UPDATES

വിദേശം

അഫ്ഗാന്‍ ഐഎസിനെതിരെ ‘ബോംബുകളുടെ മാതാവി’നെ വര്‍ഷിച്ച് അമേരിക്ക/വീഡിയോ

എംസി-130 യുദ്ധവിമാനത്തില്‍ നിന്നാണ് ബോംബ് വര്‍ഷിച്ചതെന്ന് പെന്റഗണ്‍ വക്താവ് ആഡം സ്റ്റമ്പ്

യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തിലെ ഏറ്റവും മാരകമായ ആണവേതര ബോംബായ ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കുന്ന 22,000 പൗണ്ട് ഭാരമുള്ള ബോംബ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎസിനെതിരെ പ്രയോഗിച്ചു. 2003-ല്‍ ഈ ബോംബ് വികസിപ്പിച്ചശേഷം ആദ്യമായാണ് യുഎസ് സേന ഇത് ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്നത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ അച്ചിന്‍ ജില്ലയിലെ നാങ്കാര്‍ഗര്‍ പ്രവിശ്യയിലാണ് ജിബിയു-43 എന്ന മാരകമായ ബോംബ് വര്‍ഷിച്ചത്. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുഎസ്-അഫ്ഗാന്‍ സേനകളുടെ പോരാട്ടത്തിനിടയിലാണ് ആക്രമണം നടന്നതെന്ന് യുഎസ് സേന വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

അഫ്ഗാന്‍ തീവ്രവാദികള്‍ക്ക് നേരെ ജിബിയു-43 പ്രയോഗിക്കുന്നതിന്റെ വീഡിയോ

എംസി-130 യുദ്ധവിമാനത്തില്‍ നിന്നാണ് ബോംബ് വര്‍ഷിച്ചതെന്ന് പെന്റഗണ്‍ വക്താവ് ആഡം സ്റ്റമ്പ് അറിയിച്ചു. ഐഎസ്‌ ഭീകരര്‍ ബങ്കറുകളിലും തുരങ്കങ്ങളിലുമാണ് പതിയിരിക്കുന്നതെന്നും അതിനാലാണ് മാരകമായ ബോംബ് ഉപയോഗിക്കേണ്ടി വന്നതെന്നും യുഎസ്-അഫ്ഗാന്‍ സേന കമാന്റര്‍ ജോണ്‍ നിക്കോള്‍സണ്‍ പറഞ്ഞു. ഇത്തരം പ്രതിബന്ധങ്ങളെ ഭേദിക്കാനുള്ള ഏറ്റവും നല്ല ആയുധമാണ് ഇപ്പോള്‍ പ്രയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാരകമായ ബോംബ് ഉപയോഗിക്കുന്നതിനുള്ള അനുമതി നേരത്തെ നിക്കോള്‍സണ്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നേടിയിരുന്നു.

സാധാരണ ജനങ്ങളുടെ ജീവന് അപകടമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സംയുക്ത സേന കൈക്കൊണ്ടിരുന്നു. അഫ്ഗാനിസ്ഥാനെ പൂര്‍ണമായും ഐഎസ് മുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും നിക്കോള്‍സണ്‍ അറിയിച്ചു. ആക്രമണത്തിലെ നാശം എത്രയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ജിബിയു-43 ബോംബിനെക്കുറിച്ച് അഞ്ച് കാര്യങ്ങള്‍

1. മാസീവ് ഓര്‍ഡനെന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ഗണത്തില്‍പ്പെട്ട ജിബിയു-43 ബോംബിന് 21,600 പൗണ്ട് ഭാരമുണ്ട്.

2. യുഎസ് സൈന്യം ഇതാദ്യമായിട്ടാണ് മോബ് ബോംബുകള്‍ ഉപയോഗിച്ചത്.

3. ഈ ബോംബ് വികസിപ്പിച്ചത് യുഎസ് മിലട്ടറിയിലെ ആല്‍ബര്‍ട്ട് വൈമോര്‍ട്ട്‌സാണ്. 2003-ലായിരുന്നു ഇതിന്റെ ആദ്യ പരീക്ഷണം.

4. 2003-ലെ ഇറാക്ക് യുദ്ധത്തിനുവേണ്ടിയായിരുന്നു ഈ ബോംബ് നിര്‍മിച്ചതെങ്കിലും, അന്ന് ഇത് ഉപയോഗിച്ചില്ല.

5. ജിപിഎസ് സംവിധാനവും ഉള്‍കൊള്ളിച്ചിട്ടുള്ള ബോംബാണ്.

അടുത്ത് തന്നെ റഷ്യ ‘എല്ലാ ബോംബുകളുടെയും പിതാവ്’ എന്ന പേരില്‍ ഒരു ബോംബ് നിര്‍മിച്ചിരുന്നു. ഈ ബോംബ് മോബിനക്കാള്‍ നാലു മടങ്ങ് ശക്തിയുള്ളതാണെന്നാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍