UPDATES

വിദേശം

തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: അന്വേഷണത്തോട് സഹകരിക്കുമെന്ന് ട്രംപിന്റെ മുന്‍ കാംപെയിന്‍ മാനേജര്‍

റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണം പ്രസിഡന്റ് ട്രംപിനെ വലിയ പ്രതിസന്ധിയിലേയ്ക്കാണ് നയിക്കുന്നത്. മാന്‍ഫോര്‍ട്ടിന്റെ നിലപാട് റോബര്‍ട്ട് മുള്ളറുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് എസ് മുള്ളറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനായിരുന്ന പോള്‍ മാന്‍ഫോര്‍ട്ട്. തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും മുള്ളറോട് പറയാമെന്ന് മാന്‍ഫോര്‍ട്ട് സമ്മതിച്ചു. യുഎസ് രാഷ്ട്രീയത്തില്‍ വലിയ വിവാദമായി മാറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ അട്ടിമറി ആരോപണത്തില്‍ സ്‌പെഷല്‍ കോണ്‍സല്‍ അന്വേഷണം അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നതായാണ് സൂചന.

മാന്‍ഫോര്‍ട്ടിന്റെ നിലപാട് റോബര്‍ട്ട് മുള്ളറുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. മികച്ചൊരു സാക്ഷിയെ സ്‌പെഷല്‍ കോണ്‍സലിന് കിട്ടിയിരിക്കുന്നു. സ്‌പെഷല്‍ കോണ്‍സലുമായുള്ള ധാരണ പ്രകാരമാണ് വിവരങ്ങള്‍ വെളിപ്പെടുത്താല്‍ മാന്‍ഫോര്‍ട്ട് സന്നദ്ധത അറിയിച്ചിരിക്കുന്നത്. വാഷിംഗ്ടണിലെ ഫെഡറല്‍ കോടതിയിലാണ് മാന്‍ഫോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ഗൂഢാലോചനകളില്‍ മാന്‍ഫോര്‍ട്ട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണം പ്രസിഡന്റ് ട്രംപിനെ വലിയ പ്രതിസന്ധിയിലേയ്ക്കാണ് നയിക്കുന്നത്. അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമായി ട്രംപ് പല ഘട്ടത്തിലും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരം ട്രംപിന്റെ മകന്‍ അടക്കമുള്ളവര്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധമുള്ള റഷ്യന്‍ അഭിഭാഷകയുമായി ചേര്‍ന്ന് ഗുഢാലോചന നടത്തിയെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് എതിരായും ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം കൊണ്ടുവരുന്ന തരത്തില്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍