UPDATES

വിദേശം

സംഗീതവും സ്ത്രീ സ്വാതന്ത്ര്യവും: പ്രവാചകന്റെ ഇസ്ലാമിനെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍: സൗദി കിരീടാവകാശി സല്‍മാന്‍

പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് സൗദിയില്‍ സംഗീത തീയറ്ററുകളുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും അടുത്തിടപഴകിയിരുന്നു. ക്രിസ്ത്യാനികളേയും ജൂതന്മാരേയും ബഹുമാനിച്ചിരുന്നു. മദീനയിലെ ആദ്യ കമേഴ്‌സ്യല്‍ ജഡ്ജി ഒരു വനിതയായിരുന്നു. ഇതൊക്കെ അംഗീകരിച്ച പ്രവാചകന്‍ മുഹമ്മദ് മുസ്ലീം ആയിരുന്നില്ലേ – സല്‍മാന്‍ ചോദിക്കുന്നു.

മറ്റ് രാജ്യങ്ങളിലെ അറബ് വസന്തങ്ങള്‍ അടിത്തട്ടില്‍ നിന്ന് മുകളിലേയ്ക്ക് വന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ സൗദിയില്‍ അത് മുകളില്‍ നിന്ന് താഴോട്ടാണ് വന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ തോമസ് എല്‍ ഫ്രീഡ്മാന്റെ അഭിപ്രായം. അഴിമതി വിരുദ്ധ പരിപാടിയെന്ന് പറഞ്ഞ് അല്‍ സൗദ് രാജകുടുംബാംഗങ്ങളായ തന്റെ ബന്ധുക്കളെ, മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവരെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഉത്തരവ് പ്രകാരം തടവിലാക്കിയിരുന്നു. സൗദി അറേബ്യ കുടുംബ നിയന്ത്രണത്തിലുള്ള രാജാധിപത്യത്തില്‍ നിന്ന് സല്‍മാന്റെ ഏകാധിപത്യത്തിലേയ്ക്ക് നീങ്ങുകയാണ് എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ സൗദിയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് തോമസ് ഫ്രീഡ്മാന്‍ റിയാദില്‍ സല്‍മാന്‍ രാജകുമാരനുമായി അഭിമുഖ സംഭാഷണം നടത്തിയിരുന്നു. സൗദിയിലെ പരിഷ്‌കരണങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സല്‍മാന്‍.

1980കള്‍ മുതല്‍ സൗദിയിലെ വിവിധ മേഖലകള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അഴിമതി തുടച്ചുനീക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കാതെ നിവര്‍ത്തിയില്ലെന്ന് സല്‍മാന്‍ പറയുന്നു. തന്റെ പരിഷ്‌കരണ പരിപാടിക്കും അഴിമതി വിരുദ്ധ പോരാട്ടാത്തിനും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് സല്‍മാന്‍ അവകാശപ്പെടുന്നു. 2015ല്‍ അധികാരമേറ്റ ശേഷം തന്റെ പിതാവായ സല്‍മാന്‍ രാജാവാണ് അഴിമതി വിരുദ്ധ നീക്കങ്ങള്‍ സജീവമാക്കിയതെന്ന് സല്‍മാന്‍ രാജകുമാരന്‍ പറയുന്നു. ഇതിനായി രൂപീകരിച്ച ടീം രണ്ട് വര്‍ഷം കൊണ്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കാരെന്ന് ഇരുനൂറോളം പേരെ കണ്ടെത്തി.

വിവരങ്ങള്‍ ലഭ്യമാക്കഴിഞ്ഞപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജിബ് നടപടിയെടുത്തു. അറസ്റ്റ് ചെയ്ത മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം രണ്ട് ഓപ്ഷനുകളാണ് കൊടുത്തത്. അവരെ ഫയലുകള്‍ കാണിച്ചു. 95 ശതമാനം പേര്‍ വ്യവസ്ഥ അംഗീകരിച്ചു. ബിസിനസ് ഷെയറോ പണമോ സൗദി ട്രഷറിക്ക് കൈമാറുക എന്ന വ്യവസ്ഥയാണ് മുന്നോട്ട് വച്ചു. ഒരു ശതമാനം പേര്‍ കുറ്റം ചെയ്തിട്ടില്ലാത്തവരാണ് എന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ അവരെ വെറുതെ വിട്ടു. ബാക്കി നാല് പേരും തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നും കോടതിയില്‍ നിയമനടപടി സ്വീകരിക്കാമെന്ന നിലപാടുള്ളവരുമാണ്. സൗദി നിയമം അനുസരിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തീരുമാനം എടുക്കമാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ ഗവണ്‍മെന്റിന് ഇടപെടാനാവില്ല. രാജാവിന് വേണമെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള അധികാരമുണ്ട്. പക്ഷെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പ്രോസിക്യൂട്ടറാണ്. 100 ബില്യണ്‍ ഡോളറിനോടടുത്ത് ഇത്തരത്തില്‍ സെറ്റില്‍മെന്റ് വഴി ഗവണ്‍മെന്റിന് കിട്ടിയതായാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചത്.

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

1979ലാണ് യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് രീതികള്‍ സൗദിയില്‍ പിടി മുറുക്കിയത്. കൂടുതല്‍ തുറന്ന കമ്പോളവും കൂടുതല്‍ വിദേശ മൂലധന നിക്ഷേപവുമാണ് ലിബറല്‍ പരിഷ്‌കാരങ്ങളിലൂടെ സല്‍മാന്‍ ലക്ഷ്യമിടുന്നത്. ശരീരം മുഴുവനായി മറക്കാത്തത് കാരണം സ്ത്രീകളെ ശകാരിക്കാന്‍ മത പൊലീസിന് അധികാരമില്ലെന്ന് സല്‍മാന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കി. ലിബറല്‍ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് സല്‍മാന്‍ നിലപാട് വിശദീകരിക്കുന്നു. ഞങ്ങള്‍ ഇസ്ലാമിനെ പുനരാഖ്യാനം ചെയ്യുകയാണ് എന്ന് പറയരുത്. ഞങ്ങള്‍ ഇസ്ലാമിനെ പുനസ്ഥാപിക്കുകയാണ് – സല്‍മാന്‍ പറയുന്നു. പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് സൗദിയില്‍ സംഗീത തീയറ്ററുകളുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും അടുത്തിടപഴകിയിരുന്നു. ക്രിസ്ത്യാനികളേയും ജൂതന്മാരേയും ബഹുമാനിച്ചിരുന്നു. മദീനയിലെ ആദ്യ കമേഴ്‌സ്യല്‍ ജഡ്ജി ഒരു വനിതയായിരുന്നു. ഇതൊക്കെ അംഗീകരിച്ച പ്രവാചകന്‍ മുഹമ്മദ് മുസ്ലീം ആയിരുന്നില്ലേ – സല്‍മാന്‍ ചോദിക്കുന്നു.

1950കളില്‍ തല മറയ്ക്കാതെ നടക്കുന്ന സൗദി സ്ത്രീകളുടെ യൂടൂബ് വീഡിയോ മന്ത്രിമാരിലൊരാള്‍ തന്നെ കാണിച്ചതായി തോമസ് ഫ്രീഡ്മാന്‍ പറയുന്നു. സകര്‍ട്ട് ധരിച്ച സ്ത്രീകള്‍, പുരുഷന്മാര്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍ ചേര്‍ന്ന് നടക്കുന്ന സ്ത്രീകള്‍, സംഗീത പരിപാടികള്‍ക്കും സിനിമ തീയറ്ററുകളിലും സ്വതന്ത്രരായി എത്തുന്ന സ്ത്രീകള്‍. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു. അധ്യാപകരെ പരിശീലനത്തിനായി ഫിന്‍ലന്റ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് വിടുന്നു. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഫിസിക്കല്‍ എജുക്കേഷന്‍ അനുവദിച്ചു.

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള ഖൊമെയ്‌നി മിഡില്‍ ഈസ്റ്റിലെ പുതിയ ഹിറ്റ്‌ലര്‍ ആണെന്ന് സല്‍മാന്‍ അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ സംഭവിച്ചത് മിഡില്‍ ഈസ്റ്റിലും സംഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പുതിയ ഹിറ്റ്‌ലറെ ആവശ്യമില്ല – സല്‍മാന്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശരിയായ സമയത്തെ ശരിയായ നേതാവാണ് എന്ന് സല്‍മാന്‍ രാജകുമാരന്‍ അഭിപ്രായപ്പെട്ടു. സൗദി മന്ത്രിമാരില്‍ ഭൂരിഭാഗം പേരും 40-50 പ്രായത്തിലുള്ളവരാണ്. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കാത്ത മതപൗരോഹിത്യത്തിന്റെ പിടി സൗദി ഭരണത്തില്‍ അയയുകയാണ്.

ആശ്ചര്യപ്പെടരുത്; അൽ സഊദ് ഇല്ലാത്ത സൗദി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍