UPDATES

വായിച്ചോ‌

നെഹ്രു – ഗാന്ധി ഐക്കണ്‍ ചിത്രം പകര്‍ത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ മാക്സ് ഡെസ്ഫര്‍ക്ക് വിട

കൊറിയന്‍ യുദ്ധമാണ് ഡെസ്ഫറിനെ പ്രശസ്തനാക്കിയത്. 1950ലെ കൊറിയന്‍ യുദ്ധത്തിനിടെ നൂറ് കണക്കിന് അഭയാര്‍ത്ഥികള്‍ തകര്‍ന്ന പാലത്തിലൂടെ മുട്ടിലിഴഞ്ഞ് നീങ്ങുന്ന ദൃശ്യം അവിസ്മരണീയമാണ്.

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുള്ള വിഖ്യാത ഫോട്ടാഗ്രാഫര്‍ മാക്‌സ് ഡെസ്ഫര്‍ അന്തരിച്ചു. 104 വയസായിരുന്നു. യുഎസിലെ മേരിലാന്‍ഡിലുള്ള സില്‍വര്‍ സ്പ്രിംഗില്‍ ഫെബ്രുവരി 19നായിരുന്നു അന്ത്യം. യുഎസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന മാക്‌സ് ഡെസ്ഫര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐക്കണ്‍ ചിത്രങ്ങള്‍ പകര്‍ത്തി ശ്രദ്ധേയനായി. സ്വാതന്ത്ര്യസമര കാലത്ത് പലപ്പോഴായി ഇന്ത്യയിലെത്തിയിട്ടുള്ള അദ്ദേഹമാണ് മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും ചേര്‍ന്നിരിക്കുന്ന ഐക്കണ്‍ ചിത്രങ്ങളിലൊന്ന് ക്യാമറയില്‍ പകര്‍ത്തിയത്.

കൊറിയന്‍ യുദ്ധമാണ് ഡെസ്ഫറിനെ പ്രശസ്തനാക്കിയത്. 1950ലെ കൊറിയന്‍ യുദ്ധത്തിനിടെ നൂറ് കണക്കിന് അഭയാര്‍ത്ഥികള്‍ തകര്‍ന്ന പാലത്തിലൂടെ മുട്ടിലിഴഞ്ഞ് നീങ്ങുന്ന ദൃശ്യം, മഞ്ഞില്‍ പുതഞ്ഞ അഭയാര്‍ത്ഥിയുടെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന കൈവിരലുകള്‍ തുടങ്ങിയ ഫോട്ടോകളെല്ലാം വലിയ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊറിയന്‍ യുദ്ധ ചിത്രങ്ങളാണ് 1951 ഡെസ്ഫറിനെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ന്യൂയോര്‍ക്കിലെ ബ്രോംക്‌സില്‍ 1913 നവംബര്‍ എട്ടിനാണ് മാക്‌സ് ഡെസ്ഫറിന്റെ ജനനം. ബ്രൂക്ലിന്‍ കോളേജിലെ പഠനത്തിന് ശേഷം അസോസിയേറ്റഡ് പ്രസില്‍ ചേര്‍ന്നു. മെസഞ്ചര്‍ എന്ന നിലയിലാണ് എപിയില്‍ ചേര്‍ന്നത്. പിന്നീട് ഫോട്ടോഗ്രഫിയുടെ അടിസ്ഥാന പാഠങ്ങള്‍ സ്വയം പഠിച്ചെടുത്തു. 1938ല്‍ ബാള്‍ട്ടിമോര്‍ ബ്യൂറോയില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായി. പിന്നീട് വാഷിംഗ്ടണ്‍ ബ്യൂറോയിലേയ്ക്ക് മാറി. രണ്ടാം ലോക യുദ്ധ കാലത്ത് ഹിരോഷിമയില്‍ ആറ്റം ബോംബ് വിക്ഷേപിച്ച സംഘത്തിന്റെ ചിത്രം ഡെസ്ഫര്‍ പകര്‍ത്തി. 1945 സെപ്റ്റംബര്‍ രണ്ടിന് രണ്ടാം ലോകയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ജപ്പാന്റെ കീഴടങ്ങല്‍ ചടങ്ങ് യുദ്ധക്കപ്പലായ മിസൂറിയില്‍ വച്ച് മാക്‌സ് ഡെസ്ഫര്‍ പകര്‍ത്തി.

 


കൊറിയന്‍ യുദ്ധവുമായി ബന്ധപ്പെട്ട് മാക്‌സ് ഡെസ്ഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ന്യൂസ് ഫോട്ടോഗ്രഫിയുടെ എല്ലാ ഗുണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എന്ന് 1951ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ഭാവന, വ്യക്തിപരമായ സുരക്ഷ അവഗണിച്ചുകൊണ്ടുള്ള ധീരമായ പ്രവൃത്തി തുടങ്ങിയവയെ ജൂറി പ്രശംസിച്ചു. തായ്‌ഡോംഗ് ബ്രിഡ്ജിലൂടെ ഇഴഞ്ഞുനീങ്ങുന്ന അഭയാര്‍ത്ഥികളുടേതടക്കം 50ലകം വരുന്ന ഡെസ്ഫറിന്റെ കൊറിയന്‍ യുദ്ധ ചിത്രങ്ങളെ പുലിറ്റ്‌സര്‍ ജൂറി ആദരിച്ചു.

വായനയ്ക്ക്: https://goo.gl/ZPWZ4f

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍