UPDATES

വിദേശം

“നിരപരാധിയെന്ന് പറയാന്‍ കഴിയില്ല”; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സൂചന നല്കി റോബര്‍ട്ട് മുള്ളര്‍

പ്രസിഡന്റ് അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ല, അത് ഭരണഘടനാ വിരുദ്ധമാണ് എന്നും മുള്ളര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തെ നിശബ്ദതക്കൊടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സൂചന നല്കി, പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍. ട്രംപ് നിരപരാധിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുള്ളര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് മുള്ളര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‘പ്രസിഡന്റ് ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ഞങ്ങളത് വ്യക്തമായി പറയുമായിരുന്നു. എന്നാല്‍ അദ്ദേഹം കുറ്റം ചെയ്തു എന്ന അന്തിമ തീരുമാനത്തില്‍ ഞങ്ങള്‍ എത്തിയിട്ടുമില്ല’ എന്നാണ് മുള്ളര്‍ പറഞ്ഞത്. പ്രസിഡന്റ് അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ല, അത് ഭരണഘടനാ വിരുദ്ധമാണ് എന്നും മുള്ളര്‍ പറഞ്ഞു.

മുള്ളര്‍ റിപ്പോര്‍ട്ട് തന്നെ ‘കുറ്റവിമുക്തനാക്കിയിരിക്കുകയാണ്’ എന്ന ട്രപിന്റെ വാദവും,’നീതിന്യായ വകുപ്പിന്റെ നയത്തെ അടിസ്ഥാനമാക്കിയല്ല മുള്ളര്‍ തീരുമാനമെടുത്തത് എന്ന വില്ല്യം ബാറിന്റെ വാദവും മുള്ളറുടെ ഈ തുറന്നു പറച്ചിലും തമ്മില്‍ ഒരുപാട് വൈരുദ്ധ്യങ്ങള്‍ ഉണ്ട്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന് മുള്ളര്‍ സമര്‍പ്പിച്ച 448 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശിക്കുന്നില്ല. ട്രംപിനെതിരെയുള്ള പത്ത് ആരോപണങ്ങളാണ് പ്രധാനമായും അവര്‍ തിരിച്ചറിഞ്ഞത്. നീതിന്യായവകുപ്പിന്റെ. ഭാഗമാണ് പ്രത്യേക കൗണ്‍സിലില്‍ ഓഫീസെന്നും, അതിനാല്‍ തന്നെ ആ വകുപ്പിന്റെ ചട്ടപ്രകാരം തങ്ങള്‍ക്ക് പ്രസിഡന്റിതനെതിരെ കേസെടുക്കാന്‍ കഴിയില്ലായിരുന്നു എന്നും മുള്ളര്‍ വിശദീകരിച്ചു. ഇതു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ മറുപടിയുമായി ട്രംപിന്റെ ട്വീറ്റും വന്നു. ‘മുള്ളര്‍ റിപ്പോര്‍ട്ടില്‍ മാറ്റമൊന്നുമില്ല. തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ഒരു വ്യക്തി നിരപരാധിയാണ്. കേസ് അവസാനിച്ചു! നന്ദി’ എന്നാണ് ട്രംപ് പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍