UPDATES

യാത്ര

ഇസ്ലാം നിയമങ്ങള്‍ക്ക് എതിര്; മാലിദ്വീപിലെ കലാസൃഷ്ടികള്‍ പൊളിച്ചു നീക്കി

ഇസ്ലാമാണ് മാലിദ്വീപിലെ ഔദ്യോഗിക മതം. മതപണ്ഡിതരും നേതാക്കളുമാണ് ഈ സൃഷ്ടിക്കെതിരെ രംഗത്ത് എത്തിയത്.

പ്രശസ്തമായ കലാകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജേസണ്‍ ഡികെയര്‍സ് ടെയിലര്‍ നിര്‍മ്മിച്ച കലാസൃഷ്ടി തകര്‍ത്തു. ഈ സൃഷ്ടി ഇസ്ലാമിന് എതിരായതു കൊണ്ടാണ് തകര്‍ത്തത് എന്നാണ് അറിയുന്നത്. കൊരലേറിയം (Coralarium) എന്ന പകുതി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ഈ സൃഷ്ടി മാലിദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്ലാമാണ് മാലിദ്വീപിലെ ഔദ്യോഗിക മതം. മതപണ്ഡിതരും നേതാക്കളുമാണ് ഈ സൃഷ്ടിക്കെതിരെ രംഗത്ത് എത്തിയത്. ഇസ്ലാം നിയമം അനുസരിച്ച് കലാപരമായ സൃഷ്ടികളില്‍ മനുഷ്യ രൂപങ്ങള്‍ വെക്കാന്‍ പാടില്ല.

ഇസ്ലാം മതത്തിനും മാലിദ്വീപിന്റെ ശാന്തിയും സമാധാനത്തിനും ഇതൊരു ഭീഷണിയാണെന്ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍, ജേസണ്‍ നിര്‍മ്മിച്ച സൃഷ്ടി പൊളിച്ചു നീക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു. മലേഷ്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തുള്ള മറ്റു സ്ഥലങ്ങളിലും ജേസണ്‍ വെള്ളത്തിനടിയില്‍ ആകര്‍ഷകമായ രൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജേസണ്‍ നിര്‍മ്മിച്ച മാലിദ്വീപിലെ ഈ പദ്ധതി അക്കോര്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഫെയര്‍മോണ്ട് മാല്‍ദീവ്സ് സിറു ഫെന്‍ ഫുഷി റിസോര്‍ട്ടാണ് കമ്മീഷന്‍ ചെയ്തത്. കടലിലെ ജീവികളെയും അവരുടെ ലോകത്തിന്റെയും ഒരു ചെറിയ അനുകരണം ആയിരുന്നു ഈ സൃഷ്ടി. 30 മനുഷ്യ രൂപങ്ങളും ഇതില്‍ ഉണ്ടായിരുന്നു. ഇതിലൂടെ മനുഷ്യരുടെ ജീവിത രീതികളും ശൈലികളുമാണ് പ്രതിഫലിച്ചിരുന്നത്.


മറൈന്‍ എന്‍ജീനിയറുമാര്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ ഒന്‍പത് മാസം കൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. കടലിലെ ജീവജാലങ്ങള്‍ക്ക് ദോഷകരമല്ലാത്ത പിഎച്ച്-ന്യൂട്രല്‍ സ്റ്റീലാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. റിസോര്‍ട്ടിലെ അതിഥികളും മറ്റു സന്ദര്‍ശകരും ഇവിടെ എല്ലാ ദിവസവും എത്താറുണ്ടായിരുന്നു. സെപ്റ്റംബര്‍ 21-നാണ് ഇത് പൊളിച്ചു നീക്കിയത്.

‘വളരെ ദുഃഖകരമായ വാര്‍ത്തയാണ് കഴിഞ്ഞ വെള്ളിയാഴ്ച എന്നെ തേടി എത്തിയത്. മാലിദ്വീപ് അധികൃതര്‍ എന്റെ വിലപ്പെട്ട സൃഷ്ടി പൊളിച്ചു നീക്കി. മനുഷ്യനെയും പ്രകൃതിയെയും ബന്ധിപ്പിക്കുന്നതായിരുന്നു ഈ കൊരലേറിയം. മാലിദ്വീപ് മനോഹരമായ ഒരു സ്ഥലമാണ്. എന്നാല്‍, കലയുടെയും പ്രകൃതിയുടെയും കാര്യത്തില്‍ അങ്ങനെയല്ല.’- ജേസണ്‍ പറഞ്ഞു.

ഇതിന്റെ പണി കഴിഞ്ഞപ്പോള്‍ തന്നെ രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും ഇത് പൊളിച്ചു നീക്കാനുള്ള ഉത്തരവ് എത്തുകയായിരുന്നു. നിരവധി മനുഷ്യ രൂപങ്ങളാണ് കൊരലേറിയത്തില്‍ ഉള്ളത്. ഇത് വിഗ്രഹങ്ങളാണെന്നാണ് മാലിദ്വീപിലെ ആളുകള്‍ പറയുന്നത്. ഇസ്ലാം നിയമപ്രകാരം വിഗ്രഹപൂജ പാപമാണ്.


സമൂഹമാധ്യമങ്ങളില്‍ മാലിദ്വീപ് സര്‍ക്കാരിന്റെ ഈ നടപടി വലിയ ചര്‍ച്ച ആയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയം ഏറ്റെടുത്തു. ഈ സൃഷ്ടി പെട്ടെന്ന് പൊളിച്ചു നീക്കാത്തതില്‍ പ്രോഗ്രെസ്സീവ് പാര്‍ട്ടി ഓഫ് മാല്‍ദീവ്സ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ പ്രതിരോധത്തില്‍ ആയിരുന്നു. തിരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുന്നേയാണ് ഇത് പൊളിച്ചു മാറ്റിയത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഇബ്രാഹിം മുഹമ്മദ് സോലി ആണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

‘വിഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മള്‍ക്ക് നിര്‍വചിക്കണം. ഫത്വ കൗണ്‍സിലും മത പണ്ഡിതന്‍മാരും ഏതൊക്കെ വസ്തുക്കളാണ് വിഗ്രഹങ്ങള്‍ എന്ന് വ്യക്തമാക്കണം. കൊരലേറിയത്തില്‍ വിഗ്രഹങ്ങള്‍ ആണെങ്കില്‍ ബൊമ്മകളും വിഗ്രഹങ്ങള്‍ ആണെന്ന് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പറയുന്നു.’- സോലി പറഞ്ഞു. അക്കോര്‍ ഹോട്ടല്‍ ഗ്രൂപ്പ് ഈ വിഷയത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍