UPDATES

വിദേശം

വികാരിമാരുടെ ലൈംഗിക പീഡനം; ജര്‍മ്മനിയില്‍ 3677 കുട്ടികളെ 1,670 പുരോഹിതര്‍ പീഡിപ്പിച്ചു

ജര്‍മ്മനിയിലെ 27 ഇടവകകളില്‍ നിന്നും 38,000 ഔദ്യോഗിക രേഖകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജര്‍മ്മനിയില്‍ കാത്തോലിക് പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 1,670 പുരോഹിതരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടില്‍ 3,677 കുട്ടികള്‍ പീഡനത്തിന് ഇരയായതായി പറയുന്നു. ദശാബ്ദങ്ങളായി കുട്ടികള്‍ക്കെതിരെ തുടരുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് ജര്‍മ്മന്‍ കാത്തോലിക് സഭ തന്നെയാണ് പുറത്തുവിട്ടത്. 1946നും 2014നും ഇടയില്‍ 3,677 കുട്ടികള്‍, അതില്‍ ഭൂരിപക്ഷവും ആണ്‍കുട്ടികളാണ്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 1,670 പുരോഹിതരാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്ത് ഉള്ളത്. 60 ശതമാനത്തോളം പുരോഹിതര്‍ എങ്ങനെയാണ് ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടതെന്നും ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി എത്രപേരെയാണ് മറ്റ് ഇടവകകളിലേക്ക് സ്ഥലം മാറ്റിയതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്.

വിശ്വാസികളും പൊതുജനങ്ങളുമായുള്ള വിശ്വാസം എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കണമെന്ന് ജര്‍മ്മനിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ജര്‍മ്മന്‍ സഭാദ്ധ്യക്ഷന്‍ റീന്‍ഹാര്‍ഡ് മാര്‍ക്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷം പറഞ്ഞു. ജര്‍മ്മനിയിലെയും പുറത്തെയും കാത്തോലിക് സഭയെ സംബന്ധിച്ച് റിപ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ടതാണ്, സഭക്ക് മേലുള്ള വിശ്വാസം പലര്‍ക്കും നഷ്ടപ്പെട്ടുകഴിഞ്ഞു. നാണക്കേട് തോന്നിയതായും ഇരകളോട് മാപ്പ് ചോദിക്കുന്നതായും മാര്‍ക്‌സ് പറഞ്ഞു.

ആദ്യമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ഇരകളില്‍ പകുതിയിലധികം പേരും 13 വയസ്സിന് താഴെയുള്ളവരായിരുന്നുവെന്നും അക്രമങ്ങളില്‍ 83 ശതമാനവും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡിപ്പിക്കപ്പെട്ട ആയിരത്തിലധികം പേരും ആള്‍ത്താരയിലെ ആണ്‍കുട്ടികളായിരുന്നു. ഏകദേശം പത്ത് വര്‍ഷം മുമ്പാണ് ജര്‍മ്മനിയില്‍ കാത്തോലിക് സഭക്കെതിരെ ആദ്യമായി ലൈംഗിക പീഡനം ആരോപിക്കപ്പെടുന്നത്. അതിനു ശേഷം പ്രശ്‌നങ്ങള്‍ തടയാനോ ആവര്‍ത്തിക്കാതിരിക്കാനോ ഉള്ള നടപടികള്‍ കൈക്കൊള്ളുന്നതില്‍ സഭ പരാജയപ്പെട്ടെന്നാണ് വിമര്‍ശനം.

ഇങ്ങനെയുള്ള വള്ളിക്കെട്ടുകളുണ്ടെങ്കില്‍ കെസിബിസിയിലേക്ക് ചാട്ടവാറുമായി വിശ്വാസികളെത്താന്‍ അധികകാലം വേണ്ടിവരില്ല

ജര്‍മ്മനിയിലെ 27 ഇടവകകളില്‍ നിന്നും 38,000 ഔദ്യോഗിക രേഖകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നാല് വര്‍ഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനെടുത്ത സമയം. എന്നാല്‍ രേഖകളുടെ യഥാര്‍ഥ പകര്‍പ്പ് പരിശോധിക്കാന്‍ സഭ അനുവദിച്ചില്ലെന്നും രണ്ടിടത്തെങ്കിലും രേഖകള്‍ നശിപ്പിക്കപ്പെടുകയോ ക്രമക്കേട് നടക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ പറയുന്നു.

1970കളിലും 80കളിലുമായി ബെര്‍ലിനിലെ ജെസ്യൂട്ട് സ്‌കൂളില്‍ രണ്ട് പുരോഹിതര്‍ കുട്ടികളെ പീഡിപ്പിച്ചതും ബവാരിയയിലെ റീഗന്‍സ്ബര്‍ഗിലെ ഒരു സ്‌കൂളില്‍ 500ലധികം ആണ്‍കുട്ടികള്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയാക്കപ്പെട്ടതുമായിരുന്നു ജര്‍മ്മനിയുടെ ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട സംഭവങ്ങള്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ സഹോദരമായ ജോര്‍ജ് റാറ്റ്‌സിഗറും അന്ന് ആരോപണം നേരിട്ടിരുന്നു.

അടുത്തിടെ അമേരിക്കയിലും ചിലിയിലും നടന്നത് ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനക്കേസുകള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നുണ്ടെന്ന ഫ്രാന്‍സിസ് പോപ്പിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ജര്‍മ്മനിയില്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്. ഇത്തരത്തിലൊരു അന്വേഷണവും വെളിപ്പെടുത്തലും ജര്‍മ്മനിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ശിശുമന്ദിരങ്ങളിലേക്കും സ്‌കൂളുകളിലേക്കും പ്രവേശിക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും തടസ്സം നിന്ന പള്ളിഅധികാരികളെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

നാലുദിവസത്തെ ബിഷപ്പുമാരുടെ സമ്മേളനം നാളെ അവസാനിക്കുന്നതിന് മുമ്പ് പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനുള്ള സമ്മര്‍ദ്ദങ്ങള്‍ ഇതിനോടകം ശക്തിപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജോഹന്നസ് വില്‍ഹെല്‍മ് റോറിഗ് ഇരകള്‍ക്ക് സഭ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ ആരോപണങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് സഭയുടെ രേഖകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ നീതിസംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരമാവധി കേസുകള്‍ കോടതി പരിഗണനയില്‍ കൊണ്ടുവരണമെന്ന് നീതികാര്യ മന്ത്രി കാത്തറിനാ ബാര്‍ലി സഭയോട് ആവശ്യപ്പെട്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

16ാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡലും എഴുത്തുകാരിയുമായ പത്മലക്ഷ്മി

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

സഭ സാത്താന്റെ കൂടെയെന്ന് വീണ്ടും തെളിയിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍