UPDATES

വിദേശം

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദ്ദാരി വ്യാജ ബാങ്ക് അക്കൗണ്ട്‌ കേസില്‍ അറസ്റ്റില്‍

നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയാണ് (എന്‍എബി) ഇസ്ലാമബാദിലെ വീട്ടില്‍ നിന്ന് സര്‍ദ്ദാരിയെ അറസ്റ്റ് ചെയ്തത്.

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദ്ദാരിയെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തു. നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ (എന്‍എബി) 15 അംഗ സംഘമാണ് ഇസ്ലാമബാദിലെ വീട്ടില്‍ നിന്ന് സര്‍ദ്ദാരിയെ അറസ്റ്റ് ചെയ്തത് എന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍എബിയുടെ റാവല്‍പിണ്ടി ഓഫീസിലേയ്ക്കാണ് സര്‍ദാരിയെ കൊണ്ടുപോയത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയുടെ പിതാവുമാണ് ആസിഫ് അലി സര്‍ദ്ദാരി. സര്‍ദ്ദാരിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. 2008 മുതല്‍ 2013 വരെ പാകിസ്താന്‍ പ്രസിഡന്റായിരുന്നു ആസിഫ് അലി സര്‍ദ്ദാരി.

അറസ്റ്റ് തടയുന്ന മുന്‍കൂര്‍ ജാമ്യം നീട്ടണമെന്ന സര്‍ദ്ദാരിയുടെ ആവശ്യം ഇസ്ലാമബാദ് ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍ദ്ദാരിയെ എന്‍എബി-പൊലീസ് സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. വ്യാജ അക്കൗണ്ട് കേസില്‍ സര്‍ദ്ദാരിക്ക് പുറമെ സഹോദരി ഫര്‍യാല്‍ താല്‍പൂരും പ്രതിയാണ് എന്നാണ് ഫര്യാലിന് വാറണ്ട് നല്‍കിയിട്ടില്ല. 440 കോടി രൂപ വ്യാജ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയെന്നതാണ് കേസ്. ഇതില്‍ 3 കോടി രൂപ സര്‍ദ്ദാരിയുടെ സ്ഥാപനങ്ങള്‍ക്ക് രണ്ട് തവണയായി ലഭിച്ചതായി എന്‍എബി പറയുന്നു.

ഇസ്ലാമബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആസിഫ് അലി സര്‍ദ്ദാരിയുടെ ലീഗല്‍ ടീം ആലോചിക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ചര്‍ച്ചയിലാണ് പിപിപിയും.

എന്താണ് ഫേക്ക് അക്കൗണ്ട് കേസ്?

2015ല്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് വ്യാജ അക്കൗണ്ട് കേസില്‍ അന്വേഷണം തുടങ്ങിയത്. സമ്മിറ്റ് ബാങ്ക്, സിന്ധ് ബാങ്ക് യുബിഎല്‍ എന്നിവയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നത്. 29 ബിനാമി അക്കൗണ്ടുകള്‍ വഴി. കൈക്കൂലി പണമടക്കമുള്ളവയുടെ കൈമാറ്റത്തിനാണ് സര്‍ദ്ദാരിയും സഹോദരിയുമടക്കമുള്ള ഏഴ് ആരോപണവിധേയര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് എന്നാണ് എന്‍എബിയുടെ കണ്ടെത്തല്‍. കേസ് അന്വേഷണത്തിലെ മന്ദഗതി ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെട്ട് നോട്ടീസ് നല്‍കുകയും സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

സംശയകരമായ 33 അക്കൗണ്ടുകളാണ് ജെഐടി (ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം) കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 170 പേരെ നോ ഫ്‌ളൈയിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശത്ത് പോകുന്നത് തടഞ്ഞിരുന്നു. 210 കമ്പനികള്‍ക്ക് ഇടപാടുകളുമായി ബന്ധമുണ്ട് എന്നാണ് എന്‍എബി പറയുന്നത്. ഇതില്‍ 47 കമ്പനികളും 334 പേരും ഓംനി ഗ്രൂപ്പുമായി ബന്ധപ്പെട്ടവരാണ്. സര്‍ദാരിയുടെ അടുത്ത ബന്ധുവാണ് ഓംനി ഗ്രൂപ്പിന്റെ ഉടമ. ഓംനി ഗ്രൂപ്പിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും സ്വത്തുകള്‍ കണ്ടുകെട്ടാനും പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍