UPDATES

വിദേശം

ഉത്തരകൊറിയ ‘അത്യാധുനിക തന്ത്രപ്രധാന ആയുധം’ പരീക്ഷിച്ചു; ആണവ നിരായുധീകരണത്തില്‍ നിന്ന് പിന്മാറ്റം?

പരീക്ഷണം വിജയകരമാണ് എന്ന് കെസിഎന്‍എ പറയുന്നുണ്ടെങ്കിലും ഏത് തരം ആയുധമാണ് പരീക്ഷിച്ചത് എന്ന് വെളിപ്പെടുത്തുന്നില്ല.

ഉത്തരകൊറിയ ‘അത്യാധുനിക തന്ത്രപ്രധാന ആയുധം’ (Ultramodern Tactical Weapon) പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ (കൊറിയന്‍ സെന്‍ട്രന്‍ ന്യൂസ് ഏജന്‍സി) ആണ്, കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തില്‍ ആയുധ പരീക്ഷണം നടത്തിയതായി വാര്‍ത്ത പുറത്തുവിട്ടത്. അക്കാഡമി ഓഫ് ഡിഫന്‍സ് സയന്‍സിലെ പരീക്ഷണ ഗ്രൗണ്ടില്‍ വച്ച് ആയുധ പരീക്ഷണം നടത്തി എന്നാണ് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്. പരീക്ഷണം വിജയകരമാണ് എന്ന് കെസിഎന്‍എ പറയുന്നുണ്ടെങ്കിലും ഏത് തരം ആയുധമാണ് പരീക്ഷിച്ചത് എന്ന് വെളിപ്പെടുത്തുന്നില്ല.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ നടത്തിയ ചര്‍ച്ചയടക്കം കഴിഞ്ഞ ഒരു വര്‍ഷമായി ആണവനിരായുധീകരണത്തിനും മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തുന്നതിനുമുള്ള സന്നദ്ധതയും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു ഉത്തരകൊറിയ. പ്രധാന ആണവായുധ പരീക്ഷണ കേന്ദ്രങ്ങള്‍ അവര്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയയുടെ പിന്മാറ്റമാണോ പുതിയ ആയുധപരീക്ഷണം സൂചിപ്പിക്കുന്നത് എന്ന ആശങ്ക അമേരിക്ക അടക്കമുള്ളവര്‍ക്കുള്ളതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

കിം ജോങ് ഉന്നിന്റെ സമാധാന ശ്രമങ്ങളെ ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചിരുന്നു. ജൂണില്‍ സിംഗപ്പൂരില്‍ ഇരുവരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആണവനിരായുധീകരണത്തിനുള്ള സന്നദ്ധത വ്യക്തമാക്കുന്ന രേഖയില്‍ ഇരുവരും ഒപ്പ് വയ്ക്കുകയും ചെയ്തിരുന്നു. അതേസമയം ഈ ഡോക്യുമെന്റ് സംബന്ധിച്ച് രൂക്ഷമായ അഭിപ്രായഭിന്നതയാണ് പിന്നീട് യുഎസും ഉത്തരകൊറിയയും പ്രകടിപ്പിച്ചത്. ഇത് തുടര്‍ചര്‍ച്ചകളെ തടസപ്പെടുത്തി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആയുധ പരീക്ഷണ വാര്‍ത്ത, യുഎസ് – ഉത്തരകൊറിയ ബന്ധം വീണ്ടും വഷളാക്കാന്‍ ഇടയുണ്ട്. അതേസമയം തന്ത്രപ്രധാനം എന്ന വാക്ക് ഉപയോഗിച്ചതിലൂടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലോ ആണവായുധമോ പരീക്ഷിച്ചിട്ടില്ല എന്നാണ് ഉത്തരകൊറിയ ഉദ്ദേശിക്കുന്നത് എന്ന വിലയിരുത്തലുണ്ട്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയും പറയുന്നില്ല.

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നിര്‍ത്തിവച്ചത് ഭാഗികമായാണ് എന്നും കൃത്യമായ നിയന്ത്രണവും നിരീക്ഷണവുമില്ലെങ്കില്‍ ഈ പരീക്ഷണം വ്യക്തമാക്കുന്നതായി ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൈന്റിസ്റ്റ്‌സിലെ ആഡം മൗണ്ട് പ്രതികരിച്ചു. ഇത് ഉന്നതതല ചര്‍ച്ചയ്ക്ക് മുന്നോടിയായി ഉത്തരകൊറിയ, അമേരിക്കയ്ക്ക് നല്‍കുന്ന മുന്നറിയിപ്പാണെന്ന് സിയോളിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കൊറിയയ സ്റ്റഡീസിന്റെ ഭാഗമായ പ്രൊഫ.യാങ് മൂ ജിന്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ ക്ഷണ നശിക്കുകയാണ് എന്നാണ് ഉത്തരകൊറിയ നല്‍കുന്ന സന്ദേശം. സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷം ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ മാസം ആദ്യം ഇത് ചെറിയ തോതില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു.

യുഎസുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടി: ആണവായുധ പരീക്ഷണ കേന്ദ്രം ഉത്തരകൊറിയ നശിപ്പിക്കും; വിദേശ മാധ്യമങ്ങള്‍ക്ക് ക്ഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍