UPDATES

വിദേശം

നവാസ് ഷരീഫും മകളും അറസ്റ്റില്‍; ജയിലിലടച്ചു

ലാഹോര്‍ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇസ്ലാമബാദിലെ സിഹാല പൊലീസ് ട്രെയ്‌നിംഗ് കോളേജ് റെസ്റ്റ് ഹൗസിലേയ്ക്ക് കൊണ്ടുപോയ ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം റാവല്‍പിണ്ടിയിലെ അദിയാല സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകള്‍ മറിയം നവാസും അറസ്റ്റില്‍. അഴിമതി കേസിലാണ് അറസ്റ്റ്. ലണ്ടനില്‍ പ്രവാസജീവിതം നയിക്കുകയായിരുന്ന നവാസും മകളും ഇന്നലെ വൈകീട്ടാണ് അബുദാബി വഴി പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. ലാഹോര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഇരുവരേയും നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 8.45നാണ് ഇവരുടെ വിമാനം ലാന്‍ഡ് ചെയ്തത്.

ലാഹോര്‍ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇസ്ലാമബാദിലെ സിഹാല പൊലീസ് ട്രെയ്‌നിംഗ് കോളേജ് റെസ്റ്റ് ഹൗസിലേയ്ക്ക് കൊണ്ടുപോയ ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം റാവല്‍പിണ്ടിയിലെ അദിയാല സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഡോണ്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് അബുദാബി വിമാനത്താവളത്തില്‍ നിന്ന് ഫോണില്‍ നവാസ് ഷരീഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

നവാസും മറിയവും ലാഹോറില്‍ – വീഡിയോ

ട്രെയ്‌നിംഗ് കോളേജ് റെസ്റ്റ് ഹൗസിനെ സബ് ജയിലാക്കി മാറ്റിയിട്ടുണ്ട്. ഇരുവരേയും ഇവിടെയാണ് പാര്‍പ്പിക്കുകയെന്നും അതല്ല, മറിയത്തിനെ മാത്രമേ ഇവിടെ തടവിലാക്കൂ എന്നും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളുള്ളതായി ഡോണ്‍ പറയുന്നു. ലണ്ടനിലെ അവന്യൂഫീല്‍ഡിലെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ നവാസ് ഷരീഫിന് 10 വര്‍ഷവും മറിയം നവാസിന് ഏഴ് വര്‍ഷവും തടവുശിക്ഷയാണ് അക്കൗണ്ടബിളിറ്റി കോടതി വിധിച്ചത്. നവാസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും മറിയത്തിനെതിരെ ഗൂഢാലോചനയ്ക്കുമാണ് കേസ്.

ജൂലായ് 25ന് പാകിസ്ഥാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരുടേയും നാടകീയമായ മടങ്ങിവരവും അറസ്റ്റും. നൂറുകണക്കിന് പാകിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ്) പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നവാസിനും മറിയത്തിനും പിന്തുണയുമായി ആയിരക്കണക്കിന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് വലിയ സ്തംഭനമുണ്ടാക്കി.

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍