UPDATES

വിദേശം

ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരന്‍ എന്ന് സിഐഎ

വിവിധ ഇന്റലിജന്‍സ് സ്രോതസുകളെ ആശ്രയിച്ചും വിവരങ്ങള്‍ പരിശോധിച്ചുമാണ് സിഐഎ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്ന് സിഐഎ നിഗമനം. സല്‍മാന്, ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ലെന്ന സൗദി വാദം തള്ളുന്നതാണ് സിഐഎ റിപ്പോര്‍ട്ട്. സൗദി അറബ്യയുമായുള്ള ബന്ധം ശക്തമമായി മുന്നോട്ടുപോകാനുള്ള ട്രംപ് ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് സിഐഎയുടെ നിഗമനം. സല്‍മാന് കൊലയില്‍ പങ്കുണ്ടെന്ന് കരുതാന്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് സിഐഎ വൃത്തങ്ങള്‍ പറയുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ ഇന്റലിജന്‍സ് സ്രോതസുകളെ ആശ്രയിച്ചും വിവരങ്ങള്‍ പരിശോധിച്ചുമാണ് സിഐഎ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. യുഎസിലെ സൗദി അംബാസഡറായ, സല്‍മാന്‍ രാജകുമാരന്റെ സഹോദരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ ഖഷോഗിയുമായി നടത്തിയിരുന്ന ഫോണ്‍ സംഭാഷണം അടക്കമുള്ള കാര്യങ്ങള്‍ സിഐഎ പരിഗണിച്ചിട്ടുണ്ട്. ഖഷോഗി കൊല്ലപ്പെടും എന്ന കാര്യം ഖാലിദിന് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഖാലിദ് ഖഷോഗിയെ വിളിച്ചത്. വിദേശ ഗവണ്‍മെന്റുകളില്‍ നിന്നടക്കം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎ ഇക്കാര്യം പറയുന്നത്. സല്‍മാന്റെ നിര്‍ദ്ദേശമില്ലാതെ ഇത്തരമൊരു വധം നടക്കില്ല എന്ന് യൂറോപ്യന്‍ രാജ്യങ്ങളും കരുതുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഖഷോഗി വധവുമായി ബന്ധപ്പെട്ട ഓഡിയോ കൈമാറിയിട്ടുണ്ട് എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞത്.

ഖഷോഗിയെ വധിച്ച സൗദി ഹിറ്റിംഗ് സ്‌ക്വാഡിലെ അംഗം എന്ന് കരുതുന്ന മാഹര്‍ മുത്രെബ് വധത്തിന് ശേഷം കോണ്‍സുലേറ്റില്‍ നിന്ന് ഫോണ്‍കോള്‍ നടത്തിയതായി പറയുന്നു. സല്‍മാന്റെ വിശ്വസ്തനാണ് മുത്രെബ്. വിളിച്ചത് സല്‍മാന്റെ മറ്റൊരു വിശ്വസ്തനായ സൗദ് അല്‍ ഖത്താനിയെ. ഓപ്പറേഷന്‍ പൂര്‍ത്തിയായതായി അറിയിച്ചു. കൊലപാതകം നടന്ന ദിവസം മുത്രെബ് കോണ്‍സുലേറ്റിനുള്ളിലേയ്ക്ക് പോയതായും പുറത്തുകടന്നതായും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

രേഖകള്‍ക്കായി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പോകാന്‍ ഖാലിദ് ഖഷോഗിയോട് നിര്‍ദ്ദേശിക്കുന്നുണ്ട്. കോണ്‍സുലേറ്റില്‍ പോകുന്നത് പൂര്‍ണമായും സുരക്ഷിതമായിരിക്കുമെന്ന് ഖാലിദ് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം തുര്‍ക്കിയില്‍ പോകുന്നതുമായി ബന്ധപ്പെട്ട് യാതൊരു കാര്യവും ഖാലിദ് ഖഷോഗിയുമായി സംസാരിച്ചിട്ടില്ല എന്നാണ് യുഎസിലെ സൗദി എംബസി വക്താവ് ഫാത്തിമ ബേഷന്‍ പറഞ്ഞത്. സിഐഎയുടെ നിഗമനം തെറ്റാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളാണ് ഇവയെന്നും സൗദി വക്താവ് പ്രതികരിച്ചു.

മുഹമ്മദ് ബിന്‍ സല്‍മാനെ നല്ലൊരു ടെക്‌നോക്രാറ്റ് ആയാണ് സിഐഎ കാണുന്നത് എന്നും എന്നാല്‍ അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമാണ് സല്‍മാനെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സൗദിയുടെ ഭരണം നിയന്ത്രിച്ചുവന്നിരുന്ന സല്‍മാന്റെ സ്വാധീനം, ഖഷോഗി വധത്തിന് ശേഷം കുറഞ്ഞിരിക്കുകയാണെന്ന് സിഐഎ വിലയിരുത്തുന്നു. സല്‍മാനെ സൗദി രക്ഷിക്കും. എന്നാല്‍ രാജാവാക്കുമോ എന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും സിഐഎ പറയുന്നു.

ഖഷോഗി വധത്തിന് പിന്നില്‍ സല്‍മാനാണ് എന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സല്‍മാനുമായി ട്രംപും ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജെറാര്‍ഡ് കുഷ്‌നറും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. സല്‍മാനെതിരായ ആരോപണങ്ങളില്‍ ട്രംപ് മൃദു സമീപനം പുലര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സല്‍മാന്‍ തന്നെയാകാം കൊലയ്ക്ക് പിന്നില്‍ എന്നും പിന്നീട് ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരായ നീക്കങ്ങള്‍ക്ക് സല്‍മാന്‍ സൗദിയില്‍ അധികാരത്തില്‍ തുടരേണ്ടത് ആവശ്യമാണ് എന്നാണ് ട്രംപിന്റെ നിലപാട്.

ഖഷോഗിയെ കോൺസുലേറ്റിൽ വെച്ച് വെട്ടിനുറുക്കിയെന്ന് സൗദി അറേബ്യ സമ്മതിച്ചു; സൽമാൻ രാജകുമാരന് പങ്കില്ലെന്നും വിശദീകരണം

ഖഷോഗി വധം: സൗദി സല്‍മാന്‍ രാജകുമാരന്റെ ചിറകരിയുന്നു?

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

ഖഷോഗിയുടെ മരണം ആസൂത്രിത കൊലപാതകം: തെളിവുകള്‍ നിരത്തി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍