UPDATES

വിദേശം

ആക്രമണോത്സുക ദേശീയതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഒബാമ

ട്രംപിനെ കുറിച്ച് നേരിട്ട് പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും യുഎസില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അദ്ദേഹം അഭിപ്രായപ്രകടനം നടത്തി. ഇത് ഇന്ത്യ, ഇന്തോനേഷ്യ പോലെ അസഹിഷ്ണുത വളരുന്ന രാജ്യങ്ങള്‍ക്കൊക്കെ ബാധകമാണെന്നതും ശ്രദ്ധേയമാണ്.

ആക്രമണോത്സുക ദേശീയതയ്‌ക്കെതിരെ ആഞ്ഞടിച്ച് യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. അക്രമോത്സുകമായ ദേശീയതയ്‌ക്കെതിരെയും ചില രാജ്യങ്ങള്‍ളില്‍ വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ വിദ്വേഷങ്ങള്‍ക്കെതിരെയും കരുതിയിരിക്കണമെന്ന് ശനിയാഴ്ച ഇന്തോനേഷ്യയില്‍ നടന്ന ഒരു ചടങ്ങിനെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ്, ഇന്ത്യ, ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളില്‍ സമീപകാലത്ത് വികസിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരെയുള്ള ആഖ്യാനമായി മാറുന്നതായിരുന്നു ഒബാമയുടെ മുന്നറിയിപ്പ്.

സഹിഷ്ണുതയ്ക്കും സൗമ്യതയ്ക്കും പരസ്പര ബഹുമാനത്തിനും വേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യയായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത വ്യക്തമാണെന്ന് താന്‍ കുട്ടിക്കാലം ചിലവഴിച്ച ജക്കാര്‍ത്തയെക്കാള്‍ പതിന്മടങ്ങ് വികസിച്ച ഇപ്പോഴത്തെ ജക്കാര്‍ത്തയെ ചൂണ്ടിക്കാട്ടി അദ്ദേഹം ശ്രോതാക്കളോട് പറഞ്ഞു. പക്ഷെ സമൃദ്ധിയോടൊപ്പം തന്നെ ആഗോളതലത്തില്‍ തന്നെ നിരവധി പുതിയ പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുണ്ടെന്ന് ഒബാമ ഓര്‍മ്മിപ്പിച്ചു. അസമത്വവും ആഗോള ഭീകരതയും പോലെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളെ നേരിടാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കേണ്ടുന്ന ഒരു സാഹചര്യത്തില്‍ ആക്രമണോത്സകവും കൂടുതല്‍ ഒറ്റപ്പെട്ടതുമായ നിലപാടുകള്‍ സ്വീകരിക്കാനാണ് ചില രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും ഒബാമ ചൂണ്ടിക്കാട്ടി.

സഹിഷ്ണുതയ്ക്കും മിതത്വത്തിനും പരസ്പര ബഹുമാനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ലോകം നിലകൊള്ളാതിരിക്കുകയും നമ്മളെ തന്നെയും നമ്മള്‍ നേടിയെടുത്തതിനെയും സംശയിക്കുകയും ചെയ്യുന്നപക്ഷം ഇതുവരെയുണ്ടായ പുരോഗതി ഭാവിയില്‍ നിലനിറുത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ആളുകള്‍ ജനാധിപത്യത്തിനെതിരെയും പത്രസ്വാതന്ത്ര്യത്തിനെതിരെയും വാദിക്കുന്നത് നമ്മള്‍ കാണേണ്ടി വരും. അസഹിഷ്ണുതയും ഗോത്ര വിഭജനങ്ങളും വംശീയ വിഭജനങ്ങളും മത വിഭജനങ്ങളും വര്‍ദ്ധിക്കുകയും കലാപങ്ങള്‍ പെരുകുകയും ചെയ്യും.


ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ

സമീപകാലത്ത് അസഹിഷ്ണുതയുടെ തീക്ഷ്ണ ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന രാജ്യമാണ് ഇന്തോനേഷ്യ. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് മറ്റ് മതവിഭാഗങ്ങളോട് തീരെ സഹിഷ്ണുത പുലര്‍ത്താത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയുടെ അടുത്ത അനുയായിയും ജക്കാര്‍ത്ത ഗവര്‍ണറുമായിരുന്ന ബാസുകി ത്ജാഹാജ പുര്‍നാമയെ മുസ്ലീം പുരോഹിതരുടെയും തീവ്ര ഇസ്ലാം സംഘടനകളുടെയും ആവശ്യത്തെ തുടര്‍ന്ന് ജയിലില്‍ അടച്ചിരുന്നു. ദൈവനിന്ദയാണ് അഹോക് എന്ന് അറിയപ്പെടുന്ന ജക്കാര്‍ത്ത ഗവര്‍ണര്‍ ചെയ്ത കുറ്റം എന്നായിരുന്നു ആരോപണം. അദ്ദേഹത്തെ തടവിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഇസ്ലാമിക സംഘടനകള്‍ വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അഹോക്കിനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധി വലിയ ഞെട്ടലോടെയാണ് രാജ്യത്തെ ലിബറലുകള്‍ കേട്ടത്. വംശീയ, മത വൈര്യങ്ങള്‍ മൂലം രാജ്യത്തിന്റെ ബഹുസ്വര ജനാധിപത്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്ന് അവര്‍ ഭയക്കുന്നു.

എന്നാല്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് വിദോദോയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു ഒബാമയുടെ പ്രസംഗം. എല്ലാ ഇന്തോനേഷ്യക്കാര്‍ക്കും നന്മ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന, ഇച്ഛാശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള നേതാവാണ് വിദോദോ എന്ന് ഒബാമ പറഞ്ഞു. കെനിയക്കാരനായ പിതാവിന്റെയും അമേരിക്കക്കാരിയായ മാതാവിന്റെയും പുത്രനാണ് ഒബാമ. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ ഒരു ഇന്തോനേഷ്യക്കാരനെ പുനര്‍വിവാഹം ചെയ്‌തോടെ ഒബാമയുടെ ആറാമത്തെ വയസ്സില്‍ കുടുംബം ജക്കാര്‍ത്തയിലേക്ക് മാറിയിരുന്നു. തന്റെ രണ്ടാനച്ഛന്‍ മുസ്ലീം വിശ്വാസങ്ങള്‍ക്കനുസരിച്ച് വളര്‍ന്ന ആളാണെങ്കിലും ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും അദ്ദേഹം അനുസ്മരിച്ചിരുന്നതായി ഒബാമ പറഞ്ഞു. സ്വന്തം വിശ്വാസത്തില്‍ ദൃഢത ഉള്ളെടുത്തോളം കാലം മാറ്റുള്ളവരുടെ വിശാസത്തെക്കുറിച്ച് ഒരാള്‍ക്ക് ആശങ്കപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം ശ്രോതാക്കളെ ഓര്‍മ്മിപ്പിച്ചു.

ട്രംപിനെ കുറിച്ച് നേരിട്ട് പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും യുഎസില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അദ്ദേഹം അഭിപ്രായപ്രകടനം നടത്തി. ഇത് ഇന്ത്യ, ഇന്തോനേഷ്യ പോലെ അസഹിഷ്ണുത വളരുന്ന രാജ്യങ്ങള്‍ക്കൊക്കെ ബാധകമാണെന്നതും ശ്രദ്ധേയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാജ പ്രചാരണങ്ങള്‍, വിദ്വേഷം, സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ജനങ്ങളുടെ അജ്ഞത തുടങ്ങിയ വിഷയങ്ങളിലൊക്കെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാരീസ് കാലവസ്ഥ കരാറില്‍ നിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും ഒബാമ സൂചിപ്പിച്ചു. അമേരിക്ക നയപരമായി കരാറില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതികമായി ഇപ്പോഴും അവര്‍ അതില്‍ അംഗമായി തുടരുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഭരണകാലത്ത് കാലവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്നും പിന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഇന്തോനേഷ്യയുടെ അടിസ്ഥാന പ്രമാണത്തില്‍ നിന്നും വ്യതിചലിച്ചാല്‍ അത് സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കുമാവും നയിക്കുകയെന്നും ഒബാമ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍