UPDATES

വിദേശം

നവാസ് ഷെരീഫിന്റെ പതനം: പാകിസ്ഥാനില്‍ പട്ടാള ജനറല്‍മാര്‍ വീണ്ടും കരുത്തരാവുന്നു

ഷെരീഫിന്റെ പാര്‍ട്ടിയില്‍ മാത്രമല്ല, പാകിസ്ഥാനിലെ എല്ലാ ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ക്കിടയിലും ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥ ഈ കോടതി വിധി ഉണ്ടാക്കിയിട്ടുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ സുപ്രീംകോടതി, അഞ്ച് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. പനാമ പേപ്പേഴ്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്ന ഷെരീഫിന്റെ വിദേശത്തെ അനധികൃത സ്വത്ത്, നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വസ്തുതാപരമാണെന്ന ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (ജെഐടി) കണ്ടെത്തല്‍ അംഗീകരിച്ചാണ് ഷെരീഫിനെ കോടതി അയോഗ്യനാക്കിയത്.

ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്നില്‍ (പാകിസ്ഥാന്‍ മുസ്ലീംലീഗ് നവാസ്) പുതിയ നേതാവിനെ സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷെരീഫ് അടുത്ത പ്രധാനമന്ത്രിയാകും എന്നാണ് പാകിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ നിലവില്‍ പാര്‍ലമെന്റംഗം അല്ലാത്തതിനാല്‍ ഷഹ്ബസിന് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. അതുവരെ രാജ്യത്തിന് ഇടക്കാല പ്രധാനമന്ത്രിയായി പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ചുമതലയേല്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയില്‍ മാത്രമല്ല, പാകിസ്ഥാനിലെ എല്ലാ ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ക്കിടയിലും ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥ ഈ കോടതി വിധി ഉണ്ടാക്കിയിട്ടുണ്ട്. നവാസ് ഷെരീഫിന്റെ രണ്ട് ആണ്‍മക്കളും മകള്‍ മറിയം നവാസും കേസില്‍ പ്രതികളാണ്. നവാസിന് ശേഷം മറിയം പാര്‍ട്ടിയെ നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

അടുത്ത വര്‍ഷം മധ്യത്തോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബില്‍ പിഎംഎല്‍-എന്നിന് വലിയ മുന്‍തൂക്കമുണ്ട്. പ്രതിപക്ഷം ദുര്‍ബലമാണ്. ഈ സാഹചര്യത്തില്‍ പിഎംഎല്‍-എന്‍ നേരത്തെ തിരഞ്ഞെടുപ്പിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ട്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രികി ഇന്‍സാഫിന് (പിടിഐ) എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ഷെരീഫിനെതിരായ അഴിമതിയാരോപണം സംബന്ധിച്ച് ഏറ്റവും ശക്തമായി പ്രചാരണം നടത്തിയ ഇമ്രാന്‍ ഖാനായിരുന്നു.

പാകിസ്ഥാന്‍ സൈന്യവും പിഎംഎല്‍-എന്നും തമ്മിലുള്ള അധികാര സമവാക്യത്തെ പുതിയ മാറ്റം ബാധിക്കുമെന്നതും ഉറപ്പാണ്‌. തിരഞ്ഞെടുപ്പില്‍ നവാസ് ഷെരിഫിന് ലഭിച്ച ജനപിന്തുണ സൈന്യത്തെ ജാഗ്രതയിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഷെരീഫിനെതിരെ റാവല്‍പിണ്ടിയില്‍ നിന്ന് തുടങ്ങിയ വലിയ പ്രതിഷേധങ്ങള്‍ ആരാണ് പാകിസ്ഥാനില്‍ ശരിക്കും അധികാരം കയ്യാളുന്നത് എന്ന് വ്യക്തമാക്കി. കോടതിവിധി ഷെരീഫിന്റെ സ്വാധീനം കുറച്ച് സൈന്യത്തിന് സഹായകമായി. വീണ്ടും പട്ടാള ജനറല്‍മാര്‍ കരുത്തരാവുകയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസ്ഥിരവും അസ്വസ്ഥവുമാണ്. കാശ്മീരിലെ പ്രശ്‌നങ്ങളും നിയന്ത്രണരേഖയിലെ പരസ്പരമുള്ള ആക്രമണങ്ങളുമെല്ലാമാണ് കാരണം. ഷെരീഫ് ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ മൂലം ആവശ്യമായ ആയുധങ്ങളും പണവും ലഭിക്കുന്നില്ലെന്നുമുള്ള പരാതി പാകിസ്ഥാനി ഭീകര സംഘടനകള്‍ക്കുണ്ടായിരുന്നു. ഇന്ത്യയുമായി സാമ്പത്തിക ബന്ധം ശക്തമാക്കുന്നതില്‍ ഷെരീഫിന് താല്‍പര്യമുണ്ടായിരുന്നു. ഉഭയകക്ഷി പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ഷെരീഫ് താത്പര്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍