UPDATES

വിദേശം

ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തണം, പ്രകോപനമുണ്ടാക്കരുത്: ഉത്തരകൊറിയയോട് ചൈന

ഉത്തരകൊറിയയെ ലക്‌ഷ്യം വച്ച് ദക്ഷിണകൊറിയയില്‍ താഡ് ബാലിസ്റ്റിക് മിസൈല്‍ വിന്യസിക്കുന്ന പരിപാടി അമേരിക്ക ഉപേക്ഷിക്കണമെന്ന് ചൈനീസ് അംബാസഡര്‍ ലിയു ജിയെയി ആവശ്യപ്പെട്ടു.

ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിക്കരുതെന്നും ഉത്തരകൊറിയയോട് ചൈന ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയയ്ക്ക് മേല്‍ പുതിയ ഉപരോധത്തിനുള്ള അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ ചേര്‍ന്ന യോഗത്തിനിടെ ആയിരുന്നു ഇത്. ഏകകണ്‌ഠേനയാണ് ഉത്തരകൊറിയയ്‌ക്കെതിരായ പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയത്. യുഎന്‍ തീരുമാനം ആണവായുധ പദ്ധതി സംബന്ധിച്ച് പ്രായോഗികബുദ്ധിയോടെ, ശരിയായ നിലപാട് സ്വീകരിക്കാന്‍ ഉത്തരകൊറിയയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേമയം ദക്ഷിണകൊറിയയും അമേരിക്കയും സംഘര്‍ഷങ്ങളുണ്ടാക്കരുതെന്നും ഐക്യരാഷ്ട്ര സംഘടനയിലെ ചൈനീസ് അംബാസഡര്‍ ആവശ്യപ്പെട്ടു. കൊറിയന്‍ മേഖലയിലെ സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണെന്ന് ചൈന വിലയിരുത്തി.

മനിലയിലെ യോഗത്തിന് മുമ്പ് ഉത്തരകൊറിയ രണ്ടാമത്തെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇത് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പരിപാടി ഫലപ്രദമായി തടയുക എന്നത് തന്നെയാണ് യുഎന്‍ നിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചര്‍ച്ചകളിലൂടെ മേഖലയില്‍ പടിപടിയായി ആണവനിരായുധീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നതായും വാങ് യി വ്യക്തമാക്കി. സംഘര്‍ഷമൊഴിവാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അതേസമയം ഇതിനോടുള്ള ഉത്തരകൊറിയയുടെ പ്രതികരണം ലഭ്യമല്ല.

ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ നടപടി ആവശ്യമുണ്ടെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി പ്രതികരിച്ചു. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുള്ള ഭീഷണി ഓരോ ദിവസവും കൂടി വരുകയാണെന്നും നിക്കി ഹാലി അഭിപ്രായപ്പെട്ടു. അതേസമയം ഉത്തരകൊറിയയെ ലക്‌ഷ്യം വച്ച് ദക്ഷിണകൊറിയയില്‍ താഡ് ബാലിസ്റ്റിക് മിസൈല്‍ വിന്യസിക്കുന്ന പരിപാടി അമേരിക്ക ഉപേക്ഷിക്കണമെന്ന് ചൈനീസ് അംബാസഡര്‍ ലിയു ജിയെയി ആവശ്യപ്പെട്ടു. ഇത് മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഒരു തരത്തിലും സഹായിക്കില്ലെന്നും മറിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുകയെന്നും ലിയു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍