UPDATES

വിദേശം

നെറ്റ്ഫ്ലിക്സില്‍ ഇനി ഒബാമ ഷോ; ഒപ്പം മിഷേലും

ലക്ഷ്യം ആഗോളവേദി; ട്രംപുമായി നേരിട്ട് ഏറ്റുമുട്ടില്ല

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉയര്‍ന്ന നിലവാരമുള്ള പരിപാടികള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച്, നെറ്റ്ഫ്ലിക്സുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുകയാണ്. വൈറ്റ്ഹൌസില്‍ നിന്ന് പടിയിറങ്ങിയതിനു ശേഷം ഒരു ആഗോളവേദി ഉണ്ടാക്കിയെടുക്കാന്‍ ഇതു സഹായിക്കുമെന്ന് ഈ ചര്‍ച്ചകളില്‍ പങ്കാളികളായിട്ടുള്ള ചിലര്‍ വെളിപ്പെടുത്തി.

ഇനിയും അന്തിമമായിട്ടില്ലാത്ത നിര്‍ദ്ദിഷ്ട കരാറിന്റെ ഉടമ്പടികളനുസരിച്ച് ലോകമെമ്പാടുമായി 118മില്യണ്‍ വരിക്കാര്‍ ഉള്ള നെറ്റ്ഫ്ലിക്സിന് മാത്രം നല്‍കുന്ന പ്രത്യേക ഉള്ളടക്കത്തിന് ഒബാമയ്ക്കും അദ്ദേഹത്തിന്റെ പത്നി മിഷേലിനും കമ്പനി പ്രതിഫലം നല്കും. പരിപാടിയുടെ രൂപഘടനയും എപ്പിസോഡുകളുടെ എണ്ണവും ഇനിയും തീരുമാനിച്ചിട്ടില്ല.

പ്രസിഡന്റ് ‍ട്രംപിനോടോ കണ്‍സെര്‍വേറ്റീവ് വിമര്‍ശകരോടോ നേരിട്ട് പ്രതികരിക്കാനായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാന്‍ ഒബാമ ഉദ്ദേശിക്കുന്നില്ലെന്നാണ് ചര്‍ച്ചകളെപ്പറ്റി അറിയാവുന്നവര്‍ പറയുന്നത്. പ്രചോദനാത്മകമായ കഥകളെ ഉയര്‍ത്തിക്കാട്ടുന്ന പരിപാടികള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ഒബാമ സംസാരിച്ചതെന്ന് അവര്‍ പറയുന്നു.

ഫോക്സ് ന്യൂസിനോ ബ്രെയ്റ്റ്ബാര്‍ട്ട്.കോമിനോ നേരിട്ടുള്ള മറുപടി അല്ലെങ്കില്‍പ്പോലും നെറ്റ്ഫ്ലിക്സുമായുള്ള കരാര്‍, ഒബാമക്ക് പൊതുജനങ്ങളുമായി നിയന്ത്രണങ്ങളില്ലാത്ത ആശയവിനിമയത്തിന് ഇടം നല്കും. 101മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്സ് ഒബാമക്കുണ്ട്, 55മില്യണ്‍ ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുമുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹം എത്തിപ്പെടുന്ന ഇത്തരം ആള്‍ക്കാരുടെ അത്രതന്നെ എണ്ണം പ്രേക്ഷകരെ ഇതിലൂടെ ലഭിക്കും.

ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ആരോഗ്യപരിപാലനം, വോട്ടവകാശം, കുടിയേറ്റം, വിദേശനയങ്ങള്‍, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഒന്നിച്ചുനിന്നിരുന്ന അമേരിക്കന്‍ സമ്മതിദായകര്‍ ട്രംപിന്റെ ഭരണകാലത്ത് ധ്രുവീകരിക്കപ്പെട്ടതിനെ കുറിച്ചുമുള്ള സംഭാഷണങ്ങളുടെ മോഡറേറ്ററാകുന്ന പരിപാടിക്ക് സാധ്യതയുണ്ട് എന്നാണ് കരുതപ്പെടുന്നത്.

വൈറ്റ്ഹൌസിലുണ്ടായിരുന്ന സമയത്ത് മിഷേല്‍ ഒബാമ പ്രാഗത്ഭ്യം തെളിയിച്ച പോഷകാഹാരം അടക്കമുള്ള വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്യുന്ന ഒരു പരിപാടിയും പരിഗണയിലുണ്ട്. അവരുടെ വിശ്വാസങ്ങളോടും മൂല്യങ്ങളോടും ഇണങ്ങുന്ന ഡോക്യുമെന്ററികളോ കഥാ പരിപാടികളോ നെറ്റ്ഫ്ലിക്സില്‍ അവതരിപ്പിക്കാന്‍ മുന്‍പ്രസിഡന്റിനും മുന്‍ പ്രഥമവനിതയ്ക്കും അനുവാദം ഉണ്ട്.

മീഡിയ ബിസിനസ്സില്‍ ഒബാമമാര്‍ക്ക് അനുഭവം കുറവായതിനാല്‍ അവര്‍ക്ക് എത്ര പ്രതിഫലം നല്കുമെന്നത് വ്യക്തമായിട്ടില്ല. റയാന്‍ മര്‍ഫിയെ 21stസെഞ്ച്വറി ഫോക്സില്‍ നിന്ന് വശീകരിക്കാനായി 300 ഡോളര്‍ മൂല്യമുള്ള അഞ്ചുകൊല്ലത്തെ കരാര്‍ നെറ്റ്ഫ്ലിക്സ് ഈയടുത്ത് ഒപ്പിട്ടിരുന്നു. പക്ഷേ, റയാന്‍ മര്‍ഫി ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രിയമുള്ള നിര്‍മ്മാതാക്കളില്‍ ഒരാളാണ് എന്നതോര്‍ക്കണം.

ഒബാമ ഉണ്ടാക്കിയ പാരമ്പര്യത്തെ പൂര്‍വ്വസ്ഥിതിയിലാക്കുവാനുള്ള ട്രംപിന്റെ സംഘടിതശ്രമങ്ങളെക്കുറിച്ച് നേരിട്ടുള്ള വാഗ്വാദം ശ്രദ്ധയോടെ ഒബാമ ഒഴിവാക്കുന്നുണ്ടെങ്കിലും, 55വയസ്സുള്ളപ്പോള്‍ വൈറ്റ്ഹൌസ് വിടേണ്ടിവന്ന ഒബാമ രാജ്യത്തെ ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുടര്‍ന്നും ഇടപെടും എന്നതിന്റെ തെളിവാണ് ഈ കരാര്‍. രാഷ്ട്രീയം, സാങ്കേതികവിദ്യ, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂടിച്ചേരലില്‍ മുന്‍ പ്രസിഡന്റ് തല്പരനാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.

സ്വന്തമായി പ്രക്ഷേപണസേവനങ്ങളുള്ള ആപ്പിള്‍, ആമസോണ്‍ കമ്പനികളുടെ എക്സിക്യൂട്ടീവുകള്‍ ഒബാമയുടെ പരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള കരാറിനെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതായി നെറ്റ്ഫ്ലിക്സ് ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്ന ചിലര്‍ പറയുന്നു.

വളരെ ലളിതമായ ജീവിതശൈലിയാണ് മുന്‍ പ്രസിഡന്റ് വൈറ്റ്ഹൌസ് വിട്ടശേഷം നിലനിര്‍ത്തുന്നത്. വളരെയധികം പ്രതീക്ഷ നല്കുന്നതും 60 മില്യണ്‍ ഡോളറുകളിലധികം പ്രതിഫലം ലഭിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുകയാണ് അദ്ദേഹവും പത്നിയും. യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിലും ലോകമെമ്പാടും പ്രഭാഷണങ്ങള്‍ നടത്തുന്നതിന് ആയിരക്കണക്കിന് ഡോളറുകള്‍ പ്രതിഫലം ഒബാമക്ക് ലഭിക്കുന്നുണ്ട്. ഒബാമമാര്‍ ഇപ്പോഴും താമസിക്കുന്ന വാഷിങ്ടണില്‍ വളരെ വിരളമായേ പൊതുഇടങ്ങളില്‍ അവരെ കാണാറുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍