UPDATES

വിദേശം

പാക്കിസ്ഥാനില്‍ 27 എന്‍ജിഒകള്‍ക്ക് പൂട്ട്

അനുമതിയില്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തനം നടത്തരുതെന്ന് 27 അന്താരാഷ്ട്ര സന്നദ്ധ സംഘടനകളോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു

അനുമതിയില്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തനം നടത്തരുതെന്ന് 27 അന്താരാഷ്ട്ര സന്നദ്ധ സംഘടനകളോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ പ്രവര്‍ത്തനം 90 ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാനാണ് 27 എന്‍ജിഒകളോട് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം അന്ത്യശാസനം നല്‍കിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്ഷന്‍ എയ്ഡ്, വേള്‍ഡ് വിഷന്‍, പ്ലാന്‍ ഇന്റര്‍നാഷണല്‍, ട്രോകെയര്‍, പാത്ത്‌ഫൈന്റര്‍ ഇന്റര്‍നാഷണല്‍, ഡാനിഷ് റഫ്യൂജി കൗണ്‍സില്‍ എന്നിവ 27 എന്‍ജിഒകളില്‍ ഉള്‍പ്പെടുന്നു.

അവരുടെ അധികാരപരിധിയ്ക്ക് പുറത്തുള്ളതും അതിനാല്‍ തന്നെ നിയമപരമായി ന്യായീകരണമില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ടാണ് എന്‍ജിഒകള്‍ അടച്ചുപൂട്ടുന്നതെന്ന് പാകിസ്ഥാന്‍ ആഭ്യന്തരകാര്യ സഹമന്ത്രി താലാല്‍ ചൗധരി പറഞ്ഞു. എന്‍ജിഒകള്‍ അവരുടെ പണമെല്ലാം ഭരണപരമായ കാര്യങ്ങള്‍ക്കാണ് ചിലവഴിക്കുന്നതെന്നും അവര്‍ വാഗ്ദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും അവര്‍ക്ക് അനുമതി നല്‍കിയിട്ടില്ലാത്ത പ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലും സംഘടനയുടെ പേരെടുത്ത് പറയാതെ അദ്ദേഹം ആരോപിച്ചു. തങ്ങളുടെ 11 അംഗങ്ങള്‍ക്ക് മന്ത്രാലയം പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ട് കത്ത് നല്‍കിയതായി 63 അന്താരാഷ്ട്ര സഹായ സംഘങ്ങള്‍ പ്രതിനിധീകരിക്കുന്ന പാകിസ്ഥാന്‍ ഹ്യുമാനിറ്റേറിയന്‍ ഫോറം (പിഎച്ച്എഫ്) അറിയിച്ചു.

അനുമതി നിഷേധിച്ചതിന് കാരണങ്ങള്‍ ഒന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. 11 സംഘടനകളും അപ്പീല്‍ നല്‍കുമെന്ന് പിഎച്ച്എഫ് അറിയിച്ചു. തങ്ങള്‍ 1.6 ദശലക്ഷം കുട്ടികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് 1997 മുതല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്റര്‍നാഷണല്‍ പറഞ്ഞു. പാകിസ്ഥാനില്‍ തുടര്‍ന്നുകൊണ്ട് പ്രാന്തവല്‍കൃതരും അശരണരുമായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അപ്പീല്‍ പ്രക്രിയ സഹായിക്കും എന്ന പ്രതീക്ഷയിലാണ് സംഘടനയുടെ പ്രവര്‍ത്തകര്‍.

എന്നാല്‍ അധികൃതര്‍ മുന്നോട്ട് വെക്കുന്നത് മറ്റൊരു കാരണമാണ്. 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ചൗധരി പറയുന്നു. ഭീകരവാദത്തിനെതിരായ ആഗോള യുദ്ധത്തില്‍ അമേരിക്കയുമായി പാകിസ്ഥാന്‍ കൈകോര്‍ത്തതിന് ശേഷം മാനുഷിക സഹായങ്ങള്‍ നല്‍കുന്നതിനെന്ന് പറഞ്ഞാണ് മിക്ക സംഘടനകളും പാകിസ്ഥാനില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇവയില്‍ പലതിനെയും അറിഞ്ഞോ അറിയാതെയോ പാകിസ്ഥാന്റെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ചൗധരി ആരോപിക്കുന്നു. സമീപകാലത്ത് ആഭ്യന്തര, അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് നേരെ കര്‍ശനമായ സമീപനമാണ് പാകിസ്ഥാന്‍ സ്വീകരിച്ചുവരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒറ്റയ്ക്കല്ല. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സന്നദ്ധ സംഘടനകളെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്ന ആരോപണം തന്നെയാണ് ഇവിടെയും എന്‍ജിഒകള്‍ക്ക് നേരെ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സംഭാവനകളുടെ കണക്കുകള്‍ തെറ്റായി സമര്‍പ്പിച്ചു എന്ന് പറഞ്ഞ് വിദേശസഹായം ലഭിക്കുന്ന ആയിരക്കണക്കിന് സന്നദ്ധ സംഘടനകളുടെ അംഗീകാരമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ള റദ്ദാക്കിയത്. ചൈനയിലും സമാനമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍, ഫണ്ടകള്‍ എന്നിവയെ കുറിച്ച് അന്വേഷിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും അടച്ചുപൂട്ടുന്നതിനും പോലീസിന് വിശാലമായ അധികാരങ്ങളാണ് നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍