UPDATES

വിദേശം

സ്‌റ്റെഫാനി ഗ്രിഷാം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി, വിവരം ട്രംപിനേക്കാള്‍ മുമ്പ് അറിയിച്ചത് മെലാനിയ

സ്‌റ്റെഫാനി ഗ്രിഷാമിനെ വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറിയായി നിയമിച്ച കാര്യം ട്രംപിനേക്കാള്‍ മുമ്പ് മെലാനിയ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സ്റ്റെഫാനി ഗ്രിഷാമിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. ഭാര്യയും രാജ്യത്തിന്റെ ഫസ്റ്റ് ലേഡിയുമായ മെലാനിയ ട്രംപിന്റെ വക്താവായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു സ്റ്റെഫാനി ഗ്രിഷാം. പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് രാജി വച്ച ഒഴിവിലാണ് നിയമനം. അതേസമയം സ്‌റ്റെഫാനി ഗ്രിഷാമിനെ വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറിയായി നിയമിച്ച കാര്യം ട്രംപിനേക്കാള്‍ മുമ്പ് മെലാനിയ ആണ് ട്വിറ്ററിലൂടെ അറിയിച്ചത് എന്നത് ശ്രദ്ധേയമായി. ട്രംപിനും തനിക്കും സ്റ്റെഫാനി ഗ്രിഷാമിനേക്കാള്‍ മികച്ചൊരാളെ ഈ സ്ഥാനത്തേയ്ക്ക് ആലോചിക്കാനാവില്ലെന്ന് മെലാനിയ പറഞ്ഞു.

മാധ്യമങ്ങളുമായുള്ള വൈറ്റ് ഹൗസിന്റെ ബന്ധം അനുദിനം കൂടുതല്‍ മോശമായിക്കൊണിരിക്കുകയാണ്. ഗ്രഷാം പ്രസ് സെക്രട്ടറി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് സ്റ്റെഫാനി ഗ്രഷാം എന്നും ട്രംപ് പറഞ്ഞു.

മാധ്യമങ്ങളോട് ട്രംപ് പുലര്‍ത്തുന്ന ശത്രുതാപരമായ സമീപനമാണ് സാറ സാന്‍ഡേഴ്‌സ് സ്വീകരിച്ചിരുന്നത് എന്ന പരാതിയുണ്ടായിരുന്നു. വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച ട്രംപിന്റെ ആരോപണങ്ങളുടെ പ്രതിധ്വനിയാണ് സാറ സാന്‍ഡേഴ്‌സിന്റെ മാധ്യമങ്ങളോടുള്ള സമീപനങ്ങളിലും കണ്ടിരുന്നത്. മാധ്യമപ്രവര്‍ത്തകരെ ജനശത്രുക്കള്‍ എന്നാണ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിശേഷിപ്പിച്ചത്. സാറ സാന്‍ഡേഴ്‌സ് ആണെങ്കില്‍ ഔദ്യോഗിക കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായുള്ള വാര്‍ത്താസമ്മേളനങ്ങള്‍ കാര്യമായി നടത്തിയിരുന്നില്ല.

2015ല്‍ തുടങ്ങിയ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു സ്റ്റെഫാനി ഗ്രിഷാം. മെലാനിയ ട്രംപിന്റെ ഫസ്റ്റ് ലേഡി ഓഫീസിലെ പ്രവര്‍ത്തനവും സ്റ്റെഫാനിയെ ട്രംപിന്റെ വിശ്വസ്തയാക്കി. ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായിരുന്ന മിറ റിക്കാര്‍ഡലിനെ പുറത്താക്കാന്‍ ട്രംപിനോട് മെലാനിയ ആവശ്യപ്പെട്ടതിന് പിന്നില്‍ സ്റ്റെഫാനിയുടെ പ്രേരണയുണ്ട് എന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍