UPDATES

വിദേശം

ചൈനയുടെ ഭാവി പ്രസിഡന്റ് എന്ന് കരുതിയിരുന്ന യുവ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

യുവനേതാക്കളില്‍ പ്രമുഖനായ സണ്‍ ഷെങ്കായിയെ ആണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് പുറത്താക്കിയത്

ചൈനയുടെ ഭാവി പ്രസിഡന്റാവും എന്ന് ഏറെപ്പേര്‍ പ്രതീക്ഷിച്ചിരുന്ന യുവനേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള സീ ജിന്‍പിങിന്റെ അപ്രതീക്ഷിത തീരുമാനം ബീജിംഗില്‍ അസ്വസ്ഥതയുടെ അന്തഃരീക്ഷം വിതയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കാര്‍ഷീക ഗവേഷണ രംഗത്ത് നിന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് വന്ന യുവനേതാക്കളില്‍ പ്രമുഖനായ സണ്‍ ഷെങ്കായിയെ ആണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് പുറത്താക്കിയത്. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് ചൊവ്വാഴ്ച പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. ഉരുക്കുപോലുള്ള അച്ചടക്കം ഉപയോഗിച്ച് പാര്‍ട്ടിയെ ഭരിക്കുക എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. സഖാവ് സണ്‍ ഷെങ്കായിയെ കുറിച്ചുള്ള അന്വേഷണം പാര്‍ട്ടിക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കിയതായി മുഖപ്രസംഗത്തില്‍ പറയുന്നു. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരിലാണ് പാര്‍ട്ടിയുടെ യുവനേതാക്കളില്‍ ഏറ്റവും വരേണ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സണ്ണിനെ അധികാരസ്ഥാനങ്ങളില്‍ നിന്നും മാറ്റാന്‍ കാരണമെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ നിലപാടുകളില്‍ കാര്‍ക്കശ്യം പാലിക്കുകയും തങ്ങളുടെ രാഷ്ട്രീയ സ്വഭാവം ദൃഢമാക്കുകയും സീ ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോട് യോജിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് പീപ്പിള്‍സ് ഡെയ്‌ലി ഓര്‍മ്മിപ്പിക്കുന്നു. ഹെര്‍ട്ട്‌ഫോര്‍ട്ട്‌ഷെയറിലെ റോത്തംസ്റ്റാഡ് ഗവേഷണ കേന്ദ്രത്തില്‍ ഫാമിംഗ് പഠിച്ച 53-കാരനായ മുന്‍ ചൈനീസ് കാര്‍ഷീക മന്ത്രിയായ സണ്‍, ഏതാനും ആഴ്ചകള്‍ മുമ്പ് വരെ ചൈനയുടെ ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളായാണ് കണക്കാക്കപ്പെട്ടിരുന്നത്. 2012 അവസാനം പ്രമുഖ പാര്‍ട്ടി നേതാവായിരുന്ന ബോ ക്‌സിലായുടെ വീഴ്ചയ്ക്ക് ശേഷം പുതിയ സ്ഥാനം ലഭിച്ച സണ്‍ ഈ വര്‍ഷം അവസാനം നടക്കുന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് പോളിറ്റ് ബ്യൂറോയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ആളാണ്. ചൈനയിലെ ഏറ്റവും ശക്തരായ ഏഴ് നേതാക്കള്‍ അടങ്ങുന്നതാണ് പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി. 2022-ലെ പാര്‍ട്ടി കോണ്‍ഗ്രസോടെ സണ്‍ പ്രസിഡന്റ് ജിന്‍പെങ്കിന്റെയോ അല്ലെങ്കില്‍ ചൈനീസ് പ്രീമിയര്‍ ലി കെക്വിയാംഗിന്റെയോ പിന്‍ഗാമിയായി നിയമിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാല്‍ പ്രസിഡന്റിന്റെ പുതിയ തീരുമാനം ഈ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ പുതിയ നീക്കം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികരംഗമായ ചൈനയില്‍ ചില രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സങ്കീര്‍ണതകളി്‌ലാത്ത അധികാരകൈമാറ്റം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതാണെന്നും ബില്‍ ക്ലിന്റണ്‍ മന്ത്രിസഭയില്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് വിദഗ്ധ സുസന്‍ ഷിര്‍ക്ക് ചൂണ്ടിക്കാണിക്കുന്നു. കഴുത്തറുക്കുന്ന തരത്തിലുള്ളതും മാരകവുമായ അധികാരമത്സരങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരു അനൗദ്ധ്യോഗിക പിന്തുടര്‍ച്ച ക്രമം പാലിക്കുന്നതില്‍ ചൈനീസ് നേതാക്കള്‍ എല്ലാക്കാലത്തും ശ്രദ്ധിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഇതുപ്രകാരം പ്രസിഡന്റിന്റെയും പ്രീമിയറിന്റെ പൂര്‍ണ ചുമതലകള്‍ തല്‍കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ വിവരം അറിയിക്കുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ട്.

ഗുവാങ്‌ഡോങ് പാര്‍ട്ടി തലവന്‍ ഹു ചുന്‍ഹുവയോടൊപ്പം സണ്ണും പരമോന്നത് പദവിയിലേക്ക് വരുമെന്നായിരുന്നു പരക്കെയുള്ള പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്നും മാറ്റി നിറുത്താനുള്ള തീരുമാനം ഭാവിയില്‍ എങ്ങനെയാവും കാര്യങ്ങള്‍ മുന്നോട്ട് പോവുക എന്നതിനെ കുറിച്ച് ആഴത്തിലുള്ള അനിശ്ചിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവര്‍ പറുന്നു. പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങളില്‍ തന്നെ തീരുമാനം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ പ്രവചിക്കുന്നു. ബോക്‌സിലായിയെ പുറത്താക്കിയ ശേഷവും അഴിമതി തുടരുന്നു എന്ന നിഗമനമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

നഗരത്തിലെ രാഷ്ട്രീയ പരിസ്ഥിതി ശുദ്ധീകരിക്കുന്നതിനായി ജിന്‍പെങിന്റെ ഒരു വിശ്വസ്തനെ സണ്ണിന് പകരം നിയമിക്കാനുള്ള അപ്രതീക്ഷിത നീക്കം നടന്നത് ജൂലൈ മധ്യത്തോടെയാണ്. ബീജിംഗില്‍ ഒരു യോഗത്തിനെത്തിയ സണ്ണിനെ തടവിലാക്കിയതായും വാര്‍ത്തകളുണ്ട്. അഴിമതിയാണോ അതോ പ്രസിഡന്റിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണോ സണ്‍ നേരിടുന്ന കുറ്റമെന്ന് വ്യക്തമല്ലെന്ന് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചൈനീസ് കേന്ദ്രത്തിന്റെ ഡയറക്ടര്‍ ചെംഗ് ലീ ചൂണ്ടിക്കാണിക്കുന്നു. സണ്ണിന്റെ അധികാരത്തിലുള്ള ആര്‍ത്തിപിടിച്ച മത്സരം അവസാനിപ്പിക്കാന്‍ 2022-ന് ശേഷവും അധികാരത്തില്‍ തുടരും എന്ന് പ്രതീക്ഷിക്കുന്ന ജിന്‍പെങ് തീരുമാനിച്ചു എന്ന് വേണം കരുതാനെന്നും അദ്ദേഹം പറയുന്നു. സണ്‍ ജയിലില്‍ അടയ്ക്കപ്പെടാനുള്ള സാധ്യതയാണ് കാണുന്നതെന്നും ചൈനീസ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍