴിഞ്ഞു.

വിശാല ചര്‍ച്ചകള്‍ പരിചിതമായ വിഷയങ്ങളില്‍ ഒതുങ്ങും: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പങ്കാളിത്തം, ഇന്തോ-പസഫിക് മേഖലയിലെ പൊതു താല്‍പര്യങ്ങള്‍, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന സഹകരണം.

വ്യക്തിപരമായ ശൈലികളെ അമിതമായി ആശ്രിയിക്കുന്ന ഈ രണ്ട് നേതാക്കളും ഈ വിഷയങ്ങളെ എങ്ങനെ സമീപിക്കും എന്നതിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. സ്വന്തം രീതിയില്‍ ഇരുവരും ദേശീയവാദികളാണ്. വ്യത്യസ്തമായ രാഷ്ട്രീയ ശൈലികളുടെയും രാഷ്ട്രീയ വാചാടോപങ്ങളുടെയും ട്വീറ്റുകളോടുള്ള സ്‌നേഹത്തിന്റെയും പേരില്‍ പ്രസിദ്ധരുമാണ് ഇരുവരും.

പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ അഞ്ചാം യുഎസ് സന്ദര്‍ശനമാണിത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ഒരു റോക്ക് താരത്തെപ്പോലെ ഇന്ത്യന്‍ വംശജരെ മോദി അഭിസംബോധന ചെയ്തതായിരുന്നു 2014ല്‍ നടന്ന ആദ്യ സന്ദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. രണ്ടാം സന്ദര്‍ശനത്തില്‍ ഒരു പ്രമുഖ വാണിജ്യവക്താവിന്റെ ആകര്‍ഷണത്തോടെ അദ്ദേഹം കാലിഫോര്‍ണിയയെ പിടിച്ചുകുലുക്കി.

കഴിഞ്ഞ വര്‍ഷം നടന്ന ആണവ സുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി പിന്നീട് അമേരിക്ക സന്ദര്‍ശിച്ചത്. അന്നത്തെ പ്രസിഡന്റ് ബാരക് ഒബാമയുടെ ക്ഷണപ്രകാരമായിരുന്നു മോദിയുടെ നാലാമത്തെ യുഎസ് സന്ദര്‍ശനം. പ്രസിഡന്റ് പദവിയിലുള്ള തന്റെ രണ്ടാം ഊഴം അവസാനിക്കുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ ക്ഷണിക്കപ്പെടേണ്ട അപൂര്‍വം ലോക നേതാക്കളില്‍ ഒരാളായിരിക്കണം മോദിയെന്ന് ഒബാമ ആഗ്രഹിച്ചിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ ഒരു സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്തു. പക്ഷെ ഇപ്പോള്‍ സ്ഥിതിഗതികള്‍ വല്ലാതെ മാറിയിരിക്കുന്നു. ഇന്ത്യയുമായുള്ള ബന്ധത്തെ എങ്ങനെ കാണുന്നുവെന്നതിനെ കുറിച്ചും പ്രദേശത്തെ ഇന്ത്യ-യുഎസ് സഹകരണത്തെ എങ്ങനെ പ്രതിഷ്ഠിക്കുന്നു എന്നതിനെ കുറിച്ചും കൂടുതലായൊന്നും വ്യക്തമാക്കാത്ത ഒരു പുതിയ പ്രസിഡന്റാണ് അവിടെയുള്ളത്.

അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കാന്‍ കുടിയേറ്റക്കാര്‍ ശ്രമിക്കുന്നതിനെതിരെ ട്രംപ് സ്ഥിരമായി സംസാരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യുന്നത് പോലും സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ട ഒന്നായി മാറുന്നു.

പാരീസ് കാലവസ്ഥ ഉടമ്പടിയില്‍ നിന്നും ട്രംപ് പിന്‍മാറിയ സാഹചര്യത്തില്‍ സഹകരണത്തിന്റെ സുപ്രധാന മേഖലകളില്‍ ഒന്നായ ഊര്‍ജ്ജമേഖലയ്ക്ക് അതിന്റെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യ-യുഎസ് ബന്ധത്തിന്റെ അടിത്തറ ശക്തമായിരിക്കാം. എന്നാല്‍ ട്രംപ് ഭരണകൂടത്തിന് കീഴില്‍ അത് ഏത് രീതിയില്‍ അഭിവൃദ്ധിപ്പെടും എന്നത് ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ഒരു ചോദ്യമാണ്. ഇന്നത്തെ മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ നിന്നും ഇതുസംബന്ധിച്ച നിര്‍ണായകമായ ചില സൂചനകള്‍ ലഭ്യമായേക്കാന്‍ സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍