UPDATES

വിദേശം

യെമനിലെ ആഭ്യന്തര യുദ്ധം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പട്ടിണിമൂലം മരണപ്പെട്ടത് 85,000 കുട്ടികള്‍

2015-മുതല്‍ ഹൂതിവിമതരും സൗദി സഖ്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകള്‍ 1.3 മില്യണ്‍ കുട്ടികളെയാണ് ബാധിച്ചതെന്ന് ഐക്യരാഷ്ട സഭ

യെമനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 85,000 കുട്ടികള്‍ പട്ടിണിമൂലം മരണപ്പെട്ടുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ‘സേവ് ദി ചില്‍ഡ്രണ്‍’ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

2015-മുതല്‍ ഹൂതിവിമതരും സൗദി സഖ്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകള്‍ 1.3 മില്യണ്‍ കുട്ടികളെയാണ് ബാധിച്ചതെന്ന് ഐക്യരാഷ്ട സംഘടനയും നേരത്തെ വ്യക്തമാക്കിയിരുന്നു. യെമനിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന, ഏകദേശം 14 ദശലക്ഷം ആളുകള്‍, ഇപ്പോള്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്.

ഹൂതികളെ ദുര്‍ബലപ്പെടുത്തുക എന്ന വാദമുന്നയിച്ച് സൗദി സഖ്യം ഭക്ഷണം, ഇന്ധനം, വാണിജ്യ സാമഗ്രികള്‍ എന്നിവ എത്തിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയെ ചുറ്റിപ്പറ്റിയുള്ള പോരാട്ടം കനത്തതോടെ യെമനീ ജനത കൂടുതല്‍ ഭീതിയിലാണ്. രാജ്യത്തിന്റെമൊത്തം ഇറക്കുമതിയുടെ ഏകദേശം 80%-വും നടക്കുന്നത് ഈ തുറമുഖം വഴിയാണ്.

തുറമുഖത്തിന് എന്തെങ്കിലും സാരമായ പരിക്കുകള്‍ സംഭവിച്ചാല്‍ അത് വ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. ഹുദൈദ സംഘര്‍ഷ കേന്ദ്രമായതോടെ വടക്കന്‍ പ്രദേശമായ ഏദന്‍ വഴിയാണ് സഹായങ്ങള്‍ എത്തിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന് നാമമാത്രമായി നിയന്ത്രണമുള്ള പ്രദേശമായതിനാല്‍ സഹായമെത്തിക്കാന്‍ രണ്ടാഴ്ചവരെ കാലതാമസമുണ്ടാക്കുന്നു.

അതേസമയം, നവംബര്‍ അവസാനത്തോടെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത്. അതിന്റെ മുന്നോടിയായി റിബലുകളുടെ ആസ്ഥാനമായ സനാ പട്ടണം അദ്ദേഹം സന്ദര്‍ശിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് യുദ്ധത്തിലെ പ്രധാന കക്ഷികളെ ക്ഷണിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹൂതികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

യെമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ബ്രിട്ടണ്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ഗതിവേഗമുണ്ടാക്കാന്‍ എല്ലാ കക്ഷികളും ഏറ്റുമുട്ടല്‍ നിര്‍ത്തണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചക്ക് സാഹചര്യമൊരുക്കാന്‍ യു.എന്‍ ദൂതന്‍ എത്തിയത്.

സഖ്യസേന സഹകരിച്ചാല്‍ ഏറ്റുമുട്ടല്‍ നിര്‍ത്തിവെക്കാമെന്ന നിലപാടിലാണ് ഹൂതികള്‍. ഇതിനാല്‍ ചര്‍ച്ച തുടരും. ഐക്യരാഷ്ട്ര സഭാ നീക്കങ്ങളുമായി സഹകരിക്കുമെന്ന് സൗദി സഖ്യസേനയും വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച യമന്‍ സര്‍ക്കാരുമായും ധാരണയിലെത്താനാണ് യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്തിന്റെ നീക്കം.

 

ആന്തമാൻ ദ്വീപിലെ നിഗൂഢ ജീവിതങ്ങൾ: ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരൻ കൊല ചെയ്യപ്പെട്ടത് എങ്ങനെ?

കുടിയേറ്റ സംഘങ്ങള്‍ക്കെതിരെ ആയുധം പ്രയോഗിക്കേണ്ടി വരുമെന്ന് ട്രംപ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍