UPDATES

വിദേശം

റഷ്യ നാഡീവിഷം നോവിചോക് വികസിപ്പിച്ചത് 1971നും 1973നും ഇടയില്‍; റഷ്യന്‍ രസതന്ത്രജ്ഞന്‍

നോവിചോക് വികസിപ്പിച്ചതും ഉത്പാദിപ്പിച്ചതും മധ്യ റഷ്യയിലെ സൈനിക ഗവേഷണ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഷിഖനൈയില്‍

യുകെയിലെ സാലിസ്ബറിയില്‍ മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗി സ്ക്രിപാലിനെയും മകള്‍ യൂലിയയെയും വധിക്കാന്‍ ഉപയോഗിച്ച നോവിചോക് രാസ കുടുംബത്തില്‍പ്പെട്ട നാഡീവിഷം റഷ്യയില്‍ നിര്‍മ്മിച്ചതാണ് എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യു കെ. എന്നാല്‍ ഈ ആരോപണം റഷ്യ തള്ളിക്കളയുകയാണ് ചെയ്തത്.

അതേസമയം നാഡീവിഷം നോവിചോക് വികസിപ്പിച്ചതും ഉത്പാദിപ്പിച്ചതും മധ്യ റഷ്യയിലെ സൈനിക ഗവേഷണ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഷിഖനൈയിലാണ് എന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയിലെ ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട രാസ, ജൈവിക, വികിരണ, ആണവ സൈനികവ്യൂഹത്തിന്റെയും അതിന്റെ നാറ്റോ സമാനസ്ഥാപനത്തിന്റെയും മുന്‍ കമാന്‍ഡര്‍ ആയ ബ്രെട്ടന്‍-ജോര്‍ഡനെ ഉദ്ധരിച്ചുകൊണ്ടാണ് ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട്. രാസായുധങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്രസംഘടനയായ ‘ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സി’ന് (OPCW) വര്‍ഷങ്ങള്‍ക്കു മുമ്പേ റഷ്യ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ ഈ വിവരം അടങ്ങിയിട്ടുണ്ടെന്നാണ് ഹമിഷ് ഡി ബ്രെട്ടന്‍-ജോര്‍ഡന്‍ പറയുന്നത്.

റഷ്യയുടെ മുന്‍ ചാരന്‍ സെര്‍ഗി സ്ക്രിപാലിനെയും മകള്‍ യൂലിയയെയും സാലിസ്ബറിയില്‍വെച്ച് വധിക്കാനുള്ള ശ്രമത്തില്‍ നോവിചോക്കിന്റെ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ യു കെ ഗവണ്‍മെന്റ് OPCWനോട് ആവശ്യപ്പെട്ടു.

OPCW യുകെയില്‍ വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പിന്നീട്, സംഘടനയുടെ ഉത്തരവാദിത്തമാണ് റഷ്യ സന്ദര്‍ശിച്ച് നോവിചോക്കിന്റെ സംഭരണികള്‍ ഉണ്ടോ എന്ന് നോക്കുകയും, ഉണ്ടെന്ന് കണ്ടെത്തിയാല്‍ അതിന്റെ നശീകരണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത്. അത്തരം സംഭരണികളില്ലെന്ന വാദത്തില്‍ റഷ്യ ഉറച്ചുനില്ക്കുകയാണെങ്കില്‍, ഒരു അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനും ഐക്യരാഷ്ട്രസഭയില്‍ നയതന്ത്രപരമായ കലഹങ്ങള്‍ക്കും അത് വഴിവെച്ചേക്കും.

ബ്രെട്ടന്‍-ജോര്‍ഡന്‍ പറയുന്നു: “സ്വതന്ത്രമായ അന്വേഷണത്തിനായി OPCW തീര്‍ച്ചയായും കഴിയുന്നത്ര വേഗത്തില്‍ സാലിസ്ബറിയിലേക്ക് പോകണം, അതിനുശേഷം സൈറ്റ് സന്ദര്‍ശിക്കാന്‍ റഷ്യയിലേക്കും പോകണം. റഷ്യക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍, അവര്‍ എന്തിനാണത് വിലക്കുന്നത്? അതൊരു കുറ്റസമ്മതം ആയിരിക്കും. എനിക്ക് തോന്നുന്നത് ഒരു നീണ്ട കാലയളവില്‍ പുടിന്‍ അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ തെറ്റ് ചെയ്തു എന്നാണ് ”

യുകെയിലെ പോര്‍ട്ടന്‍ ഡൌണിനു തുല്യമായി റഷ്യയിലുള്ളതാണ് ഷിഖനൈ. വികിരണം, രാസായുധം, മറ്റു ആയുധങ്ങള്‍ തുടങ്ങിയവയില്‍ പ്രത്യേകപഠനം നടത്തുന്ന വിവിധ സൈനികഗവേഷണ സ്ഥാപനങ്ങളുടെ മുഖ്യ കേന്ദ്രമാണിത്. നോവിചോക്ക് വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരിടം ഷിഖനൈ മാത്രമാണ്. ഉക്രൈന്‍, ഉസ്ബസ്കിസ്ഥാന്‍ പോലുള്ള മുന്‍ സോവിയറ്റ് യൂണിയന്‍ പ്രദേശങ്ങളില്‍ ഈ രാസവസ്തു കണ്ടെത്താമെന്ന നിര്‍ദ്ദേശത്തെ അദ്ദേഹം തള്ളിക്കളയുന്നു. “അവര്‍ക്കിത് മറ്റെവിടെയുമില്ല” അദ്ദേഹം പറയുന്നു.

ഷിഖനൈയെക്കുറിച്ചുള്ള ബ്രെട്ടന്‍-ജോര്‍ഡന്റെ ഉറച്ച പ്രസ്താവത്തെ, യു എസിലേക്ക് കൂറുമാറും മുമ്പ് നോവിചോക് പ്രോഗ്രാമില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന റഷ്യക്കാരനായ രസതന്ത്രശാസ്ത്രജ്ഞന്‍ വില്‍ മിര്‍സയനോവ് പിന്താങ്ങുന്നു. അദ്ദേഹത്തിന്റെ പുസ്തകമായ ‘സ്റ്റേറ്റ് സീക്രട്സ്: ആന്‍ ഇന്‍സൈഡേഴ്സ് ക്രോണിക്കിള്‍ ഓഫ് ദ റഷ്യന്‍ കെമിക്കല്‍ വെപ്പണ്‍സ് പ്രോഗ്രാ’മില്‍, ഷിഖനൈയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ പീറ്റര്‍ കിര്‍പിചേവ് 1971നും 1973നും ഇടയിലാണ് നോവിചോക് വികസിപ്പിച്ചെടുത്തതെന്ന് പറയുന്നു.

മുന്‍ റഷ്യന്‍ ചാരന് നേരെ വധശ്രമം; ലണ്ടനും മോസ്കോയും നേര്‍ക്കുനേര്‍

മിര്‍സയനോവിന്റെ അഭിപ്രായത്തില്‍ റൈസിന്‍ പോലുള്ള നാഡീ ഏജന്റുകള്‍ ഉത്പാദിപ്പിക്കുന്ന നിരവധി ലബോറട്ടറികള്‍ അവിടെയുണ്ട്.

192 അംഗ OPCW രാസായുധ നിരോധനത്തെക്കുറിച്ച് പോലീസിനോടൊപ്പം ഒരു ചര്‍ച്ചായോഗം വിളിച്ചുകൂട്ടി. അന്വേഷണം തടയാന്‍ റഷ്യ ശ്രമിച്ചാല്‍, താത്വികമായി OPCW ക്ക് വിഷയം, റഷ്യക്ക് നിഷേധാധികാരമുള്ള, ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌണ്‍സിലില്‍ അവതരിപ്പിക്കേണ്ടിവരും. അത്തരം നിഷേധാധികാരം ഇല്ലാത്ത ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലും ഇത് അവതരിപ്പിക്കാന്‍ കഴിയും.

ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാവാനായി അന്താരാഷ്ട്രനീതിന്യായ കോടതിയില്‍വരെ പോകാവുന്നതാണ്. പക്ഷേ OPCW മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന, അമിതമായ കര്‍ക്കശസ്വഭാവമുള്ള, അപകടസാധ്യതയെ ഏറ്റെടുക്കാന്‍ തയ്യാറല്ലാത്ത, രാഷ്ട്രീയ എതിര്‍പ്പുകളില്‍ ഏര്‍പ്പെടാന്‍ വിമുഖമായ ഒന്നാണെന്ന് പേരുകേട്ടതാണ്.

അതേ സമയം ഐക്യ രാഷ്ട്ര സഭയിലെ ഏതെങ്കിലും അംഗ രാജ്യം നോവിചോക് ഉത്പാദിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് OPCW പറഞ്ഞു. യു കെയുടെ അന്വേഷണത്തെ സഹായിക്കുന്ന നടപടി ഉടന്‍ സ്വീകരിക്കും എന്നും സംഘടന പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാറ്റോ സ്ഥാപിതമായതു മുതല്‍ ഒരു നാറ്റോ അംഗത്തിന്റെ പ്രദേശത്ത് നാഡീ വിഷത്തിന്റെ ആദ്യത്തെ കുറ്റകരമായ ഉപയോഗം എന്ന് അവര്‍ വിളിക്കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്ക നാറ്റോ അറിയിച്ചു. “നോവിചോക് പ്രോഗ്രാമിനെക്കുറിച്ച് പൂര്‍ണ്ണവും മുഴുവനുമായി രാസായുധ നിരോധനത്തിനായുള്ള സംഘടനയോട് വെളിപ്പെടുത്തുന്നതുള്‍പ്പെടെ യുകെ യുടെ ചോദ്യങ്ങളെ നേരിടാന്‍ ” റഷ്യയോട് നാറ്റോ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍