UPDATES

വിദേശം

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മോദി, കൂടെ ട്രംപും പുടിനും

തെരഞ്ഞെടുപ്പിനു മുന്നോടിയായി നെതന്യാഹു ഇസ്രേയലിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ ബാനറുകള്‍കൊണ്ട് അവര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും. സെപ്റ്റംബര്‍ 17-നു നടക്കാന്‍ പോകുന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സ്ഥാപിച്ച ബാനറിലാണ് നെതന്യാഹുവിനൊപ്പം മോദിയും നില്‍ക്കുന്ന നില്‍ക്കുന്ന ചിത്രമുള്ളത്. കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും ഫോട്ടോകളും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ടെല്‍ അവീവിലെ കിംഗ് ജോര്‍ജ് സ്ട്രീറ്റിലുള്ള ലിക്കുഡ് പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരത്തില്‍ ഉയര്‍ത്തിയിരിക്കുന്ന പ്രചാരണ ബോര്‍ഡുകളിലാണ് നെതന്യാഹുവിന് മൂന്ന് ലോകനേതാക്കളുമായുള്ള അടുപ്പം ചിത്രീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നെതന്യാഹു ഇസ്രേയലിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ ബാനറുകള്‍കൊണ്ട് അവര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. കൂടാതെ, ഇസ്രായേല്‍ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുന്നു.

വോട്ടെടുപ്പിന് വെറും എട്ട് ദിവസം മുമ്പ്, സെപ്റ്റംബര്‍ 9-ന് മോദിയെ കാണാന്‍ നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നുണ്ട്. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത ഉയര്‍ത്തിക്കാട്ടുന്നതിനും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ പ്രചാരണത്തിന് മുന്‍തൂക്കം നല്‍കുന്നതിനുമുള്ള ഒരു ഉപാധിയായാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അതിനെ നോക്കിക്കാണുന്നത്. ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ന്യൂഡല്‍ഹിയിലെ ഓഫീസിലേക്ക് വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനു കളമൊരുങ്ങിയതെന്ന് പ്രമുഖ ‘ഹാരെറ്റ്‌സ്’ കോളമിസ്റ്റ് യോസി വെര്‍ട്ടര്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് നടത്തിയ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഇതര പാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യം നിലനിര്‍ത്താന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ഉറ്റ സഖ്യകക്ഷിയും പിന്നീട് പ്രധാന എതിരാളിയുമായി മാറിയ മുന്‍ പ്രതിരോധ മന്ത്രി അവിഗ്ഡോര്‍ ലിബര്‍മാന്‍ പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ നെതന്യാഹു, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 63 ലക്ഷം വോട്ടര്‍മാരാണ് ഇസ്രയേലിന്റെ പുതിയ ഭരണനായകരെ തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുക. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദിയെ ആദ്യം അഭിനന്ദനങ്ങള്‍ അറിയിച്ച ലോകനേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

Read: നിയോം പദ്ധതി ഒരു ഭ്രാന്തന്റെ സ്വപ്നം മാത്രമല്ല, സൗദി അറേബ്യയെ മുഹമ്മദ് ബിൻ സൽമാന്‍ മുറിച്ച് വില്‍ക്കുന്നതിങ്ങനെയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍