UPDATES

വിദേശം

യുഎസില്‍ വീണ്ടും തോക്ക് ഭീകരത: ഫ്‌ളോറിഡ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പ്രൊഫഷണല്‍ കളിക്കാര്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്ര വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ, യുഎസ് സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് അക്രമം.

യുഎസിലെ ഫ്ലോറിഡയില്‍ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ സ്വയം വെടിവച്ച് ജീവനൊടുക്കിയ അക്രമിയും ഉള്‍പ്പെടുന്നു. 11 പേര്‍ക്ക് പരിക്കേറ്റതായും വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രൊഫഷണല്‍ കളിക്കാര്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്ര വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ, യുഎസ് സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് അക്രമം. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലുള്ള പ്രമുഖ ഷോപ്പിംഗ് കേന്ദ്രം ജാക്‌സണ്‍ വില്ലെ ലാന്‍ഡിംഗില്‍ ആണ് സംഭവം. പ്രമുഖ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും അറിയപ്പെടുന്ന വീഡിയോഗെയിം നിര്‍മ്മാതാക്കളുമായ ഇഎ (ഇലക്ട്രോണിക് ആര്‍ട്‌സ്) ആണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസ് സെക്രട്ടറി സാറ ഹക്കബിയും സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇതിനിടെ തോക്ക് നിയന്ത്രണം ആവശ്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം തോക്ക് കൈവശം വയ്ക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഗണ്‍ഫ്രീ സോണുകള്‍ ഇല്ലാതാക്കണമെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ വക്താവ് ഡാന ലോഷ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ എല്ലായിടത്തും ഉറപ്പാക്കാന്‍ കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫ്‌ളോറിഡയിലെ പാര്‍ക് ലാന്‍ഡിലുള്ള ഹൈസ്‌കൂളില്‍ ഫെബ്രുവരിയിലുണ്ടായ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. സിവിലിയന്മാരായ സ്വകാര്യ വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സുകള്‍ ലഭിക്കുന്നത് എളുപ്പമല്ലാതാക്കി യുഎസിലെ തോക്ക് ഉപയോഗ ചട്ടങ്ങളും നിയമങ്ങളും പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണ്. നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷവും തോക്കിന്റെ അനിയന്ത്രിതമായ ഉപയോഗവും ഇത്തരം ആക്രമണങ്ങളും നിര്‍ബാധം തുടരുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍